തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി തുറന്ന വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ സ്റ്റാള്‍ നടിയും പ്രമുഖ സംവിധായകയുമായ അപര്‍ണ സെന്‍ ഉദ്ഘാടനം ചെയ്തു. ‘സ്ത്രീകള്‍ (പുരുഷന്മാരും) സിനിമയിലെ ലിംഗ അസമത്വത്തിനും അനീതിക്കുമെതിരെ ഒന്നിച്ചു നില്‍ക്കണം’ എന്ന് സ്റ്റാളില്‍ സ്ഥാപിച്ച ബോര്‍ഡില്‍ എഴുതിക്കൊണ്ടാണ് അപര്‍ണ സെന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്.

ഐഎഫ്എഫ്‌കെയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെര്‍പേഴ്‌സണുമായ ബീനാ പോളിനൊപ്പമാണ് അപര്‍ണ സെന്‍ സ്റ്റാളില്‍ എത്തിയത്. ഡബ്ല്യൂസിസിയുടെ മറ്റ് അംഗങ്ങളായ ദീദി ദാമോദരൻ, റിമ കല്ലിങ്കൽ, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ഇന്ദു നമ്പൂതിരി, എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഇവരെക്കൂടാതെ കെ.പി.കുമാരന്‍, ബി.ഉണ്ണികൃഷ്ണന്‍, വി.എസ്.വിജയന്‍ എന്നിവരും ചടങ്ങിലേക്ക് എത്തിയിരുന്നു.

ഐഎഫ്എഫ്‌കെയില്‍ എല്ലാവര്‍ഷവും സിനിമാ സംഘടനകള്‍ക്ക് സ്റ്റാള്‍ അനുവദിക്കാറുണ്ടെന്നും തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്റ്റാളിനെ പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് വിനിയോഗിക്കുന്നതെന്ന് സജിത മഠത്തില്‍ വ്യക്തമാക്കി. ഡബ്ലൂസിസിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ബ്രോഷറും സ്റ്റാളില്‍ ലഭ്യമാണ്.

മേളയില്‍ നിന്നും സുരഭിയെ ഒഴിവാക്കിയെന്ന പരാതിയിലും സജിത മഠത്തില്‍ പ്രതികരിച്ചു. ഐഎഫ്എഫ്‌കെയില്‍ അത്തരത്തില്‍ പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന കീഴ് വഴക്കങ്ങളില്ല, ദേശീയ ചലച്ചിത്ര മേളയിലാണ് അത്തരം ചടങ്ങുകള്‍ നടത്താറുള്ളതെന്നും സജിത മഠത്തില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