ഫെർണാണ്ടോ സോളാനസ് എന്ന അർജന്റീനിയൻ ഇതിഹാസത്തെ സാക്ഷി നിർത്തി മുഖ്യമന്ത്രി മന്ത്രി പിണറായി വിജയൻ ഇന്ത്യ ഒരിക്കലും തോല്‍ക്കില്ലന്നും തങ്ങൾ ഒരിക്കലും നിശ്ശബ്ദരാവില്ലെന്നും പറഞ്ഞ നിമിഷം വേദിയിൽ വലിയ കയ്യടി മുഴങ്ങി. ഇരുപത്തി നാലാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇതോടെ സമാപനമായി.
ഏഴു ദിനരാത്രങ്ങൾ ലോക സിനിമയുടെ ചെറിയോരംശത്തെ ഹൃദയത്തിൽ ചേർത്തു പിടിച്ച സിനിമാ ആസ്വാദകരുടേത് കൂടിയാണ് ഈ മേള. ചലച്ചിത്ര തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ അപാകതകളും തർക്കങ്ങളും എല്ലാം ഉണ്ടായെങ്കിലും വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ അതവസാനിച്ചു എന്നു വേണം കരുതാൻ.
റിസർവേഷൻ സമ്പ്രദായം പൂര്‍ണ്ണമായും ഡെലിഗേറ്റുകൾ ഉൾക്കൊണ്ടു എന്നതാണ് മേളയെ സംബന്ധിച്ച ഒരു പ്രത്യേകത. പഴയ കാലത്തെ ഉന്തും തള്ളും ബഹളങ്ങളും തീരെ കുറഞ്ഞു. സിനിമാ പ്രേമികളുടേത് മാത്രമായ ഒരു മേളയായി കേരളാ രാജ്യാന്തര ചലച്ചിത്ര മേള മാറിയെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. എന്തു തന്നെയായാലും സമാധാനപരമായി ഫെസ്റ്റിവലിന്റെ കൊടിയിറക്കം നടത്തി എന്നതിൽ സംഘാടകർക്ക് അഭിമാനിക്കാം.
അടുത്ത തവണ ഇരുപത്തി അഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയെ വൻ ആഘോഷമാക്കി മാറ്റുമെന്നാണ് സർക്കാർ പറയുന്നത്. ഫെസ്റ്റിവൽ കോംപ്ലെക്‌സ് അടക്കമുള്ളവക്ക് കിൻഫ്രയുടെ ഉള്ളിൽ സ്ഥലം കണ്ടെത്തിയെന്നും കാലോചിതമായ മാറ്റം അതിൽ ഉണ്ടാക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പറയുകയുണ്ടായി.
ആഘോഷങ്ങൾ ഇല്ലാതെ മേള നടത്തിയതിനാൽ പുറമെയുള്ള പകിട്ട് ഇല്ലാതിരുന്നിട്ടു കൂടി വലിയൊരു വിഭാഗം ജനങ്ങളെ ചേർത്തു നിർത്താൻ രാജ്യാന്തര ചലച്ചിത്രമേളക്ക് കഴിഞ്ഞു എന്നത് പ്രശംസനീയമായ കാര്യമാണ്. ‘പാരസൈറ്റും,’ ‘വേർഡിക്റ്റും,’ ‘ഔർ മതേർസ്സും’ എല്ലാം വൻ പ്രേക്ഷക ശ്രദ്ധ നേടി. പ്രേക്ഷകർക്കുള്ള പുരസ്‌കാരം നേടിയ ‘ജെല്ലിക്കെട്ടും’ മലയാളത്തിന് അഭിമാനമായി .
സിനിമയുടെ പകലുകൾ അവസാനിക്കുകയാണ്. കാലം സിനിമ കൊണ്ട് ജയിക്കുകയും പോരാടുകയും ചെയ്യുന്ന സമയം വരും. ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ഈ കല വ്യത്യസ്ത രൂപങ്ങളിലിൽ ഇനിയും മനുഷ്യനെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും.
നിശാഗന്ധിയിലും മറ്റിടങ്ങളിലും തിങ്ങി നിറഞ്ഞ മനുഷ്യരിൽ പകുതിയും യുവാക്കളും യുവതികളുമായിരുന്നുവെന്നത് പ്രതീക്ഷയാണ്. സിനിമയുടെ സ്വാധീന ശക്തി കൊണ്ട് ലോകത്തെ തന്നെ മാറ്റി മറിക്കാൻ കഴിയുന്ന കാലം വരും. എല്ലാവിധ അടിച്ചമർത്തലുകളും സ്വാതന്ത്ര്യത്തിനെതിരെയുള്ള അധികാരപ്രയോഗങ്ങളും ഒടുങ്ങും. യുവത സിനിമയിലൂടെ ശബ്ദം കണ്ടെത്തും.
Read Here: IFFK 2019: ഡിസംബർ 2019 ഓർക്കപ്പെടുമ്പോൾ
എഴു ദിവസങ്ങൾ മേളയെ എഴുതി തീർക്കാൻ ടാഗോറിന്റെ പിന്നിലുള്ള മരക്കൂട്ടങ്ങളുടെ ഇടയിലേക്ക് പോയിരിക്കുമ്പോൾ കുശലം പറഞ്ഞു വന്ന മനുഷ്യർ, വൃക്ഷങ്ങളുടെ നിഴലുകൾ, പക്ഷികൾ എല്ലാത്തിനോടും യാത്ര പറയുകയാണ്. ഒരു ഗ്ലാസ് ചായയിലും ഉഴുന്നുവടയിലും പ്രവർത്തിച്ച നിരവധി ദിവസങ്ങൾ. പക്ഷേ സിനിമ എല്ലായിടത്തും ജയിക്കുന്നു. അതൊരു ഊർജ്ജവാഹിനിയാണ്.
ബസ്സ് കാത്തുകിടക്കുന്നു. ഇപ്പോൾ തണുപ്പ് കൂടി വരുന്നു. തിരുവനന്തപുരം നഗരത്തിലെ മഞ്ഞ വെളിച്ചങ്ങളോട് വീണ്ടും ഒരിക്കൽക്കൂടി നന്ദി പറയുന്നു.
ഈ തെരുവിലേക്ക് വീണ്ടും അടുത്ത ഡിസംബറിൽ എത്തും വരെ താൽക്കാലികമായി വിടവാങ്ങുന്നു. സിനിമയ്ക്ക് നന്ദി, സ്നേഹത്തിനും.