/indian-express-malayalam/media/media_files/uploads/2018/12/IFFK-2018-Kerala-Film-Festival-brightens-up-after-a-dull-first-day.jpg)
IFFK 2018 Kerala Film Festival brightens up after a dull first day
'മേളയ്ക്ക് തീരെ ആളില്ലല്ലോ'? രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനം വഴുതക്കാട്ടെ ടാഗോര്‍ തിയറ്റിലെത്തിയവരില്‍ ഏറെപ്പേരുടേയും പരാതി, അല്ലെങ്കില്‍ നിരാശ അതായിരുന്നു. ടാഗോര്‍ തിയേറ്ററിന്റെ അന്തരീക്ഷം മരണവീടിനെ ഓര്‍മിപ്പിക്കുന്നു എന്നു പറഞ്ഞവര്‍ പോലുമുണ്ട്. എന്നാല്‍ വൈകുന്നേരം ചലച്ചിത്ര മേളയുടെ ഉദ്ഘാനത്തിനായി നിശാഗന്ധിയിലെത്തിയപ്പോള്‍ സ്ഥിതി മറ്റൊന്നായിരുന്നു. ഈ ആളുകളൊക്കെ പെട്ടെന്നെവിടെ നിന്നു വന്നു എന്ന് തോന്നിപ്പിക്കും വിധം നിറഞ്ഞ് കവിഞ്ഞിരുന്നു നിശാഗന്ധി.
ചലച്ചിത്ര മേള രണ്ടാം ദിനത്തിലേക്ക് കടന്നപ്പോള്‍, പരാതികള്‍ക്കോ നിരാശകള്‍ക്കോ അല്പം പോലും ഇടം നല്‍കാതെ ടാഗോര്‍ തിയേറ്ററിലേക്ക് സിനിമാ പ്രേമികളുടെ ഒഴുക്കാണ്. അതെ, മേള അതിന്റെ സ്ഥിരം കാഴ്ചകളിലേക്ക് ഓളത്തിലേക്ക്, ഒഴുക്കിലേക്ക് എത്തിയിരിക്കുന്നു. 'വിമെന്‍ ആന്‍ഡ് വാര്‍' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ് ടാഗോറില്‍ നിന്നിറങ്ങുന്നവര്‍, അടുത്ത ചിത്രത്തിനായി കാത്തുനില്‍ക്കുന്നവര്‍, അതിനിടെ സുഹൃത്തുക്കളെ കണ്ട സന്തോഷം പങ്കു വയ്ക്കുന്നവര്‍, മേളക്കാഴ്ചകള്‍ പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍... അനിശ്ചിതത്വങ്ങളില്‍ നിന്നും രാജ്യാന്തര ചലച്ചിത്ര മേള അതിന്റെ സ്വാഭാവിക താളം വീണ്ടെടുത്തിരിക്കുന്നു എന്നാണ് ഇന്ന് രാവിലത്തെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്.
Read More: IFFK 2018: 72 രാജ്യങ്ങള്‍, 164 ചിത്രങ്ങള്‍, 488 പ്രദര്‍ശനങ്ങള്‍, മേള തുടങ്ങി
'മേളയ്ക്ക് തീരെ ആളില്ലല്ലോ'? - കാരണങ്ങള്‍ ഇതാവാം
തുടക്കം മുതലേ നിരവധി അനിശ്ചിതത്വങ്ങളിലൂടെയായിരുന്നു മേളയുടെ യാത്ര. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേള നടത്തുമോ എന്നതു തന്നെയായിരുന്നു ആദ്യ ചോദ്യം. വേണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ പ്രളയക്കെടുതിയില്‍ കേരളത്തിന്റെ സാംസ്‌കാരിക ലോകം തകര്‍ന്നു പോയിട്ടില്ലെന്ന് ലോകത്തോട് വിളിച്ചു പറയാന്‍ ചലച്ചിത്ര മേള നടത്താന്‍ തന്നെ ഒടുവില്‍ തീരുമാനമായി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചെലവ് ചുരുക്കിയാണ് ഇത്തവണ മേള നടത്തുന്നത്. സര്‍ക്കാരിന്റെ പൊതു ഖജനാവില്‍ നിന്നും പണമെടുക്കാതെയും, രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്തിയും, സിനിമാ പ്രേമികളുടെ സഹകരണത്തോടെയുമാണ് ഇത്തവണത്തെ ചലച്ചിത്ര മേള കൊടിയേറിയത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ ആരംഭിച്ചതും ചലച്ചിത്ര മേളയെ ബാധിക്കുമോ എന്നതായി അടുത്ത ചോദ്യം. മാധ്യമങ്ങള്‍ ഉള്‍പ്പെടെ കലോത്സവക്കാഴ്ചകളിലേക്ക് ക്യാമറകളും കണ്ണുകളും തിരിക്കുമ്പോള്‍ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആളുകള്‍, അതിന്റെ മീഡിയ കവറേജ് തുടങ്ങി നിരവധി കാര്യങ്ങളില്‍ സംശയങ്ങള്‍ നിലനിന്നിരുന്നു.
ചലച്ചിത്ര മേള ആത്യന്തികമായി സംവിധായകരുടേയും സിനിമകളുടേയുമാണ്. എങ്കില്‍ പോലും നമ്മുടെ മലയാള സിനിമാ താരങ്ങളുടെ സാന്നിദ്ധ്യവും മുന്‍ വര്‍ഷങ്ങളിലെ മേളകള്‍ക്ക് നിറപ്പകിട്ടേകിയിരുന്നു. എന്നാല്‍ ഇത്തവണ പ്രളയ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം സ്വരുക്കൂട്ടൂനായി 'ഒന്നാണ് നമ്മള്‍' എന്ന പരിപാടിയുമായി താരങ്ങളെല്ലാം അബുദാബിയിലാണ്. ഇവരുടെ അഭാവവും മേളയുടെ നിറം മങ്ങലിനു കാരണമായിരിക്കാം.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മേളകളില്‍ നിന്നും ഈ വര്‍ഷത്തെ മേളയെ വ്യത്യസ്തമാക്കുന്നത് പ്രധാനമായും പ്രവേശന പാസിന്റെ ഫീസ് കൂട്ടിയതാണ്. മേളയുടെ മാറ്റ് കുറഞ്ഞെങ്കില്‍, അതിന്റെ ഒബ്വിയസ്' ആയ കാരണമായി ചൂണ്ടിക്കാട്ടാവുന്നതും അത് തന്നെയാണ്. മുന്‍ വര്‍ഷങ്ങളില്‍ 650 രൂപയായിരുന്നെങ്കില്‍ ഇത്തവണ 2000 രൂപയാണ് ഡെലിഗേറ്റ് പാസിന്റെ നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള 1000 രൂപയുടെ പാസും, മൂന്നു ദിവസത്തേക്കുള്ള പാസും ലഭ്യമാണ്. സൗജന്യ പാസുകള്‍ ഒന്നും തന്നെ ഇക്കുറി നല്‍കിയിട്ടുമില്ല.
ഡിസിപ്ലിന്‍ഡ് ആകുന്ന മേള
എന്നാല്‍ പാസിന്റെ നിരക്ക് വര്‍ധിപ്പിച്ചത് മേളയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ പക്ഷം.
"മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആളുകള്‍ കുറവാണെങ്കിലും, തൊണ്ണൂറ് ശതമാനം പങ്കാളിത്തം ഇത്തവണ ഉണ്ട്. പാസിന്റെ നിരക്ക് വര്‍ധിപ്പിച്ചത് മേളയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. സിനിമയെ ഇഷ്ടപ്പെടുന്ന, ഗൗരവത്തോടെ സമീപിക്കുന്ന ആളുകള്‍ ഇത്തവണയും എത്തിയിട്ടുണ്ട്," മേളയുടെ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
വര്‍ഷം മാത്രമായിരിക്കും രജിസ്‌ട്രേഷന് 2000 രൂപ ഈടാക്കുന്നതെന്നും. വരും വര്‍ഷങ്ങളില്‍ പഴയതു പോലെ തന്നെയായിരിക്കും എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
Read More: IFFK 2018: ഈ വർഷത്തെ മേള: ബീനാ പോളുമായി അഭിമുഖം
ഐഎഫ്എഫ്‌കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍ പേഴ്‌സണുമായ ബീനാ പോള്‍ വേണുഗോപാലിനും ഇതേ അഭിപ്രായമാണുള്ളത്. മേളയ്ക്ക് ഒരു ഡിസിപ്ലിന്‍ വന്നു എന്ന് കരുതുന്നതായും അവര്‍ പറഞ്ഞു.
"പാസിന്റെ നിരക്ക് കൂട്ടിയത് ഒരു തരത്തില്‍ മേളയെ പോസിറ്റീവ് ആയി ബാധിച്ചു എന്നാണ് തോന്നുന്നത്. കാരണം സ്‌ക്രീനിങ് നടക്കുന്ന തിയേറ്ററുകളില്‍ ഒക്കെ ആളുകളുണ്ട്. വെറുതേ ആരും എവിടേയും അലഞ്ഞു തിരിഞ്ഞു നടക്കുന്നില്ല. സിനിമയെ സീരിയസായി കാണുന്ന പ്രേക്ഷകര്‍ ഇത്തവണയും മേളയ്ക്ക് എത്തിയിട്ടുണ്ട്," ബീനാ പോള്‍ വ്യക്തമാക്കി.
മേളയുടെ രജിസ്‌ട്രേഷന്‍ പാസ് വര്‍ധിപ്പിച്ചതിനെക്കുറിച്ച് രണ്ടഭിപ്രായങ്ങളാണ് യുവാക്കള്‍ക്കിടയില്‍ ഉള്ളത്. രണ്ടായിരം രൂപ എന്നത് അല്‍പം കൂടുതലാണെന്നും, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറയുമ്പോളും, ഒരു തരത്തില്‍ ഈ നിരക്ക് വര്‍ധനവിനെ ഇവരും പിന്തുണയ്ക്കുന്നുണ്ട്. സിനിമ കാണാന്‍ വേണ്ടി മാത്രമായിരിക്കും ഇത്തവണ ആളുകള്‍ എത്തുന്നത്, സിനിമയെ അത്രമേല്‍ സ്‌നേഹിക്കുന്നവരായിരിക്കും മേളയ്‌ക്കെത്തുന്നത് എന്നാണ് പയ്യന്നൂരില്‍ നിന്നും വന്ന ഒരുകൂട്ടം യുവാക്കള്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ പ്രളയാനന്തര കേരളത്തില്‍ രാജ്യാന്തര ചലച്ചിത്ര മേള നടത്തുന്നത് തന്നെ അനുചിതമാണ് എന്ന അഭിപ്രായക്കാരനാണ് ആലപ്പുഴക്കാരനായ ശശികുമാര്‍ വി. എല്ലാ വര്‍ഷവും മുടങ്ങാതെ മേളയ്ക്ക് എത്തുന്ന അദ്ദേഹം ഇക്കുറി എത്തിയിട്ടില്ല.
"ഇത്തവണ മേളയില്‍ പങ്കെടുക്കാനോ സിനിമ കാണാനോ ഉള്ള മാനസികാവസ്ഥ എനിക്കില്ല. ആലപ്പുഴയാണ് എന്റെ നാട്. ഇപ്പോളും പ്രളയം വിതച്ച ദുരന്തത്തില്‍ നിന്നും ഞങ്ങള്‍ കരകയറിയിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ കേരളത്തില്‍ ചലച്ചിത്ര മേള സംഘടിപ്പിക്കരുതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അതു കൊണ്ട് തന്നെ ഇത്തവണ ഞാന്‍ മേളയ്ക്ക് വരുന്നില്ല. പക്ഷെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചത് ഒരു നല്ല നടപടിയായാണ് എനിക്ക് തോന്നുന്നത്. 2000 രൂപ അത്ര അധികമൊന്നും അല്ല. മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ പോയി 300 രൂപ ടിക്കറ്റെടുത്ത് സിനിമ കാണുന്നവര്‍ക്ക് 2000 രൂപ കൊടുത്താല്‍ ചുരുങ്ങിയത് 20 സിനിമകളെങ്കിലും മേളയ്ക്ക് കാണാന്‍ കഴിയുമല്ലോ," ശശികുമാര്‍ വിശദമാക്കി.
എന്നാല്‍ മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകളും റോഡും പാലങ്ങളും പുനര്‍നിര്‍മ്മിക്കുന്നതു പോലെ പ്രധാനമാണ് തകര്‍ന്നു പോയ മനസ്സുകളുടെ പുനര്‍നിര്‍മ്മാണവുമെന്ന് മേള ഉദ്ഘാടനം ചെയ്തു കൊണ്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. ആഘാതാനന്തര മാനസികാവസ്ഥയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കലാപ്രവര്‍ത്തനം വലിയ തോതില്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കലാസ്വാദനം നല്‍കുന്ന സാന്ത്വനം പകരംവെയ്ക്കാനാകാത്തതാണ്. വിഷാദത്തിന്റെ ഇരുട്ട് അകറ്റാനും അതിനു കഴിയും. ഈ വസ്തുത അംഗീകരിക്കുന്നതുകൊണ്ടാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചലച്ചിത്രമേളക്ക് തടസ്സമാവരുത് എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ഉദ്ഘാടന വേദിയില്‍ വ്യക്തമാക്കി.
Read More: പ്രളയാനന്തര കേരളം കലാ രംഗത്ത് തകര്‍ന്നു പോയിട്ടില്ല: മുഖ്യമന്ത്രി
വരും ദിനങ്ങളില്‍ മേള
മേള അതിന്റെ സ്വാഭാവികതയോടെ സ്ഥിരം കാഴ്ചകളിലേക്ക് മുന്നേറുമെന്നു തന്നെയാണ് ഇന്നത്തെ കാഴ്ചകള്‍ സൂചിപ്പിക്കുന്നത്. മേളയുടെ ഭാഗമായ ഓപ്പണ്‍ ഫോറം ഇന്ന് നടിയും സംവിധായികയുമായ നന്ദിതാ ദാസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടാഗോര്‍ തിയേറ്ററില്‍ നന്ദിതാ ദാസും എഴുത്തുകാരി മീന.ടി പിള്ളയും തമ്മിലുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ നടക്കും. വരും ദിനങ്ങളില്‍ സംവിധായകരായ ബുദ്ധദേവ് ദാസ്ഗുപ്ത, മജീദ് മജീദി തുടങ്ങിയവരും ഓപ്പണ്‍ ഫോറത്തിന്റെ ഭാഗമാകും.
ഇന്നു മുതല്‍ വരുന്ന അഞ്ച് ദിവസങ്ങളില്‍ ടാഗോറില്‍ സംഗീത സന്ധ്യ അരങ്ങേറും. അകാലത്തില്‍ പൊലിഞ്ഞുപോയ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ബാന്‍ഡ് ഉള്‍പ്പെടെ ഇതിന്റെ ഭാഗമാകും. 'പാടാന്‍ ഓര്‍ത്തൊരു മധുരിത ഗാനം' എന്ന പേരില്‍ പി.ഭാസ്‌കരന്‍ നിശയും അരങ്ങേറും.
ജൂറിയ്ക്കും ഡെലിഗേറ്റുകല്‍ക്കുമായുള്ള മത്സരവിഭാഗത്തിലുള്ള സിനിമകളുടെ പ്രദര്‍ശനവും ആരംഭിച്ചു. ഐസ്ലാന്‍ഡില്‍ നിന്നുള്ള സംവിധായകന്‍ ബെനെഡിക്ട് എര്‍ലിങ്‌സണ്‍ സംവിധാനം ചെയ്ത 'വിമെന്‍ അറ്റ് വാര്‍' ആയിരുന്നു ടാഗോറില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മത്സര ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.