കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്ള ചിത്രമാണ് കാന്‍ഡെലാറിയ. ജോണി ഹെന്‍ഡ്രിക്സ്‌ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 90 കളിലെ ക്യൂബയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സോവിയറ്റ് യൂണിയന്‍റെ പതര്‍ച്ചയോടെ വഴിവെച്ച സാമ്പത്തികമാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കടലോര ഗ്രാമത്തില്‍ പുരോഗമിക്കുന്ന കഥയ്ക്ക് 87 മിനുട്ടിന്‍റെ ദൈര്‍ഘ്യമാണ്. വിക്റ്റര്‍ ഹ്യൂഗോയെന്നും കാന്‍ഡലേറിയ എന്നും പേരുകളുള്ള വയോധികരായ ദമ്പതിമാരുടെ പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

കടുത്ത ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും ജീവിതം വഴിമുട്ടിച്ച അവസരത്തില്‍ എഴുപത് കഴിഞ്ഞ ദമ്പതിമാര്‍ കണ്ടെത്തുന്ന പ്രണയം പ്രേക്ഷകനില്‍ ഗാബ്രിയല്‍ ഗാര്‍ഷിയ മാര്‍ക്വേസിന്‍റെ കോളറക്കാലത്തെ പ്രണയത്തിന് സമാനമായൊരു അനുഭൂതിയാണ് ഉണ്ടാക്കുന്നത്. ബ്ലൂസ് സംഗീതത്തില്‍ വേരുകളൂന്നിയ ക്യൂബന്‍ ഗാനങ്ങള്‍ പാടിക്കൊണ്ടാണ് ദമ്പതികളെ ആദ്യമായി അവതരിപ്പിക്കുന്നത്. വിക്ടര്‍ ഹ്യൂഗോയും കാന്‍ഡെലാറിയും സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നുണ്ട് എങ്കിലും അതില്‍ നിന്നും സാമ്പത്തികമായൊരു സ്ഥിരത ഉറപ്പുവരുത്തവാന്‍ സാധിക്കാത്തതിനാല്‍ ഇരുവരും പകല്‍സമയത്ത് മറ്റ് ജോലികളിലും വ്യാപ്രുതരാണ്.

വിക്ടര്‍ ഹ്യൂഗോ ഒരു സിഗാർ നിർമ്മാണ കമ്പനിയിൽ ജോലി കണ്ടെത്തുമ്പോള്‍ കാന്‍ഡെലാറിയ ഒരു ഹോട്ടലില്‍ അലക്ക് ജോലിക്കായും പോകുന്നു. പരസ്പരമുള്ള തിരിച്ചറിവുകളില്‍ മുന്നോട്ടുപോകുന്ന ഇരുവരുടെയും ജീവിതത്തില്‍ വഴിതിരിവാകുന്നത് ഒരു ക്യാമറയാണ്. കാന്‍ഡെലാറിയയ്ക്ക് തന്‍റെ ജോലി സ്ഥലത്ത് വച്ച് ഒരു ക്യാമറ കളഞ്ഞുകിട്ടുകയും അവരത് രഹസ്യമായി വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ആദ്യമത് തിരിച്ചുകൊടുക്കുവാന്‍ ആവശ്യപ്പെട്ട വിക്ടര്‍ അപ്രതീക്ഷിതമായി ആ യന്ത്രത്തോട്‌ അടുക്കുന്നു. കാന്‍ഡെലാറിയ വളര്‍ത്തി പോരുന്ന കോഴിക്കുഞ്ഞുങ്ങളില്‍ തുടങ്ങി തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ വരെ വിക്ടര്‍ ഹ്യൂഗോ അതില്‍ പകര്‍ത്തുന്നു. ഏറെ സാമ്പത്തികപരാധീനതകള്‍ക്കിടയിലും ദമ്പതിമാര്‍ തങ്ങളുടെ ജീവിതത്തിലേക്ക് വന്ന പുതിയ നിഗൂഢമായ അതിഥിയില്‍ സന്തോഷം കണ്ടെത്തുകയായി.

