IFFK 2019: കേരളം കണ്ട ഏറ്റവും വലിയ നിയമപോരാട്ടങ്ങളില്‍ ഒന്നാണ് ഉദയകുമാർ കസ്റ്റഡി കൊലപാതക കേസ്. പൊലീസ് കസ്റ്റഡിയിലിരിക്കെ (2005) മരണപ്പെട്ട ഉദയകുമാര്‍ എന്ന ചെറുപ്പക്കാരനു വേണ്ടി നീതി തേടി ഉദയന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ പതിമൂന്നു വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം. മകനെ ദാരുണമായി കൊന്നവർക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ പ്രഭാവതിയമ്മ നടന്നു തീര്‍ത്ത വഴികള്‍ കണ്‍നിറഞ്ഞു കേരളം കണ്ടിരുന്നതാണ്. ആ കഥ ഇപ്പോള്‍ സിനിമയിലും എത്തുകയാണ്.

അനന്ത് മഹാദേവന്‍ സംവിധാനം ചെയ്ത ‘മായി ഘാട്ട് ക്രൈം നമ്പര്‍. 103/2005’ (MAI GHAT:CRIME NO 103/2005) എന്ന സിനിമയാണ് പ്രഭാവതിയമ്മയുടെ പോരാട്ടം ലോകത്തിനു മുന്നില്‍ എത്തിക്കുന്നത്. ഗോവയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ (IFFI 2019) മികച്ച നടിയ്ക്കുള്ള പുരസ്‌കാരം (ഉഷാ ജാദവ്) നേടിയ ‘മായി ഘാട്ട്’ കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും (IFFK 2019) പ്രദര്‍ശിപ്പിക്കും. സിനിമ വന്ന വഴികളെ പറ്റിയും അതിന്റെ രാഷ്ട്രീയത്തെ പറ്റിയും സംവിധായകന്‍ അനന്ത് മഹാദേവന്‍ ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കുന്നു.

ഉദയകുമാർ കസ്റ്റഡി മരണം താങ്കളുടെ സിനിമയ്ക്കായി തിരഞ്ഞെടുക്കാൻ കാരണം ?

ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെ വളരെ ശ്രദ്ധേയമായ വിധിയാണ് ഉദയകുമാർ കേസിൽ നടന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ചു. രണ്ടു കാര്യങ്ങളാണ് ആ കോടതി വിധിയിൽ എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒന്നാമത്തേത്, ഇത് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്നുള്ളത്. രണ്ടാമത്തേത്, ആ വിധിയിൽ പറയുകയുണ്ടായി, ഒരമ്മയുടെ കണ്ണീർ കാണണമായിരുന്നോ നമുക്ക് കസ്റ്റഡി മരണങ്ങളുടെ ഭീകരതയെ പറ്റി അറിയാൻ എന്ന്. രണ്ടു തലങ്ങളിലായിട്ടാണ് ഞാൻ ഇത് ആവിഷ്കരിക്കാൻ ശ്രമിച്ചത്. ആ അമ്മയുടെ കാഴ്ചപ്പാടിൽ നിന്നുള്ള അവരുടെ നിയമ പോരാട്ടവും, എന്തുകൊണ്ട് കസ്റ്റഡി മരണങ്ങൾ സംഭവിക്കുന്നു, എന്താണ് നിയമവ്യവസ്ഥിതികളെയും നിയമപാലകരെയും ഇത്തരം ക്രൂരതകളിലേക്കു നയിക്കുന്ന ഘടകം. അങ്ങനെ നോക്കുമ്പോൾ ഈ സിനിമ പൊതുബോധത്തെയും മനുഷ്യ വികാരങ്ങളെയും പറ്റി ചർച്ച ചെയ്യുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നുന്നത്.

