scorecardresearch
Latest News

IFFK 2019: പരിമിതികളുണ്ട്, പക്ഷേ നിലവാരം കുറയില്ല: മേളയെക്കുറിച്ച് ബീനാ പോള്‍

IFFK 2019: സിനിമ കാണുന്നതിലോ, തെരെഞ്ഞെടുക്കുന്നതിലോ, എന്തെങ്കിലും തരത്തില്‍ ‘unfair’ ആയ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല

IFFK 2019: പരിമിതികളുണ്ട്, പക്ഷേ നിലവാരം കുറയില്ല: മേളയെക്കുറിച്ച് ബീനാ പോള്‍

IFFK 2019: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം കൊടിയേറാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, ഈ പതിപ്പിന്റെ പ്രത്യേകതകളെക്കുറിച്ചും തുടങ്ങും മുമ്പേ തന്നെ മേള നേരിടുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണുമായ ബീനാ പോള്‍ സംസാരിക്കുന്നു.

മേള തുടങ്ങുന്നതിനു മുന്‍പേ സിനിമകളുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലി ധാരാളം വിവാദങ്ങള്‍ ഉയര്‍ന്നു. അതിനെക്കുറിച്ച് പറഞ്ഞുതുടങ്ങാമെന്ന് തോന്നുന്നു?

വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഈ വര്‍ഷവും ഉണ്ടായത്. മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ തുടങ്ങിയ വിഭാഗങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് അക്കാദമി നിയോഗിക്കുന്ന കമ്മിറ്റികളാണ്. പ്രഗത്ഭരായ ചലച്ചിത്രകാരന്മാര്‍, എഴുത്തുകാര്‍, ചിന്തകന്മാര്‍ തുടങ്ങിയവരാണ് കമ്മിറ്റികളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌. മേളയുടെ സ്വഭാവം, മൂല്യങ്ങള്‍, എസ്തെറ്റിക്ക്സ് എന്നിവ വ്യക്തമായി മനസ്സിലാക്കുന്നവരാണ് അവര്‍. പ്രമേയപരമായും സിനിമാറ്റിക്കായും മികവ് പുലര്‍ത്തുന്ന ഒരു കൂട്ടം ചിത്രങ്ങളാണ്‌ അവര്‍ നോമിനേറ്റ് ചെയ്തതെന്ന് അക്കാദമി വിശ്വസിക്കുന്നു. അക്കാദമിയെ സംബന്ധിച്ച്, ഈ ചിത്രങ്ങളെല്ലാം കണ്ടുവിലയിരുത്തലെന്നത് അസാധ്യമാണ്. അതുകൊണ്ടു തന്നെ സെലക്ഷന്‍ കമ്മിറ്റിയുടെ റെക്കമന്‍റേഷൻ ഞങ്ങള്‍ അംഗീകരിക്കുന്നു. അത് അന്തിമവും നോണ്‍-അപ്പീലബിളുമാണ്.

സമാന്തരസിനിമകളെ ‘സൈഡ് ‌ലൈൻ’ ചെയ്തതായി തോന്നുന്നുണ്ടോ?

ഇല്ല. സമാന്തര സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരും കമ്മിറ്റിയില്‍ ഉണ്ടായിരുന്നല്ലോ. അവരും കൂടി ചേര്‍ന്നെടുത്ത തീരുമാനമല്ലേ. മാത്രമല്ല, ഇപ്പോള്‍ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചലച്ചിത്രങ്ങള്‍ എന്തുകൊണ്ട് തെരഞ്ഞെടുത്തുവെന്നതിന്റെ കാരണവും അവര്‍ അക്കാദമിയെ ബോധിപ്പിച്ചിട്ടുണ്ട്. ഒരു സിനിമയെടുക്കണം എന്നോ ഒഴിവാകണം എന്നോ ഒരു കമ്മിറ്റിയോട് പറയാന്‍ അക്കാദമിയ്ക്കാവില്ല. മലയാള സിനിമയുടെ കാര്യം പറയുകയാണെങ്കില്‍, ഇന്നത്തെ മലയാള സിനിമയില്‍ നടക്കുന്നതെന്തോ, അതിന്റെ ഒരു ‘പനോരമിക്ക് വ്യൂ’ നല്‍കുക എന്നതാണ് ആ വിഭാഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

സിനിമ കാണുകപോലും ചെയ്യാതെ ഒഴിവാക്കിയെന്നും ആരോപണങ്ങളുണ്ടായല്ലോ?

ഇവിടെ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റിയെന്നത് ഒരു ജൂറി അല്ല. ഒരു ജൂറിയ്ക്ക് തങ്ങളുടെ മുന്നില്‍ എത്തുന്ന സിനിമകള്‍ പൂർണമായും കാണേണ്ട ബാധ്യതയുണ്ട്. എന്നാല്‍ ഒരു സെലക്ഷന്‍ കമ്മിറ്റിയ്ക്ക് ഒരു സിനിമ ‘ജഡ്‌ജ്’ ചെയ്യേണ്ട കാര്യമേ വരുന്നുള്ളൂ. ഒരു സിനിമയുടെ അമ്പതു ശതമാനം കണ്ടശേഷം ഇത് നമ്മുടെ കാഴ്ചക്കാര്‍ക്ക് തീരെ ഇഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് കമ്മിറ്റിയ്ക്ക് തോന്നിയാല്‍, അത് ഒഴിവാക്കാനുള്ള സ്വാതന്ത്യം അവര്‍ക്കുണ്ട്. പക്ഷേ ഇത് പറയുമ്പോഴും നമ്മുടെ കമ്മിറ്റികള്‍, സിനിമ കാണുന്നതിലോ, തെരെഞ്ഞെടുക്കുന്നതിലോ, എന്തെങ്കിലും തരത്തില്‍ അൺഫെയർ ആയ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

Read Here: IFFK 2019: നീതി നിഷേധിച്ചു; കേരള ചലച്ചിത്ര അക്കാദമിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള ചലച്ചിത്ര മേള, Beena Paul
Bina Paul, Photo. Achu Krisha/IeM

ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതകളെക്കുറിച്ച് പറയാമോ?

ലോകമെമ്പാടും നിന്നുള്ള മികച്ച സിനിമകള്‍ തന്നെയാണ് പ്രധാനമായുമുള്ളത്. പ്രത്യേകിച്ചും മറ്റിടങ്ങളില്‍ വലിയ അംഗീകാരങ്ങള്‍ കിട്ടാത്ത, എന്നാല്‍ കേരളത്തിന്‌ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ചെറു സിനിമകള്‍. പരീക്ഷണസിനിമകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ‘Experimenta’ എന്നൊരു പാക്കേജ് ഉണ്ട്. ഫിലിമില്‍നിന്നു ഡിജിറ്റലിലേക്ക് മാറിയതോടെ സിനിമയില്‍ ധാരാളം പരീക്ഷണങ്ങള്‍ സാധ്യമാവുന്നുണ്ട്. ലോങ് ടേക്ക്, ഡീപ്പ് ഫോക്കസ്, സ്റ്റാറ്റിക്ക് ക്യാമറ തുടങ്ങിയ സിനിമാറ്റിക്ക് ടെക്നിക്കുകള്‍ പരീക്ഷിക്കപ്പെട്ടിട്ടുള്ള സിനിമകളാണ് ഇതിലുള്ളത്. സാമ്പ്രദായിക നരേറ്റിവില്‍നിന്നു വളരെ വ്യത്യസ്തവും സ്വതന്ത്രവുമായ രീതിയിലാണ് ഈ സിനിമകള്‍ അവയുടെ പ്രമേയത്തെയും കഥാപാത്രങ്ങളെയും മേക്കിങ് പ്രക്രിയയെയും സമീപിച്ചിരിക്കുന്നത്.

പരീക്ഷണ സിനിമകള്‍ ചെയ്യുന്ന ഇന്ത്യന്‍ ഫിലിംമേക്കേഴ്സായ ഷായ് ഹെരെദിയ, രുചിര്‍ ജോഷി എന്നിവര്‍ തമ്മിലുള്ള സംഭാഷണം പ്ലാന്‍ ചെയ്തിട്ടുണ്ട്. റോയ് ആണ്ടേര്‍സണ്‍, ടോണി ഗേറ്ളിഫ് എന്നീ മാസ്റ്റര്‍ ഫിലിംമേക്കേഴ്സിന്റെ ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. മലയാളത്തിന്റെ പ്രിയ താരം ശാരദയെ ആദരിക്കുന്നതിന്റെ ഭാഗമായി അവരുടെ പ്രധാനപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പാക്കേജ് ഉണ്ട്. തേര്‍ഡ് സിനിമയുടെ തലതൊട്ടപ്പന്‍ എന്നൊക്കെ വിളിക്കാവുന്ന ഫെര്‍ണാണ്ടോ ‘പിനോ’ സോളനാസിനാണ് ഈ വര്‍ഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം. പഴയ തലമുറയിലെ ‘കള്‍ട്ട് ഫിഗര്‍’ ആയ അദ്ദേഹത്തെ പുതിയ തലമുറയ്ക്ക് എത്രത്തോളം അറിയാം എന്നറിയില്ല. പക്ഷേ ഞങ്ങളൊക്കെ സിനിമയെ അറിഞ്ഞുതുടങ്ങുന്ന കാലത്ത് വലിയ സ്വാധീനം ചെലുത്തിയ ഒരു അതികായനായിരുന്നു അദ്ദേഹം.

പിന്നെ, ഭാവിയില്‍ ഒരു ഫിലിം മാര്‍ക്കറ്റ്‌ സജ്ജീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ചില പരിശ്രമങ്ങള്‍ ഈ വര്‍ഷം നടത്തുന്നുണ്ട്.

അതും ഒരു വിവാദവിഷയമാണ്, പ്രൊഫണലായി നടത്തുന്നില്ല എന്നൊക്കെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്?

പൂർണതോതിലുള്ള ഫിലിം മാര്‍ക്കറ്റ് അല്ല ചെയ്യുന്നതെന്നാണ് ആദ്യം പറയാനുള്ളത്. ഭാവിയില്‍ അങ്ങനെയൊന്ന് എങ്ങനെ നടത്താമെന്നതിന്റെ പ്രാരംഭ നടപടിയായാണ് ഇപ്പോഴത്തേത് വിഭാവന ചെയ്തിട്ടുള്ളത്. മാര്‍ക്കറ്റ് ഒരു സുപ്രഭാതത്തില്‍ ലോഞ്ച് ചെയ്യാന്‍ പറ്റില്ല. അത് എങ്ങനെ ചെയ്യണമെന്നാണു ഇപ്പോള്‍ ആലോചിക്കുന്നത്. ഐഎഫ്എഫ്കെയെ സംബന്ധിച്ച് ഇതൊരു പ്രധാനപ്പെട്ട ചുവടുവയ്പും പുതിയൊരു  കാഴ്ചപ്പാടുമാണ്.

പുതിയ മലയാള ചിത്രങ്ങള്‍ വലിയ ഒരു ഓഡിയന്‍സിലേക്ക് എത്തിക്കുക, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്ക് പുതിയ ബിസിനസ് സാധ്യതകള്‍ അന്വേഷിക്കാനുള്ള അവസരങ്ങള്‍ നല്‍കുക എന്നിവയാണ് മാര്‍ക്കറ്റ്‌ ലക്ഷ്യമിടുന്നത്.  കണ്ടന്റിന്വലിയ ഡിമാന്‍ഡ്‌ ഉള്ള ഒരു കാലഘട്ടത്തില്‍ മലയാളത്തിലെ ടാലെന്റ്റ്‌ കണ്ടെത്താനും അവരുമായി നെറ്റ്‌വര്‍ക്ക് ചെയ്യാനും ഒക്കെയുള്ള അവസരങ്ങള്‍ മറ്റിടങ്ങളില്‍ നിന്നുള്ള പ്രൊഡ്യൂസേര്‍സിന് നല്‍കാനും മാര്‍ക്കറ്റ് സഹായിക്കുമെന്ന് കരുതുന്നു.

മലയാള സിനിമയെ ഹൈലൈറ്റ് ചെയ്യാനും ഉയര്‍ന്നുവരുന്ന ചലച്ചിത്രപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്കുവേണ്ട എക്സ്പോഷര്‍, സംവദിക്കാനുള്ള വേദി എന്നിവ നല്‍കാനുമാണ് ആഗ്രഹിക്കുന്നത്. കൂടാതെ ഒരു നെറ്റ്‌വർക്കിംഗ്‌ ഇവന്റ് എന്ന നിലയില്‍ ആമസോണ്‍, നെറ്റ്ഫ്ലിക്സ് എന്നിങ്ങനെയുള്ള പ്ലാറ്റ്ഫോമുകള്‍ റീജ്യണല്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതും വാങ്ങുന്നതും എങ്ങനെ എന്നൊക്കെയുള്ള അറിവുകള്‍ സമ്പാദിക്കാനും സാധിക്കും.

മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത്, ലോകമെമ്പാടും ഉള്ള ഫിലിം മാര്‍ക്കറ്റുകള്‍ അവയുടെ വിഷൻ മാറ്റിക്കൊണ്ടിരിക്കുകയാണ്. മുന്‍പത്തെപ്പോലെയല്ല, ഇപ്പോള്‍ എല്ലായിടത്തും ഇ-മാര്‍ക്കറ്റുകളാണ്.

ലോകസിനിമ വളരെ അടുത്ത് കാണുന്ന ഒരാളെന്ന നിലയില്‍ ഈ വര്‍ഷം ലോകസിനിമ ചര്‍ച്ച ചെയ്ത ഒരു വിഷയം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ഇന്ത്യയ്ക്കും കേരളത്തിനും പ്രസക്തമാണോ?

സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റമാണ് ഏറ്റവും ശ്രദ്ധേയമായി തോന്നിയത്. സമകാലിക സിനിമയില്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്നു. സ്ത്രീ ‘പ്രൊട്ടാഗണിസ്റ്റുകള്‍’ ഉള്ള മികച്ച സിനിമകള്‍ക്ക് ഒടുവില്‍ ലോകം ‘സ്പേസ്’ കൊടുത്തത് വളരെ ഇന്ററസ്റ്റിങ് ആയി തോന്നുന്ന കാര്യമാണ്. ജെൻഡർ ഡിസ്കോഴ്സ് തന്നെയാണ് ഇപ്പോള്‍ പ്രധാനം.

സെന്‍സര്‍ഷിപ്‌ ആണ് മറ്റൊന്ന്. നമ്മുടെ ഉദ്ഘാടന ചിത്രം ‘Passed by Censor’ സംസാരിക്കുന്നത് ഈ വിഷയമാണ്. എനിക്ക് പ്രസക്തമായി തോന്നുന്നത് ഇത് രണ്ടുമാണ്.

എല്ലാ സിനിമകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രധാനം തന്നെയാണ്. മറ്റൊരു ലോകം, മറ്റൊരു ഐഡിയ, മറ്റൊരു സമൂഹം എന്നിവയിലേക്കുള്ള വാതിലുകള്‍ അല്ലേ ഓരോ സിനിമയും… പുതിയ കാലത്തിന്റെ പ്രശ്നങ്ങളെ സങ്കോചമില്ലാതെ തുറന്നു സംസാരിക്കുന്നതും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതും വഴി മനുഷ്യസമൂഹത്തെ തന്നെ ഒന്നിപ്പിക്കുകയാണ് സിനിമകള്‍. ഈ സിനിമകള്‍ കാണുന്ന ഒരാളുടെ ലോകവീക്ഷണത്തിലെങ്കിലും മാറ്റം കൊണ്ടുവരാന്‍ സാധിച്ചാല്‍, അതാണ്‌ ഈ മേളയുടെ വിജയത്തിന്റെ അളവുകോല്‍.

Read Here: IFFK 2019: 14 വേദികൾ, 186 ചിത്രങ്ങൾ; കേരളത്തിന്റെ സിനിമാ വസന്തമൊരുങ്ങുന്നു

ഈ മേളയുടെ നേട്ടം എന്ന് താങ്കള്‍ കരുതുന്നത് എന്താണ്?

പതിനായിരക്കണക്കിനു ആളുകള്‍ ഇവിടെ വന്ന് സിനിമ കണ്ടുപോകുന്നു. സിനിമ കാണലും മനസ്സിലാക്കലും ചര്‍ച്ചകളും ഒക്കെയായി ഇതൊരു ഫിലിം സ്കൂള്‍ പോലെയാണ്. മേളയില്‍ പങ്കെടുത്ത ഈ നിമിഷമാണ് ഒരു ചലച്ചിത്രകാരനാകാന്‍ എന്നെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞ ഫിലിംമേക്കേഴ്സ് ഉണ്ടിവിടെ.

വര്‍ഷം തോറും പെരുകുന്ന ഒരു ഓഡിയന്‍സ്, അതും വളരെ അറിവുള്ളവരും എൻലൈറ്റൻഡുമായ ഓഡിയന്‍സ്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന, നിലവാരമുള്ള കണ്ടെന്റ് കൊടുക്കാന്‍ മേളയ്ക്ക് സാധിക്കുന്നുവെന്ന് വിശ്വസിക്കുന്നു.

മേളയുടെ ‘വീക്ക്‌പോയിന്റ്‌’ എന്താണ്?

മേള വളരുന്നത്‌ അനുസരിച്ച് നിലവാരം മെയിന്റൈൻ ചെയ്യുക എന്നത്. ഇത്ര വലിയ ഇവന്റ് ആകുമ്പോള്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. എസ്തെറ്റിക് സ്റ്റാൻഡേർഡ് മുതല്‍ നടത്തിപ്പിന്റെ വിവിധ വശങ്ങള്‍ വരെ എല്ലാം ഏറ്റവും മികച്ചതായിരിക്കണം. അത് ചെയ്യാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് അതിനനുസൃതമായ സാമ്പത്തികമാണ്. അത് എപ്പോഴും ഉണ്ടാവാറില്ല. പക്ഷേ ഈ വെല്ലുവിളികള്‍ തന്നെയാണ് വളര്‍ച്ചയുടെ ചവിട്ടുപടികള്‍.

കേരള പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ചെലവ് ചുരുക്കല്‍ ഇത്തവണയും മേളയ്ക്ക് ബാധകമല്ലേ?

അതെ. പക്ഷേ അത് സിനിമകളുടെ നിലവാരത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിദേശ അതിഥികള്‍, ചില ഇവന്‍റുകള്‍ തുടങ്ങിയ മേഖലകളിലാണ് ചെലവ് ചുരുക്കിയിട്ടുള്ളത്.

രാജ്യം ഒരു പ്രത്യേക ഘട്ടത്തില്‍ കൂടി കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. കലയ്ക്കും സിനിമയ്ക്കും എല്ലാം പുതിയ അതിരുകളുണ്ടിപ്പോള്‍. അത്തരം വിഷയങ്ങളില്‍ എല്ലാം ശക്തമായ നിലപാടെടുക്കുന്ന സംസ്ഥാനമാണ് കേരളം. ആ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളില്‍ ഒന്നാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. അത്തരത്തില്‍ നോക്കിയാല്‍ ഈ വര്‍ഷത്തെ മേളയുടെ ആറ്റിറ്റ്യൂഡ് എന്താണ്?

നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് തന്നെയാണ് ഐ എഫ് എഫ് കെയുടെ മൂല്യം. സ്വതന്ത്രവും തുറന്നതുമായ ആശയവിനിമയത്തിനുള്ള ഇടം എന്ന നിലയിലാണ് ഈ മേള പണിതുയര്‍ത്തിയിട്ടുള്ളത്. ആര്‍ക്കും ആരുമായും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കണം. മേളയെ സംബന്ധിച്ച്, അത് തന്നെയാണ് എല്ലാ പ്രവര്‍ത്തനങ്ങളുടേയും അടിസ്ഥാനം. ആർട്ടിസ്റ്റിക്  എക്സ്‌പ്രഷനുള്ള ഒരിടമായി ഇതിനെ പരിരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.

സെന്‍സര്‍ പ്രശ്നങ്ങളാണ് ഏറ്റവും അധികം അലട്ടിയിട്ടുള്ളത്. കോടതി ഇടപെടുന്ന സ്ഥിതി വരെ വന്നിട്ടുണ്ട്.

ഇരുപത്തിയഞ്ചാം പതിപ്പാണ്‌ അടുത്തത്. ‘Reform IFFK’ ക്യാമ്പയിനൊക്കെ സജീവമാണ്. അവര്‍ ആവശ്യപ്പെടുന്നതിനപ്പുറത്തേക്ക്, 25 വയസായ ഒരു എന്റർപ്രൈസ് എന്ന നിലയ്ക്ക് ചില അഴിച്ചുപണികള്‍ മേളയ്ക്ക് ആവശ്യമില്ലേ?

‘Reform IFFK’ റിഫോം ഐഎഫ്എഫ്കെ എന്ന ഡിമാൻഡ് വയ്ക്കാന്‍ സാധിക്കുന്നത് പോലും മേളയുടെ ജനാധിപത്യ സ്വഭാവം വെളിവാക്കുന്നതാണ്. എല്ലാവരും അതിന്റെ ഭാഗമാണെന്ന് തോന്നുന്നത് കൊണ്ടാണ് അങ്ങനെ ഡിമാൻഡ് ചെയ്യാന്‍ സാധിക്കുന്നത്. ഐഎഫ്എഫ്കെ കാലഹരണപ്പെട്ട ഒരു സിസ്റ്റമാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു ഡയലോഗിനുള്ള സ്പേസ് എപ്പോഴുമുണ്ട്. പക്ഷേ ആ ഡയലോഗ് എങ്ങനെ മുന്നോട്ടു കൊണ്ട പോകണമെന്നത് വളരെ പ്രധാനമാണ്. പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. ഒരുപാട് പരിധികള്‍ക്കുള്ളില്‍നിന്നു വേണം ഇതെല്ലാം ചെയ്യാന്‍.  ഇപ്പോള്‍ ഞങ്ങളാലാവും വിധം നന്നായി കാര്യങ്ങള്‍ നടത്തുകയാണ്.

Read Here: IFFK 2019: Tony Gatlif Films: ജിപ്സി ജീവിതം നിര്‍മിച്ച സിനിമ

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Bina paul artistic director on iffk films events controversies