IFFK 2019, Parasite: ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നതാണ് ബോങ് ജൂണ്‍-ഹോയുടെ ‘പാരസൈറ്റ്.’ ആധുനിക കൊറിയയിലെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും കഥ പറയുന്ന ചിത്രം അസാധാരണമായ രീതിയിൽ പ്രേക്ഷകരെ അതിന്റെ വലയത്തിലാക്കുന്നു. ഒരു ട്രാജിക്കോമെഡിയായും ആക്ഷേപഹാസ്യമായും ചിത്രീകരിച്ചിരിക്കുന്ന ചിത്രം അസമത്വത്തെക്കുറിച്ചുള്ള സുധീരമായ ഒരു പരിശോധനയാണ് നടത്തിയിരിക്കുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ (Palme d’Or) നേടുന്ന ആദ്യം കൊറിയന്‍ ചിത്രമെന്നുളള അംഗീകാരവും ‘പാരസൈറ്റി’നുണ്ട്.
‘മെമ്മറീസ് ഓഫ് മര്‍ഡർ,’ ‘മദർ,’ ‘ഒക്ജാ,’ ‘ദി ഹോസ്റ്റ്,’ ‘സ്‌നോപിയേഴ്‌സർ’ എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനായ ബോങ് ജൂണ്‍-ഹോ -യും, ഹാന്‍ ജിന്‍-വണ്‍ -ഉം ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആക്ഷേപഹാസ്യത്തിൽ തുടങ്ങി ഒടുവിൽ രക്തച്ചൊരിച്ചിലിലേക്കുള്ള, ഒരു ജാലവിദ്യ പോലെ ശീഘ്രഗതിയിലുള്ള പ്രയാണമാണ് ‘പാരസൈറ്റ്.’
‘ക്ലാസ് ക്രോധ’ത്തിന്റെ കയ്പേറിയ രക്തമുള്ള, ഇരുണ്ടതും ആവേശകരവുമായ ആഖ്യാനത്തിലൂടെ ‘പാരസൈറ്റ്’
നാടകം, സാമൂഹിക വ്യാഖ്യാനം, സ്ലാഷർ, സൃഷ്ടിയുടെ സവിശേഷത, കൊലപാതക രഹസ്യം, സസ്യാഹാരത്തിനുള്ള മാനിഫെസ്റ്റോ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ദരിദ്രർക്ക് എന്നെങ്കിലും സമ്പന്നരുടെ ലോകത്തേക്ക് കാലെടുത്തു വയ്ക്കാൻ കഴിയുമോ? എന്ന ചോദ്യമാണ് സിനിമയുടെ അടിസ്ഥാനം.
IFFK 2019, Parasite: കിം കി-ടേക്ക് (Kim Ki-taek), ഭാര്യ ചുങ്-സൂഖ് (Chung-ssok), മകളായ കി-ജോങ് (Ki-jeong), മകനായ കി-വൂ (Ki-woo) എന്നിവര്‍ അടങ്ങുന്നതാണ് കിം കുടുംബം. അവര്‍ ദാരിദ്ര്യത്തിന്റെ വക്കിലാണ്. ഒരു സെമി-ബേസ്മെന്റ് ഭാഗത്ത് ജീവിക്കുന്ന ഈ കുടുംബം ഡെലിവറി കമ്പനിക്കായി പിസ്സ ബോക്സുകൾ അസംമ്പിൾ ചെയ്യുന്നു. അടുത്തുള്ള കോഫി ഷോപ്പിൽ നിന്ന് വൈ-ഫൈ മോഷ്ടിക്കുന്നു, ഒപ്പം പകർച്ചവ്യാധികളെ നേരിടാൻ അയൽപക്കത്തെ ഫ്യൂമിഗേറ്റ് ചെയ്യുമ്പോൾ സ്വന്തം വാതിലുകൾ തുറന്നിടുന്നു. ഒരു സുഹൃത്ത് താൻ ജോലി ചെയ്യുന്ന ഇടത്ത് ഒരു പെൺകുട്ടിയുടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ശുപാർശ ചെയ്യാൻ വാഗ്ദാനം ചെയ്യുമ്പോൾ കിം കി-വൂവിന്റെ ജീവിതം മാറിമറിയുന്നു. തന്റെ സുഹൃത്തിന് കുറച്ചു കാലത്തേക്ക് രാജ്യത്തിന് പുറത്തേക്ക് പോകണം. സുഹൃത്ത് ആ പെൺകുട്ടിയുമായി പ്രണയത്തിലുമാണ്. കിം കി-വൂവിനെ അയാൾ വിശ്വസിക്കുന്നത് കൊണ്ടും മറ്റൊരു അദ്ധ്യാപകൻ അവളെ തട്ടിയെടുക്കാതിരിക്കാൻ വേണ്ടിയുമാണ് കി-വൂവിനെ ശുപാർശ ചെയ്യുന്നത്.
ഈ കുടുംബത്തിന്റെ വിപരീത സ്വഭാവം കാണിക്കുന്നതാണ് പാർക്ക് കുടുംബം. വ്യവസായിയായ ഡോങ്-ഇക് (Dong-ik), ഭാര്യ യിഓണ്‍-ഗ്യോ (Yeon-gyo), സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളായ ഡാ-ഹ്യേ -ഉം (Da-hye) ഡാ-സുങ് -ഉം (Da-sung) അടങ്ങുന്നതാണ് പാര്‍ക്ക് കുടുംബം.
കി-വൂ തന്റെ പേര് കെവിൻ എന്ന് മാറ്റി പാർക്ക് ഡ-ഹേയെ പഠിപ്പിക്കാൻ തുടങ്ങുന്നു. പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് അവര്‍ തമ്മില്‍ പ്രണയത്തിലാകുന്നു. കെവിന് അവന്റെതായ പദ്ധതികളുണ്ട്. അവൻ തന്റെ കുടുംബത്തെ മുഴുവൻ ഈ വീട്ടിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നു. കെവിന്റെ സഹോദരി കി-ജോങ്, ജെസീക്ക എന്ന പേരിൽ പാർക്ക് കുടുംബത്തിലെ ഡാ-സുങിന്റെ ആർട്ട് ട്യൂട്ടറായി കുടുംബത്തിലേക്ക് പ്രവേശിക്കുന്നു. പിന്നീടുള്ള സംഭവവികാസങ്ങളിൽ കി-വൂ താമസിയാതെ തന്നെ തന്റെ അമ്മയെയും അച്ഛനെയും ഡ്രൈവർ ആയും ജോലിക്കാരിയായും വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നു. ആ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്ന ജോലിക്കാരിയായ മൂണ്‍-ഗ്വാങ് -നെ (Moon-gwang) നീക്കം ചെയ്താണ് കി-വൂ തന്റെ അമ്മയെ അവിടെ കയറ്റിയത്. കിം കുടുംബവും പാർക്ക് കുടുംബവും സന്തോഷമായിരിക്കുന്നു എന്ന് പ്രേക്ഷകന് തോന്നുന്ന ഇടത്ത് കാര്യങ്ങള്‍ മാറിമറിയുന്നു.
സാമൂഹ്യപദവി, അഭിലാഷം, ഭൗതികവാദം, പുരുഷാധിപത്യ കുടുംബം, സേവക-ക്ലാസ് എന്നീ ആശയങ്ങൾ വളരെ വ്യക്തമായി വിഭാവനം ചെയ്യുന്ന വിചിത്രമായ ഒരു ബ്ലാക്ക് കോമഡിയാണ് ‘പാരസൈറ്റ്.’ ദരിദ്ര ദൈനംദിന ജീവിത വ്യഗ്രതകളും അല്ലലില്ലാത്ത ധനികരുടെ അലസതയും നാണയത്തിന്റെ ഇരുവശങ്ങളില്‍ എന്ന പോലെ വരച്ചു കാട്ടി ചിത്രം ഹൃദയസ്പര്‍ശിയാകുന്നു.
ആഖ്യാനപരമായി നോക്കിയാല്‍, ഒരു തികഞ്ഞ വിനോദചിത്രത്തിന്റെ ഘടകങ്ങള്‍ എല്ലാം നിറഞ്ഞതാണ് ‘പാരസൈറ്റ്.’ സമ്പന്നർ ദരിദ്രരെ ചവിട്ടാന്‍ ശ്രമിക്കുമ്പോൾ ദരിദ്രർ സമ്പന്നരുടെ പദവിയിലേക്ക് ഉയരാൻ ആഗ്രഹിക്കുകയും അതിനായി കഠിനപ്രയത്‌നങ്ങൾ ചെയ്യുകയും ചെയ്യുന്നു. ഒരിക്കലുംപൂർണ്ണമായും നശിപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ക്ലാസ്സ് ഹൈറാർക്കി സമൂഹത്തിലുണ്ട് എന്ന് ഈ സിനിമ വ്യക്തമാക്കുന്നു. ഏതൊരു രാജ്യത്തെയും സമ്പന്നർ ദരിദ്രരുടെ അധ്വാനത്തിൽ ജീവിക്കുന്നു, അത് വീട്ടുജോലിക്കാർ, അദ്ധ്യാപകർ, ഡ്രൈവർമാർ, എന്നിങ്ങനെ ഏതു ജോലിയെടുത്താലും അത് വ്യക്തമാണ്. കിമ്മിന്റെ കുടുംബത്തിലൂടെ ആ അസ്വാസ്ഥ്യത്തെയും അസമത്വത്തിന്റെ ക്രൂരതയെയും മനസിലാക്കാൻ സാധിക്കും.

വികസിതരാഷ്ട്രങ്ങളും മൂന്നാം ലോക രാജ്യങ്ങളും തമ്മിലുള്ള അകലം ഈ സിനിമയിലെ രണ്ടു വിഭാഗത്തിലുള്ള കുടുംബങ്ങളിൽ പ്രകടമാണ്. കിം കുടുംബം ദിവസേനയുളള ഭക്ഷണം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ പാർക്ക് കുടുംബം മാസങ്ങളോളം ഉപയോഗിക്കാനുള്ള സാധനങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്നു. രണ്ടു കുടുംബങ്ങളും നുക്ലിയർ കുടുംബങ്ങളാണ്. തിരക്കിനിടയിൽ ഒന്നിച്ചിരിക്കാന്‍ പോലും സമയം കിട്ടാത്ത പാര്‍ക്ക് കുടുംബത്തിന്റെ നേര്‍വിപരീതമാണ് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കിം കുടുംബം. സ്വാതന്ത്ര്യം അനുഭവിക്കുന്ന കിം കുടുംബത്തിലെ കുട്ടികളെ അപേക്ഷിച്ച് പാർക്ക് കുടുംബത്തിലെ കുട്ടികൾ പല തരത്തിലുള്ള നിയന്ത്രണത്തിൽ കഴിയുന്നവരാണ്. വേദനകളും ആകുലതകളും രണ്ടു കുടുംബങ്ങളിലും വ്യത്യസ്തമാണ്. സേവകയായ മൂണ്‍-ഗ്വാങ് കടക്കെണിയിൽപെട്ട തന്റെ ഭര്‍ത്താവിനെ ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നത് പാര്‍ക്ക് കുടുംബത്തിന്റെ ബേസ്മെന്റിലാണ്.
ചിത്രത്തിന്റെ ആദ്യ പകുതി കഥാപാത്ര രൂപീകരണത്തിനും അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കുമ്പോൾ രണ്ടാം പകുതിയിൽ അവിശ്വസനീയമാണ് ജീവിത യാഥാര്‍ഥ്യങ്ങള്‍ പുറംതോട് പൊളിച്ചു കടന്നു വരുന്നത്. കി-ടേക്കിന്റെ വിയർപ്പിന്റെ ദുർഗന്ധം വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഡോങ്-ഇക് നിർദയരായ സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണ്.
തീവ്രത കൂടി വരുന്ന കഥാഗതി ഒരേ സമയം സന്തോഷവും വിഷാദവും പകരുന്നു. ബോംഗ് നമ്മെ ഞെട്ടിക്കുന്ന രീതിയിലുള്ള അന്ത്യ രംഗങ്ങളാണ് അൺപാക്ക് ചെയ്യുന്നതെന്ന് കഥാഗതിയില്‍ മനസ്സിലാവുകയേയില്ല. അഭിനേതാക്കള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. മെമ്മറീസ് ഓഫ് മര്‍ഡര്‍, സ്‌നോപിയേഴ്‌സര്‍, ദി ഹോസ്റ്റ്, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ കിം കി-ടേക്കിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
കഥാപാത്രങ്ങൾ തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനോട് അടുക്കുന്തോറും നമ്മെ ഞെട്ടിക്കുന്ന രീതിയിൽ ട്രാക്ക് മാറി എല്ലാം തകർന്നു വീഴുന്നു. സാർവത്രിക വിഷയമായ ‘haves and have-nots’ തമ്മിലുള്ള പൊരുത്തക്കേടുകൾ കാട്ടുന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ശ്രദ്ധേയമാണ്. ഒരു ഓർക്കസ്ട്ര കണ്ടക്ടറെപ്പോലെ പിരിമുറുക്കവും നര്‍മ്മവും തുടങ്ങി ചിത്രം പറയുന്ന എല്ലാം ആശയങ്ങള്‍ക്കും കൃത്യമായ സംഗീത അളവുകളുണ്ട്. നല്ല തിരക്കഥയുടെ ഉത്തമ ഉദാഹരണമാണ് ‘പാരസൈറ്റ്.’ ട്വിസ്റ്റുകളാൽ സമ്പുഷ്ടമായ ചിത്രം. ബോംഗ് തന്റെ സിനിമാ വൈദഗ്ദ്ധ്യം ഒരു മൂർച്ചയുള്ള ആയുധം പോലെ ഈ ചിത്രത്തില്‍ പ്രയോഗിക്കുന്നു.
Read Here: IFFK 2019: മൂന്ന് പെണ്‍കുട്ടികളുടെ കഥ