വിക്ടര്‍ ഹ്യൂഗോ രഹസ്യമായി കൊണ്ടെത്തിക്കുന്ന സിഗാറുകള്‍ വിറ്റുകൊടുക്കുന്ന എല്‍ നീഗ്രോയാണ് സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രം. വിക്ടറിന്‍റെ ഒരേയൊരു സുഹൃത്തുകൂടിയായ ആ ചെറുപ്പക്കാരന്‍റെ കണ്ണ്‍ ക്യാമറയിലേക്കും കാന്‍ഡെലാറിയയുടെ കോഴിക്കുഞ്ഞുങ്ങളിലേക്കും പതിയുന്നുണ്ട്. അന്നത്തെ ക്യൂബന്‍ ഭക്ഷ്യനിയമപ്രകാരം മൃഗങ്ങളെ വളര്‍ത്തുന്നത് നിയമവിരുദ്ധമാണ് എന്ന്‍ ഈ ചെറുപ്പക്കാരന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. രാജ്യം കടന്നുപോകുന്നതായ ഭക്ഷ്യക്ഷാമത്തിന്‍റെ ആഴം വിളിച്ചോതുന്നതാണീ സാഹചര്യം. സിനിമയിലുടനീളം റേഡിയോയില്‍ വരുന്ന ഫിദല്‍ കാസ്ട്രോയുടെ ശബ്ദം ക്യൂബന്‍ രാഷ്ട്രീയ പരിസരത്തെയും അനാവരണം ചെയ്യുന്നു. സോഷ്യലിസമെന്ന ലക്ഷ്യത്തിലേക്കുള്ള പാത പ്രതീക്ഷയുടേതാണ് എന്നും ഈ ദുരന്തങ്ങളെയൊക്കെ ക്യൂബ തരണം ചെയ്യും എന്നും ഫിദല്‍ പറയുന്നതിനോടൊപ്പം തന്നെ അതിനായി ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത ബുദ്ധിമുട്ടുകളെയും (പരാതികളില്ലാതെ) സിനിമയില്‍ കാണിക്കുന്നു. കാന്‍ഡെലാറിയയില്‍ അപ്രത്യക്ഷമെങ്കിലും ചിത്രത്തിന്‍റെ സാമൂഹ്യപശ്ചാതലം ഒരുക്കുന്നതായ പ്രധാനപ്പെട്ടൊരു കഥാപാത്രം ഫിദല്‍ ആണെന്ന് പറയാം.

അങ്ങനെയിരിക്കെ ഒരു ദിവസം വിക്ടര്‍ ഹ്യൂഗോയുടെ കൈയ്യില്‍ നിന്നും ക്യാമറ കളവ് പോവുകയാണ്. ടൂറിസത്തില്‍ മാത്രം ഊന്നി മുന്നോട്ടുനീങ്ങുന്ന നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രബലമായൊരു മാഫിയയുടെ കൈയിലാണ് കളവ് സാധനങ്ങള്‍ ഒക്കെയും എത്തുന്നത്. ഇതറിയാവുന്ന വിക്ടര്‍ ഹ്യൂഗോ അവരെ സമീപിക്കുകയും തന്‍റെ ക്യാമറ ആവശ്യപ്പെടുകയും ചെയ്യുന്നു. ക്യാമറ തരാം എന്ന് സാമ്മതിക്കുന്ന സംഘത്തലവന്‍ പകരം ആവശ്യപ്പെടുന്നത് വയോധികരായ ആ ദമ്പതിമാരുടെ സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തിനല്‍കുവാനാണ്. വിദേശികള്‍ക്കത് താത്പര്യമുണ്ടാകും എന്ന് പറഞ്ഞുകൊണ്ട് അയാള്‍ വിക്ടറിന് പാരിതോഷികവും നല്‍കുന്നു.

തുടര്‍ന്നുള്ള ഭാഗങ്ങളില്‍ സദാചാരസംഹിതകളെയും പ്രണയത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളെ പുനര്‍വിചിന്തനം ചെയ്യുന്ന അനുഭവങ്ങളിലൂടെയാണ്‌ സംവിധായകന്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. സിനിമയുടെ ഇടമുറിഞ്ഞ അന്ത്യംവരെക്കും പ്രേക്ഷകരെ ഒരുപാട് ചോദ്യങ്ങളിലൂടെ കൊണ്ടുപോകുവാന്‍ സംവിധായകനു സാധിക്കുന്നു.

ക്യൂബന്‍ സിഗാറിന്‍റെതിന് നിറത്തോട് സാമ്യമുള്ള ഇന്‍റീരിയര്‍ ഫ്രെയിമുകള്‍ ചിത്രത്തിനുടനീളം ഒരു വൈകാരികത സമ്മാനിക്കുന്നുണ്ട്. ഇടക്കിടയ്ക്കായി കടന്നുവരുന്ന പാരമ്പര്യ ലാറ്റിന്‍ ഗിറ്റാറിന്‍റെ ഈണം എടുത്തുപറയേണ്ടത്ര മനോഹരമാണ്. കാന്‍ഡലേറിയ മനോഹരമായൊരു പ്രണയകഥയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ഏതാണ്ട് ഒരേ വേഗതയില്‍ തീര്‍ത്ത സിനിമയിലെ നറേഷനുകള്‍ മുഴച്ചുനില്‍ക്കുന്നതായി അനുഭവപ്പെട്ടെക്കും.

Read More : ദ് ഇന്‍സള്‍ട്ട്; പലായനങ്ങളുടെ തുടര്‍ക്കഥ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook