IFFK 2019: നോവലിസ്റ്റ്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ സമകാലിക ടിബറ്റൻ സംസ്കാരത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രധാന വ്യക്തികളിൽ ഒരാളാണ് പെമ സെഡെൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബലൂൺ’ (ക്വി ക്യു) അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളായ ‘താർലോ’ (2015), ‘ജിൻപ’ (2018) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 76-ാം പതിപ്പിൽ പ്രദർശിപ്പിച്ച ചിത്രം കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും കഷ്ടപ്പാടിന്‍റെയും പരിശോധനയാണ്. ഈ നയത്തിലൂടെ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളാണ് സിനിമ പറയുന്നത്.
ചിത്രത്തിന്റെ തുടക്കത്തിൽ ഒരു മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നിൽക്കുന്നു. രണ്ട് കുരുന്നുകളുടെ കൈയിലുള്ള നിറമില്ലാത്ത ബലൂണുകള്‍ ആണവ. അവർ അത് സന്തോഷത്തോടെ പറത്തി കളിക്കുന്നു, എന്നാൽ അവരുടെ അച്ഛൻ ഇത് കാണുമ്പോൾ അവരെ ശകാരിക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികൾ കളിച്ചു കൊണ്ടിരുന്ന ബലൂൺ അവരുടെ മാതാപിതാക്കൾ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു.
ചെമ്മരിയാടുകളാൽ ചുറ്റപ്പെട്ട വിശാലമായ ഒരിടത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ പണിപ്പെട്ടാണ് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നത്. മൂന്ന് മക്കളിൽ മൂത്ത മകന്‍ ജാംയാംഗ് സ്കൂള്‍ വിദ്യാഭ്യാസത്തിനായി പുറത്തും രണ്ട് ചെറിയ കുട്ടികളും മുത്തച്ഛനും വീട്ടിലുണ്ട്. ചെമ്മരിയാടുകളെ വളര്‍ത്തിയാണ് കുടുംബം ജീവിക്കുന്നത്. കൗമാരക്കാരനായ ജമിയാങിന്റെ വിദ്യാഭ്യാസത്തിനായി പണം നൽകാനായി ഡാര്‍ഗ്യേ ഒരു ആടിനെ വിൽക്കുന്നു. കഴിയുന്നത്ര ചെമ്മരിയാടുകളെ ബീജസങ്കലനം നടത്തുന്നതിനായി ഒരു സുഹൃത്തിൽ നിന്ന് ഒരു മുട്ടനാടിനെ കടം വാങ്ങുന്നു. മുട്ടനാടിനെയും ഡാര്‍ഗ്യേയും തമ്മിൽ തുലനം ചെയ്യുന്നതിലൂടെ സിനിമ അവരുടെ ലൈംഗിക തീക്ഷണതയും കൂടിയാണ് വെളിപ്പെടുത്താന്‍ ശ്രമിക്കുന്നത്.
അയല്‍വാസിയായ കുട്ടിയിൽ നിന്ന് ഒരു വിസില്‍ സ്വന്തമാക്കാന്‍ കുട്ടികള്‍ ബലൂണ്‍ കൈമാറുമ്പോൾ അത് പ്രശ്നമാവുന്നു. വീര്‍പ്പിച്ച കോണ്ടവുമായി വീട്ടില്‍ എത്തിയ കുട്ടിയെ ശകാരിക്കുകയും പിറ്റേന്ന് ആ ഗൃഹനാഥന്‍ ഡാര്‍ഗ്യേയുമായി വാക്കുത്തര്‍ക്കത്തിലും അടിപിടിയിലും ഏർപ്പെടുകയും ചെയ്യുന്നു. ലൈംഗിക വിഷയങ്ങള്‍ തുറന്ന് പറയാൻ സാധിക്കാത്ത, പുറത്തറിഞ്ഞാല്‍ ഗുരുതരമായി കാണുന്ന ഒരു സമൂഹത്തിന്‍റെ സംഘർഷങ്ങളും വ്യാകുലതകളും ‘ബലൂണ്‍’ മനോഹരമായി രേഖപ്പെടുത്തുന്നു.
ഇതിനകം മൂന്ന് പ്രാവശ്യം അമ്മയായ കഴിഞ്ഞ ഡ്രോൽക്കർക്ക് വീണ്ടും ഗർഭിണിയാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മറ്റൊരു കുട്ടിയുണ്ടായാൽ പിഴ ഈടാക്കുന്നത് കുടുംബത്തിനെ തകർക്കും. ഇതിനിടയിലാണ് മുത്തച്ഛന്റെ പെട്ടന്നുള്ള മരണം. അതിനു പുറമേ ഡ്രോള്‍ക്കർ ഗർഭിണിയാകുകയും ചെയ്യുന്നു. പുനർജന്മത്തിൽ വിശ്വസിക്കുന്ന ഡാര്‍ഗ്യേയുടെ കുടുംബം തന്റെ പിതാവ് കുടുംബത്തിൽ തന്നെ ജനിക്കാൻ പോകുന്നു എന്ന് വിശ്വസിക്കുന്നു. പക്ഷേ ഡ്രോള്‍ക്കർ ഈ കുട്ടി ജനിക്കാൻ പാടില്ല എന്ന് ഉറച്ച നിലപാടെടുക്കുന്നു.
കഥയുടെ പ്രധാന കഥാഗതിയെ ബന്ധിപ്പിക്കുന്ന സബ്പ്ലോട്ടുകൾ ഈ ചിത്രത്തിൽ ധാരാളമായി ഉണ്ട്. അവയിലൊന്ന് ഡാർഗിയുടെ ബിസിനസ്സ് പ്രവർത്തനങ്ങളെ പിന്തുടരുന്നതാണ്. അയാൾ തന്റെ ആൺകുട്ടികളെ തന്റെ ജോലിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. ദമ്പതികളുടെ വിദ്യാർത്ഥിയായ മകൻ ജമിയാങിനെ വേനൽക്കാല അവധിക്ക് വീട്ടിലേക്ക് കൊണ്ടു പോകാൻ ദ്രോൽക്കറുടെ ബുദ്ധസന്യാസിനിയായ സഹോദരി അനി സ്കൂളിൽ പോകുന്നു. അവിടെ വച്ച് അവളെ ദ്രോഹിച്ചു എന്ന് പറയപ്പെടുന്ന മുൻ കാമുകനെ അധ്യാപകന്റെ വേഷത്തില്‍ കാണുന്നു. ആത്മീയജീവിതത്തിനായി സ്വയം അർപ്പിക്കാന്‍ അനി തീരുമാനിക്കാന്‍ കാരണം അയാളാണ്. ആ കൂടിക്കാഴ്ചയില്‍ അവൻ എഴുതിയ ഒരു പുസ്തകം അവൾക്ക് നൽകുന്നു. ആ പുസ്തകത്തിൽ അവരുടെ ബന്ധത്തിന്റെ കഥ പറയുന്നുവെന്നും അവരെ തെറ്റിദ്ധരിപ്പിച്ച ‘തെറ്റിദ്ധാരണ’ യുടെ ഒരു വിവരണം ഉൾക്കൊള്ളുന്നുവെന്നും അനി കണ്ടെത്തുന്നു.
ബലൂണിലെ അവസാന സീനുകൾ വളരെ അർത്ഥമുള്ളതാണ്. ഡാര്‍ഗ്യേ തന്റെ ആൺമക്കൾക്ക് രണ്ടു വലിയ ചുവന്ന ബലൂണുകൾ സമ്മാനിക്കുന്നു. ഒരു ബലൂൺ പൊട്ടിപോകുകയും മറ്റേത് കാറ്റിലൂടെ പറന്നു ആകാശത്തിന്റെ ഉയരങ്ങളിലേക്കു പോകുന്നതുമായി കാണുന്നു. ബലൂണുകൾ ആകുന്ന കോണ്ടത്തിനും ദുർബലതകളുണ്ട്. അവ പോട്ടിപ്പോകാം അല്ലെങ്കിൽ അതിൽ നിന്ന് സ്വതന്ത്രത നേടാം. അതിനു വേറൊരു അർഥം കൂടിയുണ്ട്. സ്ത്രീകൾക്ക് അവരുടെ ലൈംഗിക ബന്ധത്തിൽ സ്വന്തം തീരുമാനം എടുക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനുമുള്ള അവകാശം ഉണ്ട് എന്ന് കൂടിയാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്.
കഥയുടെ സമയപരിധി വ്യക്തമാക്കുന്നില്ല, പക്ഷേ 1980- കളിലെ ചൈനയുടെ കുടുംബാസൂത്രണത്തിന്റെ ആധിപത്യം നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാണ്. ഈ ആധിപത്യം ഡോക്ടർമാർ പോലും ക്രൂരമായി നടപ്പാക്കുകയും ചെയ്യുന്നു. ഡാർഗെയുടെ ലിബിഡോ ഉപയോഗിച്ച് കുടുംബാസൂത്രണതിന്റെ അന്നത്തെ ഗുരുതരസ്വഭാവത്തെക്കുറിച്ച് വെളിച്ചം പകരുന്നു. അതു കൂടാതെ ടിബറ്റൻ മത-വംശീയ പാരമ്പര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. മരണപ്പെട്ട ബന്ധുക്കളുടെ പുനർജന്മത്തിലുള്ള വിശ്വാസം നിലനിർത്തുന്ന കുടുംബങ്ങളുടെ കൂട്ടായ്മയാണ് ടിബറ്റിലുണ്ടായിരുന്നത്.
മനുഷ്യനിർമിത നയങ്ങൾക്ക് വിരുദ്ധമായി സ്വാഭാവിക ക്രമത്തിൽ കാര്യങ്ങൾ സംഭവിക്കാം എന്നും ചിത്രം പറയാന്‍ ശ്രമിക്കുന്നു. പെട്ടെന്നുള്ള മുത്തച്ഛന്റെ മരണവും, അനാവശ്യ ഗർഭധാരണവും, മരിച്ച പൂർവ്വികരുടെ ആത്മാക്കൾ ജനിക്കാത്തവരുടെ ശരീരത്തിൽ പുനർജന്മം നൽകാമെന്ന ബുദ്ധമത വിശ്വാസവും ചിത്രത്തിന്റെ കഥാഗതിയെ സങ്കീർണ്ണമാക്കുന്നു. സ്നേഹം, മതം, പാരമ്പര്യം എന്നിവ തമ്മിലുള്ള ബന്ധത്തിന് പുറമേ വിശ്വാസം, അന്ധവിശ്വാസം, മുൻവിധി എന്നിവയുടെ അദൃശ്യമായ ബന്ധങ്ങളും സമര്‍ഥിക്കാന്‍ ചിത്രം ലക്ഷ്യമിടുന്നു. സംസ്ഥാന കുടുംബാസൂത്രണ നയം, കോണ്ടം പോലുള്ള കുടുംബാസൂത്രണ വസ്തുക്കളുടെ കുറവ്, എന്നിവ വിഷയങ്ങളായി അവതരിപ്പിക്കുകയാണ് സംവിധായകനായ സെഡെൻ.
വിശാലമായ ഓപ്പൺ സ്‌പെയ്‌സുകൾ, പർവ്വതങ്ങള്‍ നിറഞ്ഞ ലാൻഡ്‌സ്കേപ്പുകൾ എന്നിവങ്ങനെ മനോഹരമായ സ്ഥലങ്ങള്‍ എന്നിവ പകരുന്ന ദൃശ്യമികവ് എടുത്തു പറയേണ്ടതാണ്. സ്വപ്നസീക്വൻസുകൾ, അയൽക്കാർ തമ്മിൽ അരങ്ങേറിയ പോരാട്ടം, കാറ്റിൽ പറക്കുന്ന ബലൂണുകൾ, ടിബറ്റൻ ആത്മീയ ആചാരങ്ങൾ, അവരുടെ ഭക്ഷണരീതി, വസ്ത്രാലങ്കാരം, എന്നിവ ഒപ്പിയെടുക്കാൻ ക്യാമറയുടെ കണ്ണുകൾക്ക് സാധിച്ചിട്ടുണ്ട്.
ഒരു പരമ്പരാഗത സംസ്കാരത്തിന്റെ തത്വചിന്തകളുടെയും വിശ്വാസങ്ങളുടെയും അവിടെ ആധുനികനയങ്ങൾ വന്നു ചേരുന്നതിന്റെയും നേര്‍കാഴ്ചയാണ് ‘ബലൂൺ’. ഗ്രാമീണ ടിബറ്റുകാരുടെ ലൈംഗിക ജീവിതത്തിലെ ആധുനികവും പരമ്പരാഗതവുമായ മൂല്യങ്ങളുടെ ഏറ്റുമുട്ടലിനെ സെഡെൻ കാവ്യാത്മകമായി വിവരിക്കുന്നു ഈ ചിത്രത്തില്‍. ‘ജിൻപ’യ്ക്ക് ശേഷമുള്ള മറ്റൊരു മാസ്റ്റര്‍പീസ് ആണ് ‘ബലൂണ്‍’ എന്ന് വിലയിരുത്താം.