IFFK 2019: കേരള രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബര്‍ ആറിന് തുടങ്ങാനിരിക്കെ, സിനിമകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍. മേളയുടെ നടത്തിപ്പുകാരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സ്വജനപക്ഷപാതം, കച്ചവട സിനിമയോടുള്ള വിധേയത്വം തുടങ്ങിയ പരാതികളാണ് ചലച്ചിത്രമേളയില്‍നിന്നു തിരസ്കരിക്കപ്പെട്ട ചിത്രങ്ങളുടെ സംവിധായകര്‍ക്കുള്ളത്. സിനിമകളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുകള്‍  ഉണ്ടായിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.

‘ദി പാര്‍സല്‍’ എന്ന ബംഗാളി ചിത്രത്തിന്റെ സംവിധായകനായ ഇന്ദ്രസിസ് ആചാര്യയാണ് ഐഎഫ്എഫ്കെ തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.

“എന്റെ സിനിമയുടെ വീഡിയോ ലിങ്കാണ് ഐഎഫ്എഫ്കെയിലേക്ക് അയച്ചുകൊടുത്തത്. വിമിയോ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഞാൻ സിനിമ അപ്ലോഡ് ചെയ്തിരുന്നത്. തെരഞ്ഞെടുത്ത സിനിമകളുടെ ലിസ്റ്റില്‍ എന്റെ ചിത്രം ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ വിമിയോ പരിശോധിച്ചു. അപ്പോഴാണ്‌ ചിത്രം അവര്‍ കണ്ടിട്ടില്ലെന്നു മനസിലായത്‌. വിമിയോ പോലെയുള്ള പ്ലാറ്റ്ഫോമുകളില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ട വീഡിയോകളുടെ വ്യൂസിന്റെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്തയാള്‍ക്ക് അറിയാന്‍ സാധിക്കും. അതിന്റെ പശ്ചാത്തലത്തിലാണ്  പരാതിയുമായി  അക്കാദമിയെ സമീപിച്ചത്,” ഇന്ദ്രസിസ് ആചാര്യ പറഞ്ഞു.

“സെപ്റ്റംബര്‍ 19ന് എന്റെ ചിത്രം ഡൌൺലോഡ് ചെയ്ത് കണ്ടുവെന്നാണ് അക്കാദമി ഭാരവാഹികള്‍ നല്‍കിയ വിശദീകരണം. ഡൗൺലോഡ് ഓപ്ഷൻ ഡിസേബിൾഡ് ആയിരുന്നു. അതിനാൽ അവര്‍ക്ക്  സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ അയച്ച, ഒറിജിനല്‍ ലിങ്ക് മുഖേന സിനിമ കണ്ടിരുന്നെങ്കിൽ എനിക്ക് ഉടനടി വിമിയോവിൽനിന്നു നോട്ടിഫിക്കേഷൻ ലഭിക്കുമായിരുന്നു. അതുമുണ്ടായില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇവർ സിനിമ കണ്ടെന്നു പറയുന്നത്? അവർ ആ സിനിമ കണ്ടിട്ടില്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”

ഋതുപര്‍ണ സെന്‍ഗുപ്ത, സസ്വതാ ചാറ്റര്‍ജി എന്നിവര്‍ അഭിനയിച്ച ‘ദി പാര്‍സല്‍’ നെറ്റ്പാക് ജോഗ്ജ ചലച്ചിതമേള, കൊല്‍കൊത്ത രാജ്യാന്തര ചലച്ചിത്രമേള എന്നിവിടങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബംഗാളിലെ യുവസംവിധായകരില്‍ ശ്രദ്ധേയനാണ് ഇന്ദ്രസിസ് ആചാര്യ. ‘ബിലു റക്ഖോഷ്’, ‘പ്യൂപ’ എന്ന അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങള്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ മേളകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

Read Here: IFFK 2019: പരിമിതികളുണ്ട്, പക്ഷേ നിലവാരം കുറയില്ല: മേളയെക്കുറിച്ച് ബീനാ പോള്‍

Image may contain: 1 person, hat, sunglasses and close-up

ഇന്ദ്രസിസ് ആചാര്യ

ഐഎഫ്എഫ്കെ നിയമാവലിയില്‍ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള നിയമങ്ങളെല്ലാം പാലിച്ചാണ് സിനിമകൾ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് മേളയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ പറഞ്ഞു.