മറ്റൊന്ന്, നമുക്ക് ചുറ്റും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നോക്കിയാൽ തന്നെ അധികാരം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാം. ഉദയകുമാറിന്റെ കാര്യത്തിൽ, എനിക്ക് തോന്നുന്നത് ആ പൊലീസുകാരുടെ വളരെ നൈമിഷികമായ വാശിയെ അല്ലെങ്കിൽ നിര്‍ബന്ധ ബുദ്ധിയെ ശമിപ്പിക്കാൻ ചെയ്ത ക്രൂരതയായിട്ടാണ്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ജോലിയുടെ സമ്മർദത്തിന്റെ ഭാഗമായും സ്ഥനോന്നതിക്കുമായി പൊലീസുകാർ പലപ്പോഴും കുറ്റം നിരപരാധികളുടെ തലയിൽ കെട്ടി വയ്ക്കുന്ന പ്രവണത ഉണ്ട്. സ്വാർഥ താൽപര്യങ്ങൾക്കായി മനുഷ്യജീവൻ കരുവാക്കുന്ന ഈ പ്രവണത ഭയാനകം തന്നെയാണ്.

 

Read Here: IFFI 2019: മലയാളം തിളങ്ങുന്ന മത്സരവിഭാഗം

IFFK 2019: പ്രഭാവതിയമ്മയെ നേരിട്ടു കണ്ടപ്പോഴുള്ള അനുഭവം ഒന്നു വിവരിക്കാമോ?

വളരെ തീവ്രമായ ഒരനുഭവം തന്നെയായിരുന്നു അത്. അവർക്കു പറയാനുള്ളത് കേട്ടപ്പോൾ ഞാൻ നിശബ്ദനായി പോയി. ഞാൻ ആ അമ്മയുടെ അനുഭവം ദൃശ്യവത്കരിക്കുക മാത്രമാണ് ചെയ്തത്. അതിക്രൂരമായ ഒരു യാഥാർഥ്യത്തെ ജീവിച്ച സ്ത്രീയാണ് അവർ, എന്നിട്ടും എന്നോട് സംസാരിക്കാനും, എനിക്ക് വേണ്ട വിവരങ്ങൾ തരാനും അവർക്കു ദയവുണ്ടായി. അന്ന് അവർ എന്നോട് അവരുടെ ജീവിതം സിനിമയാക്കാൻ താൽപര്യമില്ലെന്നോ, അവരെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നോ പറഞ്ഞിരുന്നെങ്കിൽ ഈ സിനിമ ഇന്ന് ഉണ്ടാവില്ലായിരുന്നു. ആ അമ്മയോടുള്ള കടപ്പാട് കൂടിയാണ് ‘മായി ഘട്ട്’. പ്രഭാവതിയമ്മയെ കാണുന്നതിന് മുൻപ് തന്നെ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു ഇത് കച്ചവട താൽപര്യങ്ങൾക്കു വേണ്ടിയുള്ള ഒരു സിനിമ ആകരുതെന്ന്. അതുകൊണ്ടു തന്നെ അവരുടെ വക്കീലിനെ കണ്ടു ആ കാര്യം വ്യക്തമാക്കിയിട്ടാണ് പ്രഭാവതിയമ്മയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിൽ നടന്ന ഒരു സംഭവത്തെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കാൻ കാരണം ?

ഈ കഥ ലോകത്ത് എവിടെയും നടക്കാവുന്ന ഒന്നാണ്. ലോകത്ത് എല്ലായിടത്തും പാർശ്വവൽക്കരിക്കപ്പെട്ട ജനതയും അവര്‍ അനുഭവിക്കുന്ന ചൂഷണങ്ങളും ഒരു പോലെയാണ്. ഈ സിനിമയുടെ അവസാനം ലോകത്തു പല ഭാഗങ്ങളിൽ നടക്കുന്ന കസ്റ്റഡി മരണങ്ങളുടെ കണക്കുകളും വിവരങ്ങളും കാണിക്കുന്നുണ്ട്. ഇതൊരു ആഗോള പ്രശ്നം തന്നെയാണ്. പിന്നെ, എനിക്ക് ഈ സിനിമ പെട്ടെന്നു തന്നെ പൂർത്തിയാക്കണമെന്നുണ്ടായിരുന്നു. കേരളത്തിൽ ഒരു യൂണിറ്റ് ഒരുക്കി ചിത്രീകരിക്കാൻ ചുരുങ്ങിയത് ആറ് മാസം സമയമെങ്കിലും എനിക്ക് ആവശ്യമായി വന്നേനെ. ‘മായി ഘട്ട്’ നമ്മൾ മൂന്നു മാസം കൊണ്ടാണ് പൂർത്തീകരിച്ചത്. ഒരു മാസം തിരക്കഥയ്ക്കും, ഒരു മാസം പ്രീ പ്രൊഡക്ഷനും, ഒരു മാസം ഷൂട്ടിങ്ങിനും. സിനിമയിലെ പ്രഭാവതിയമ്മയുടെ കഥാപാത്രത്തിന് പ്രഭ മായി എന്ന് തന്നെയായിരുന്നു പേര്. ഭാഷയും പശ്ചാത്തലവും മാത്രമേ മാറിയിട്ടുള്ളൂ.

പ്രഭാവതിയമ്മയെ അല്ലാതെ വേറെ ആരെയൊക്കെ താങ്കൾ ഈ ചിത്രത്തിനായി സമീപിച്ചു ?

പ്രഭാവതിയമ്മയുടെ വക്കീലായ സ്വരാജ് എന്നെ വളരെയധികം സഹായിച്ചു. അദ്ദേഹമാണ് എനിക്ക് പ്രഭാവതിയുമായുള്ള കൂടിക്കാഴ്ചകൾ ഒരുക്കി തന്നിരുന്നത്. അദ്ദേഹമാണ് ഈ കേസിന്റെ നാൾവഴികളെ പറ്റിയും, മറ്റു വിവരങ്ങളും പറഞ്ഞു തന്നത്.

international film festival of india, iffi 2019, iffi registration, iffi films, international film festival of kerala, iffk, iffk delegate registration, iffk films, ഐ എഫ്‌ എഫ് കെ, ഐ എഫ് എഫ് ഐ

പ്രഭാവതിയമ്മയ്ക്കും ഉഷാ ജാദവിനും ഒപ്പം അനന്ത് മഹാദേവന്‍

ഇന്ത്യയില്‍ എത്തുന്നതിനു മുന്‍പ്, പല രാജ്യാന്തര ചലച്ചിത്ര മേളകളിലും ‘മായി ഘട്ട്’ പ്രദർശിപ്പിച്ചിരുന്നു. ഓർത്തെടുക്കാൻ പറ്റുന്ന ഏതെങ്കിലും പ്രതികരണങ്ങൾ ?

IFFK 2019: സിംഗപ്പൂർ സൗത്ത് ഏഷ്യൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയർമാനായ റോജർ ഗാർഷ്യ പറഞ്ഞത് ഇത്ര പൈശാചികമായ ഒരു കൊലപാതകത്തിന്റെ വിധി വരാൻ പതിമൂന്നു വര്‍ഷം വേണ്ടി വന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി എന്നാണ്. നമ്മൾ സ്വാഭാവികമായി കരുതുന്ന നിയമവ്യവസ്ഥിതിയിലെ ഈ കാലതാമസം മറ്റു രാജ്യക്കാർക്കു അംഗീകരിക്കാൻ പോലും ആവില്ല എന്നുള്ളതാണ് വസ്തുത.

മറാത്തി അഭിനേത്രിയായ ഉഷ ജാദവാണ് പ്രഭാവതിയമ്മയുടെ വേഷം ചെയ്തിരിക്കുന്നത്. എങ്ങനെയാണു അവരുടെ ജീവിത സമരം ഉഷ ജാദവ് എന്ന അഭിനേത്രി ഉൾക്കൊണ്ടത് ?

പ്രഭാവതിയമ്മയുടെ ചില വീഡിയോസ് ഞാൻ ഉഷയ്ക്ക് കാണിച്ചു കൊടുത്തിരുന്നു. പ്രഭാവതിയമ്മയുടെ വ്യക്തിത്വം ആരെയും അതിശയിപ്പിക്കുന്നതാണ്. പതിമൂന്നു വർഷത്തെ നിയമ പോരാട്ടത്തിനിടയിൽ ഒരിക്കൽ പോലും അവർ കരഞ്ഞിരുന്നില്ല. മകൻ നഷ്ടപെട്ട ഒരമ്മയുടെ വേദന പുറത്തു കാണിക്കാതെ നീതിക്കായി ദൃഢനിശ്ചയത്തോടു കൂടി പൊരുതിയ അവരുടെ മനസിന്റെ ശക്തിയാണ് സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ ഞാൻ ഉഷയോടു ആവശ്യപ്പെട്ടത്. അത് അവർ ഭംഗിയായി തന്നെ ചെയ്തു.

പ്രഭാവതിയമ്മയ്ക്കു താങ്കളുടെ സിനിമ കാണാൻ അവസരം ലഭിച്ചോ ?

ഇതുവരെ അവർക്കു അതു കാണാൻ സാധിച്ചിട്ടില്ല. വരുന്ന ഡിസംബറിൽ തിരുവനന്തപുരത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘മായി ഘട്ട്’ പ്രദർശിപ്പിക്കുന്ന വേളയിൽ പ്രഭാവതിയമ്മയെ ക്ഷണിക്കാനാണ് ഉദ്ദേശിക്കുന്നത്.

international film festival of india, iffi 2019, iffi registration, iffi films, international film festival of kerala, iffk, iffk delegate registration, iffk films, ഐ എഫ്‌ എഫ് കെ, ഐ എഫ് എഫ് ഐ

പ്രഭാവതിയമ്മ, ചിത്രം. രവി മഹാദേവന്‍

IFFK 2019: ബോളിവുഡ് മുഖ്യധാരാ കച്ചവട സിനിമകൾ ചെയ്താണ് താങ്കൾ സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്, പിന്നീട് ഇടയിൽ എപ്പോഴോ അതിൽ നിന്നും മാറി സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളിലേക്ക് തിരിഞ്ഞു, ഇപ്പോൾ ‘മായി ഘട്ടിൽ’ എത്തി നിൽക്കുന്നു. സംവിധായകൻ എന്ന നിലയിൽ എങ്ങനെയാണു ഈ മാറ്റത്തെ കാണുന്നത് ?

സംവിധായകൻ എന്ന നിലയിൽ സിനിമ രംഗത്ത് നിലയുറപ്പിക്കാൻ എന്നെ സഹായിച്ചത് കച്ചവട സിനിമകൾ തന്നെയാണ്. എന്റെ ആദ്യ ചിത്രമായ ‘ദിൽ വില്‍ പ്യാര് വ്യാർ’ ആർ ഡി ബർമന്റെ പാട്ടുകൾ വച്ച് ചെയ്ത ഒരു സിനിമയായിരുന്നു. പിന്നെ ഞാൻ സംവിധാനം ചെയ്ത ‘അക്സർ’, ‘അഗർ’ എല്ലാം തന്നെ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രങ്ങൾ ആയിരുന്നു. പിന്നെ ഞാൻ സ്വയം തിരിച്ചറിഞ്ഞു ഇത്തരം സിനിമകൾ ആയിരുന്നില്ല എനിക്ക് വേണ്ടിയിരുന്നതെന്ന്. സാർവത്രികമായ, രാജ്യാന്തര തലത്തിൽ സാധ്യതയുള്ള വിഷയങ്ങൾ കൈകാര്യം ചെയുന്ന സിനിമകൾ ചെയ്യുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധ ചെലുത്തി. അങ്ങനെയാണ് ‘റെഡ് അലെർട്’, ‘ഗോർ ഹരി ദസ്താൻ’ , ‘മീ സിന്ധുതായി സപ്കൽ’ പോലുള്ള ചിത്രങ്ങൾ ചെയ്യുന്നത്. അവയെല്ലാം തന്നെ ദേശീയ-രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ‘മായി ഘട്ടി’ലെത്തി നിൽക്കുമ്പോൾ ഞാൻ സന്തോഷവാനാണ്. ഓരോ സിനിമ കഴിയുമ്പോഴും മുൻപ് ചെയ്ത ചിത്രത്തേക്കാൾ മെച്ചപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്.

Read in English: Ananth Mahadevan on making Mai Ghat: I was very clear how to approach this movie

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook