IFFK 2019: ഫെർണാണ്ടോ സോളാനസിന്റെ ‘ജേർണി’ മൌനിയ മെസ്സിന്റെ ‘പാപ്പിച്ച,’ മേളയിലെ ഏറ്റവും ശ്രദ്ധേയമായ ‘പാരസൈറ്റ്’ അങ്ങനെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം മികച്ച ചലച്ചിത്രങ്ങളെക്കൊണ്ട് ശ്രദ്ധേയമായി. ലീ ചാങ് ഡോങ്ന്റെ ‘ബേണിങ്’ ആയിരുന്നു മറ്റൊരു ശ്രദ്ധേയ മായ ചലച്ചിത്രം.
അൾജീരിയൻ സമൂഹം രാഷ്ട്രീയപരമായും മതപരമായും നേരിടുന്ന സ്വത്വ പ്രതിസന്ധികളുടെ സ്വാതന്ത്രാവിഷ്ക്കാരമാണ് ‘പാപ്പിച്ച’. കടുത്ത സ്ത്രീ വിരുദ്ധതയും മതപരമായ അധികാരം ഉപയോഗിച്ചുള്ള അടിച്ചമർത്തലുകൾക്കും എതിരെ ശബ്‌ദമുയർത്താൻ ശ്രമിക്കുന്ന ഒരു പെണ്കുട്ടിയുടെ കഥയാണ് ‘പാപ്പിച്ച.’ പശ്ചിമ പൂർവേഷ്യയുടെ യാഥാസ്ഥിതിക മുഖവും അള്ജീരിയയുടെ സാമൂഹിക അവസ്ഥയിലേക്കും അതു സഞ്ചരിക്കുന്നുണ്ട്.
ഒരുപക്ഷേ വിവാദമായേക്കാവുന്ന പല തരത്തിലുള്ള പരാമർശങ്ങൾ ഉള്ളതിനാൽ കാണികളിൽ എത്ര ശതമാനത്തിന് ചിത്രത്തിന്റെ യഥാർത്ഥ സത്ത ഉൾക്കൊള്ളാൻ സാധിച്ചു എന്നതിൽ സംശയമുണ്ട്.
സിനിമ ചിലപ്പോൾ വലിയൊരു വിപ്ലവം തന്നെ ഉണ്ടാക്കും. ആഴത്തിൽ അതുണ്ടാക്കുന്ന മുറിവ് നീറിക്കൊണ്ടിരിക്കും,അഭിനയത്തികവും ഛായാഗ്രഹണ മികവും കൊണ്ട് ‘പാപ്പിച്ച’ വ്യത്യസ്തത പുലർത്തുന്നു. അറബ് വസന്തത്തിനു ശേഷമുള്ള മത മൗലിക വാദങ്ങളുടെ ശക്തിയാർജ്ജിക്കൽ എങ്ങനെയാണെന്ന് കൂടി ‘പാപ്പിച്ച’ പറഞ്ഞു വയ്ക്കുന്നുണ്ട്.
IFFK 2019: സോളാനസിന്റെ ‘ജേർണി’യും ‘പാരസൈറ്റും’ ഒരേ രീതിയിൽ ലോകത്തിൽ മുതലാളിത്ത വ്യവസ്ഥ നിർമ്മിക്കുന്ന ഭീഷണിയെ തുറന്നു കാണിക്കുന്നുണ്ട്. 91 ൽ ഇറങ്ങിയ ‘ജേർണി’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായ ആഗോള താപനത്തെ പ്രവചനാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. അച്ഛനെ തേടിപ്പോകുന്ന മകൻ എന്ന ബിംബത്തിൽ ഊന്നി മറ്റനേകം ബിംബങ്ങളിലൂടെ ലാറ്റിനമേരിക്കൻ വൻകര നേരിടുന്ന പ്രതിസന്ധികളെ സൊളാനസ് ഇടതുപക്ഷ വീക്ഷണത്തിൽ അവതരിപ്പിക്കുന്നു. മുട്ടുകാലിൽ ടെന്നീസ് കളിക്കുന്ന ജോർജ് ഡബ്ള്യൂ ബുഷ്ന്റെ സീൻ മതി. അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികൾ തങ്ങളെ എങ്ങനെയാണ് തോല്പിക്കുന്നത് എന്ന് കാണിച്ചു തരാൻ. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൂടെയുള്ള ഒരു ദീർഘദൂര സഞ്ചാരവും അവരുടേതായ തനതു സംസ്കാരങ്ങളിലൂടെയുള്ള അന്വേഷണവുമാകുന്നു ‘ജേർണി.’

IFFK 2019: തൊഴിലില്ലായ്മയുടെയും അതിനെ തുടര്‍ന്നുണ്ടാകുന്ന അനേകം സംഭവങ്ങളുടെയും തുടർച്ചയാണ് ‘പാരസൈറ്റ്.’ വലതുപക്ഷ ചേരിയിലേക്കും മതമൗലിക വാദത്തിലേക്കും ലോകം ഒരു തിരിച്ചു പോക്ക് നടത്തുന്നതായാണ് പല ചിത്രങ്ങളും തുറന്നു കാണിക്കുന്നത്. ആഭ്യന്തര സംഘർഷങ്ങളും, യുദ്ധവും, അഭയാർത്ഥി പ്രശ്നങ്ങളും, സാമ്പത്തിക രംഗത്തെ യുദ്ധങ്ങളും സാധാരണക്കാരന്റെ ജീവനെ ഏതു തരത്തിൽ ബാധിക്കുന്നു എന്നാണ് മിക്ക ഏഷ്യൻ- ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ ചിത്രങ്ങളും കാണിച്ചു തരുന്നത്.
സ്വസ്ഥവും സ്വതന്ത്രവുമായ ഒരു ജീവിതം അന്യമായിപ്പോകുന്ന മനുഷ്യരുടെ യാതനകളും ആന്തരിക സംഘർഷങ്ങളും ഒന്നിൽ നിന്നും മറ്റൊരു കഥയായി മാറുന്നുണ്ട്. മേളയിലെ സിനിമകളുടെ പൊതുസ്വഭാവം ഇതു തന്നെയാണ്. സത്യത്തിൽ അതിലൊരു അതിശയോക്തിയുടെ കാര്യം വരുന്നില്ല. ലിബിയയും അള്ജീരിയയും ഇറാഖും,.. ആഭ്യന്തര സംഘര്‍ഷങ്ങളാണ് നേരിടുന്നതെങ്കിൽ അമേരിക്കൻ രാജ്യങ്ങൾ സാമ്പത്തിക അസമത്വവും തൊഴിലില്ലായ്മയും നേരിടുന്നു. രണ്ടിന്റെയും അവസാനം അസ്വസ്ഥമാകുന്ന മനുഷ്യർ എന്ന അവസ്ഥയിൽ അവസാനിപ്പിക്കാം.
ആദ്യത്തെ മൂന്ന് ദിവസത്തെ ചിത്രങ്ങളുടെ പൊതുസ്വഭാവം ഇതുതന്നെ ആണെങ്കിലും അടുത്ത ദിവസങ്ങളിലെ ചിത്രങ്ങൾ കാത്തിരുന്നു കാണേണ്ടത് തന്നെയാണ്. സാമ്രാജ്യത്വ വിരുദ്ധ മുന്നണിയിൽ നിൽക്കുന്ന പ്രസ്ഥാനങ്ങളും അതിന് നേതൃത്വം നൽകുന്ന മൂന്നാം ലോക രാജ്യങ്ങളിലെ കലാ സാംസ്കാരിക പ്രവർത്തകരും എക്കാലവും തങ്ങളുടേതായ ചെറുത്തു നിൽപ്പ് എല്ലാക്കാലത്തും നടത്തിയിട്ടുണ്ട്. സിനിമ പലപ്പൊഴും പ്രതിരോധത്തിന്റെ ഏറ്റവും വലിയ മാർഗ്ഗമാകുന്നത് ഇങ്ങനെയാണ്…
IFFK 2019: മുഖ്യധാരാ സിനിമാ സംസ്കാരവും സമാന്തര സിനിമയുടെ സ്വഭാവവും പരിശോധിച്ചാൽ ആദ്യത്തേത് ശക്തമായ ക്യാപ്പിറ്റലിസ്റ്റ് ചിന്താഗതിയെ പിന്തുണക്കുന്നതായും ഹോളിവുഡ് സിനിമകളുടെ വ്യാവസായിക ഭാഗമാകുകയും ചെയ്യുന്നു. പ്രതിരോധം യഥാർത്ഥത്തിൽ രണ്ടാമത്തേതിൽ മാത്രമായി ഒതുങ്ങുന്നു. അവ പലപ്പോഴും സാമ്പ്രദായികമായ എല്ലാത്തിനെയും വെല്ലുവിളിക്കുന്നു. എന്തു തന്നെയായാലും അതിന് ചിലതിനെയെങ്കിലും മാറ്റി മറിക്കാൻ കഴിയുന്നുണ്ട്.
ഹോളിവുഡ് സിനിമയുടെ രാഷ്ട്രീയവും സമാന്തര സിനിമയുടെ രാഷ്ട്രീയവും തമ്മിൽ ഒരു പോരാട്ടമുണ്ട്. രണ്ടു വിധം ആസ്വാദകരെ മുൻ നിർത്തിയുള്ള ആ പോരാട്ടം ഉണ്ടാക്കുന്ന സംവാദമാണ് പുതു സിനിമകളുടെയും ആശയങ്ങളുടെയും പിറവിക്ക് കാരണമാകുന്നതും.
Read Here: IFFK 2019: ലൂയി ബുനുവൽ ഇഫക്റ്റ്