“എല്ലാ തവണയും പോലെ വിവിധ വിഭാഗങ്ങളിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ നടത്താനായി ഇത്തവണയും കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അവര്‍ കണ്ടു വിലയിരുത്തി, സിനിമകള്‍ തെരഞ്ഞെടുക്കുകയായിരുന്നു. കണ്ട സിനിമകളുടെ ലോഗ് സൂക്ഷിക്കുന്ന പതിവും അക്കാദമിയിലുണ്ട്. ഈ പറയുന്ന സിനിമ എപ്പോള്‍ കണ്ടു, എങ്ങനെ കണ്ടു എന്നതിന്റെ വിശദാംശങ്ങള്‍ പറയാന്‍ സാധിക്കുക ഇതിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡയറക്ടറിനായിരിക്കും,”  ബീന പോൾ പറഞ്ഞു.

ഓരോ വിഭാഗത്തിന്റെ തെരഞ്ഞെടുപ്പിനും നിയോഗിക്കപ്പെട്ട കമ്മിറ്റി അംഗങ്ങള്‍, ചിത്രങ്ങള്‍ കണ്ട് വിലയിരുത്തി ഒപ്പിട്ടുതരികയാണ് ചെയ്യുന്നതെന്നാണ് പ്രോഗ്രാമിങ് ചുമതല വഹിക്കുന്ന ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. ഷാജി പറഞ്ഞു.

“സംവിധായകൻ അയച്ചുതന്ന ലിങ്ക് തന്നെയാണ് കമ്മിറ്റി കണ്ടത്. ഡൗൺലോഡ് ചെയ്തിട്ടില്ല. ഒരു തെറ്റിദ്ധാരണയുടെ പേരിലാകാം ഇന്ദ്രസിസ് അത്തരം ഒരു വാദം ഉന്നയിച്ചത്. കമ്മിറ്റി ആ സിനിമ കണ്ടുവെന്നുള്ളതിനുള്ള തെളിവുകൾ അക്കാദമിയുടെ കൈയിലുണ്ട്,” ഷാജി വ്യക്തമാക്കി.

പി ടി കുഞ്ഞുമുഹമ്മദദിന്റെ അധ്യക്ഷതയില്‍ എം.സി രാജനാരായണന്‍, പ്രദീപ്‌ ചൊക്ലി, സജിതാ മഠത്തില്‍, സിദ്ധാര്‍ത്ഥ ശിവ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് ‘ഇന്ത്യന്‍ സിനിമ നൗ’ എന്ന വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നടത്തിയത്.

Reform IFFK

“ഇത്തവണ ഐ എഫ് എഫ് കെയുടെ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുപ്പിനായി എത്തിയത് 203 ചിത്രങ്ങളാണ് . തെരഞ്ഞെടുപ്പ് കമ്മിറ്റി പതിനെട്ടു ദിവസം കൊണ്ട് ഇത്രയും സിനിമകൾ കണ്ടു തെരഞ്ഞെടുത്തതെന്ന് പറയുന്നു, അങ്ങനെയാണെങ്കിൽ ഒരു ദിവസം അവർ ശരാശരി പതിനൊന്നു ചിത്രങ്ങൾ കണ്ടിരിക്കണം. അത് മനുഷ്യ സാധ്യമാണോ? ഇതൊക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്,” ചലച്ചിത്ര അക്കാദമിയുടെ പക്ഷപാത സമീപനത്തെയും കച്ചവട സിനിമയോടുള്ള വിധേയത്വത്തെയും തിരുത്താനായി രൂപം കൊണ്ട, ‘Reform IFFK’ എന്ന മൂവ്മെന്റിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായ സംവിധായകന്‍ സന്തോഷ്‌ ബാബുസേനന്‍ ചോദിക്കുന്നു.

സന്തോഷും സഹോദരന്‍ സതീഷ്‌ ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത രണ്ടു സിനിമകളും – ‘ഇരുട്ട്’, ‘ചായം പൂശിയ വീട് പാര്‍ട്ട് 2-മായ’ – ഇത്തവണ ഐ എഫ് എഫ് കെ പരിഗണിച്ചില്ല. ഇതേ സംവിധായകരുടെ ‘മറവി’ എന്ന ചിത്രം 2017ലെ ഐ എഫ് എഫ് കെയുടെ ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

“മലയാളത്തിന്റെ കാര്യമെടുത്താല്‍, ഇത്തവണ എട്ടു മുഖ്യധാരാ സിനിമകളാണ് മേളയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കാര്യമായ പ്രദര്‍ശനവേദികള്‍ ഒന്നുമില്ലാത്ത, സമാന്തര പരീക്ഷണ ചിത്രങ്ങൾ തഴഞ്ഞുകൊണ്ടാണ് തിയേറ്റര്‍ റിലീസും ഡിവിഡി റിലീസുമൊക്കെ കഴിഞ്ഞസിനിമകള്‍ക്ക് വീണ്ടും പ്രദര്‍ശനാവസരം നല്‍കുന്നത്. സമകാലിക കമേഴ്സ്യല്‍-പോപ്പുലര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കണം എന്നുണ്ടെങ്കില്‍ അവയ്ക്ക് വേറെ വിഭാഗം ആകാമല്ലോ,” സന്തോഷ്‌ ബാബുസേനൻ കൂട്ടിച്ചേര്‍ത്തു.

No photo description available.

സന്തോഷ്‌ ബാബുസേനന്‍

ടി.വി ചന്ദ്രൻ, വി.കെ ജോസഫ് പോലെയുള്ള സമാന്തര സിനിമയുടെ വക്താക്കളാണ് മലയാള സിനിമ സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നതെന്നും അവര്‍ തിരഞ്ഞെടുത്ത സിനിമകളാണ് ഇപ്പോള്‍ ലിസ്റ്റില്‍ ഉള്ളതെന്നുമാണ് ബീനാ പോള്‍ പറഞ്ഞത്.

“അവരുടെ തീരുമാനങ്ങളിൽ അക്കാദമി കൈ കടത്തിയിട്ടില്ല. പോപ്പുലർ സിനിമയ്ക്കു വേണ്ടി പ്രത്യേകം വിഭാഗം വേണമെന്ന വാദമൊക്കെ ഇപ്പോഴാണ് ഉയർന്നുവരുന്നത് . അങ്ങനെയൊരു ആശയം അടുത്ത തവണ പരിഗണിക്കാവുന്നതാണ്. അക്കാദമി എല്ലാ നിയമങ്ങളും പാലിച്ചാണ് സിനിമകൾ സെലക്ട് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ എന്തെങ്കിലും മാറ്റം വേണമോയെന്ന കാര്യം അടുത്ത വര്‍ഷം കൂടിയാലോചിച്ചു തീരുമാനിക്കാവുന്നതാണ്,” ബീന പോൾ പറഞ്ഞു.

ഡിസംബര്‍ ആറു മുതല്‍ പതിനാലു വരെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇരുപത്തിനാലാം പതിപ്പ് തിരുവനന്തപുരത്ത് നടക്കാനിരിക്കെ, തിരഞ്ഞെടുപ്പുകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് ‘റിഫോം ഐ എഫ് എഫ് കെ’ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook