തിരുവനന്തപുരം: ഇത്തവണത്തെ ചലച്ചിത്രമേളയില്‍ ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കും. വരിനില്‍ക്കാതെ തിയേറ്ററുകളില്‍ പ്രവേശിക്കുവാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് തിയേറ്ററുകളില്‍ ക്രമീകരീച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ പ്രവേശനത്തിന് പ്രത്യേക റാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭ്യത അനുസരിച്ചുള്ള പ്രത്യേക പാര്‍ക്കിംഗ് സൗകര്യമാണ് മേള നടക്കുന്ന തിയേറ്റുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. 70 വയസ്സ് കഴിഞ്ഞവര്‍ക്കും തിയേറ്ററുകളില്‍ ക്യൂ നില്‍ക്കാതെ പ്രവേശനം അനുവദിക്കും.
22 ആം രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷക സൗഹൃദവും സുരക്ഷിതവുമാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മേളയുടെ ടെക്നിക്കല്‍ കമ്മിറ്റി തിയേറ്ററുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ഇരിപ്പിടങ്ങളുടെ ക്രമീകരണം, ശബ്ദ-ദൃശ്യ സംവിധാനം, ശുചിത്വം തുടങ്ങിയ സൗകര്യങ്ങളാണ് കമ്മിറ്റി പ്രധാനമായും വിലയിരുത്തിയത്.
തിയേറ്ററുകളിലെ സീറ്റുകളിലെ എണ്ണമനുസരിച്ച് മാത്രമാണ് ഇക്കുറി പ്രേക്ഷകര്‍ക്ക് പ്രവേശനം. മേള നടക്കുന്ന 15 തിയേറ്ററുകളിലായി 8048 സീറ്റുകളാണുള്ളത്. എങ്കിലും വിവിധ വിഭാഗങ്ങളിലായി പതിനായിരം പാസുകളാണ് വിതരണം ചെയ്യുന്നത്.
7000 പാസുകളാണ് പൊതുവിഭാഗത്തില്‍ വിതരണം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍, സിനിമ-ടെലിവിഷന്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് 1000 പാസുകള്‍ വീതവും, ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും 500 വീതവും നല്‍കും.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന അനുസരിച്ച് തിയേറ്ററുകളില്‍ പ്രവേശിക്കാം. 60 ശതമാനം സീറ്റുകളിലാണ് റിസര്‍വേഷന്‍ അനുവദിക്കുക. മുൻ വർഷങ്ങളിലെപോലെ നിലത്തിരുന്നും നിന്നും ചിത്രം കാണാന്‍ പ്രേക്ഷകര്‍ക്ക് അനുമതിയുണ്ടാകില്ല. തിയേറ്റര്‍ അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചും സുരക്ഷാകാരണങ്ങളാലുമാണിത്. തീപിടുത്തം നേരിടാന്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ തിയേറ്ററുകളില്‍ ഉറപ്പുവരുത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ഇത്തവണയും മേള.