തിരുവനന്തപുരം: തന്‍റെ സംവിധാനത്തിലൊരുങ്ങിയ സിനിമയായ സെക്സി ദുര്‍ഗയെ കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐഎഫ്എഫ്കെയില്‍ നിന്നും പിന്‍വലിച്ചത്തിനു പിന്നാലെ ചലച്ചിത്ര അക്കാദമിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍. സ്വതന്ത്ര സിനിമകളുടെ ‘കില്ലിങ് പ്ലാറ്റ്ഫോം ആയി മാറുകയാണ് ഐഎഫ്എഫ്കെ എന്നു പറഞ്ഞ സനല്‍കുമാര്‍ ശശിധരന്‍. സ്വതന്ത്ര സിനിമാ സംവിധായകാരെ അവഹേളിക്കുന്ന സമീപനമാണ് ചലച്ചിത്ര അക്കാദമിയുടേത് അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്കെയില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു സനല്‍കുമാര്‍ ശശിധരന്‍.

ചലച്ചിത്ര അക്കാദമി പലപ്പോഴും സ്ഥാപിത താത്പര്യങ്ങളില്‍ ഒതുങ്ങുകയാണ് എന്നു വിമര്‍ശിച്ച സംവിധായകന്‍. അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ കേരളത്തില്‍ നിന്നുമുള്ള സ്വതന്ത്ര സിനിമളുടെ എണ്ണം കുറഞ്ഞു വരികകയാണ് എന്ന് ചൂണ്ടിക്കാണിക്കുന്നു. “ചലച്ചിത്ര അക്കാദമി വളരെ പാസീവാണ്. അക്കാദമിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ കടത്തിവിടുകയാണ് കുറച്ചുകാലമായി ഫിലിം ഫെസ്റ്റിവലുകളില്‍ നടക്കുന്ന കാര്യം. കുറച്ചു പേരെയൊക്കെ പേരിനു മാത്രം ഉള്‍പ്പെടുത്തണം എന്നേ അവര്‍ക്കുള്ളൂ.” സനല്‍കുമാര്‍ പറഞ്ഞു. 2016ലെ നിര്‍മാണം പൂർത്തിയാക്കിയ സെക്സി ദുര്‍ഗ കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക തന്നെയായിരുന്നു എന്ന് സനല്‍ നേരത്തെ പറഞ്ഞിരുന്നു.

“മികച്ച സൃഷ്ടികളെ മത്സരവിഭാഗത്തില്‍ പെടുത്താതെ പ്രാദേശിക സിനിമക്കായുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒതുക്കുകയാണ് അക്കാദമി ചെയ്യുന്നത്. ഡോണ്‍ പാലത്തറയുടെ പോലെ കലാമൂല്യമുള്ള ചലച്ചിത്രങ്ങളെ അകാരണമായാണ് ഉൾപ്പെടുത്താതിരുന്നത്. ഐഎഫ്എഫ്കെയ്ക്ക് കുറച്ചു പേരെ പേരിനു മാത്രം ഉള്‍പ്പെടുത്തണം എന്നു മാത്രമേ ഉള്ളൂവെന്നും.” സംവിധായകന്‍ ആരോപിക്കുന്നു.

അക്കാദമിയുടെ രാഷ്ട്രീയതാത്പര്യങ്ങളാണ് പലപ്പോഴും ജൂറിയുടെ തിരഞ്ഞെടുപ്പുകളില്‍ കാണുന്നത് എന്നു പറഞ്ഞ സനല്‍കുമാര്‍ ശശിധരന്‍ വളര്‍ന്നു വരുന്ന സിനിമാ സംവിധായകരെ ഒതുക്കുക എന്നതാണോ ഐഎഫ്എഫ്കെയുടെ ഉദ്ദേശം എന്ന് സംശയിച്ചു പോകുന്നതായും പറഞ്ഞു. ” കേരളാ സ്റ്റേറ്റ് ഫിലിം ഡവലപ്മെന്‍റ് അവാര്‍ഡ്, ഐഎഫ്എഫ്കെ എന്നിവയെ താരനിശയാക്കുകയാണ് ചലച്ചിത്ര അക്കാദമിയുടെ താത്പര്യം. ഐഎഫ്എഫ്കെയിലെ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും ക്രൈറ്റീരിയ ഉള്ളതായി അറിയില്ല. കലാമൂല്യമുള്ള സിനിമകള്‍ക്ക് ഒരുക്കുന്ന വേദിയില്‍ ഒന്നുകില്‍ ആര്‍ട്ട് സിനിമകളെ കൂടുതല്‍ ഉള്‍പ്പെടുത്തണം. അല്ലെങ്കിൽ നറേഷനിലോ ക്രാഫ്റ്റിലോ മാറ്റങ്ങള്‍ കൊണ്ടുവന്നവരെ ഉള്‍ക്കൊള്ളിക്കണം. ഇതൊന്നുമല്ല ഇപ്പോള്‍ നടക്കുന്നത് ” അദ്ദേഹം പറഞ്ഞു.

ഐഎഫ്എഫ്കെയില്‍ ഒരു സ്ക്രീനിങ് ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരു സിനിമയും കേരളത്തില്‍ രക്ഷപ്പെട്ടിട്ടില്ല എന്നു പറഞ്ഞ സനല്‍കുമാര്‍ ‘മെറിറ്റുള്ള’ സിനിമകളെ ഇല്ലാതാക്കുക എന്നതാണോ ഐഎഫ്എഫ്കെ ഉദ്ദേശിക്കുന്നത് എന്നും ആരായുന്നു. ” ഒഴിവു ദിവസത്തെ കളിയും സെക്സി ദുര്‍ഗയും അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ പുരസ്കാരങ്ങള്‍ വാങ്ങിയ സിനിമകളാണ്. എന്നാല്‍ അവയെ മത്സരവിഭാഗങ്ങളില്‍ നിന്നും ഒഴിവാക്കി മലയാളം സിനിമാ ടുഡേ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. ലോകോത്തര സിനിമകളെ കേരളത്തിലേക്ക് എത്തിക്കുക എന്നതു പോലെ തന്നെ ലോകം കാണാന്‍ ആഗ്രഹിക്കുന്ന മലയാള സിനിമകളെ കണ്ടെത്താനും അതിനു മറ്റു അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ മാര്‍ക്കറ്റ് കിട്ടാനുമുള്ള ശ്രമമുണ്ടാവണം.” ചലച്ചിത്ര അക്കാദമിയുടെ നിസ്സംഗതയെ ചൂണ്ടിക്കാട്ടിക്കൊണ്ട് സനല്‍ പറഞ്ഞു.

“തുടങ്ങിയിട്ട് ഇരുപതു വര്‍ഷം കഴിഞ്ഞ ഐഎഫ്എഫ്കെയ്ക്ക് പ്രാദേശികമായി നിര്‍മിക്കപ്പെടുന്ന സ്വതന്ത്ര സിനിമകള്‍ക്കൊരു വിപണിയൊരുക്കാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല. എന്നുമാത്രമല്ല ഏറെ സാധ്യതകളുള്ള സിനിമകളുടെ ‘കില്ലിങ് പ്ലാറ്റ്ഫോം’ ആവുകയാണ് ഐഎഫ്എഫ്കെ. ഇവിടത്തെ പ്രാദേശിക പത്രങ്ങളില്‍ വരും എന്നതിനപ്പുറം ഐഎഫ്എഫ്കെയില്‍ പങ്കെടുത്തു എന്നതുകൊണ്ട് ഒരു സംവിധായകന് ഒന്നും തന്നെ ലഭിക്കുകയില്ല. ഇനി മത്സരവിഭാഗത്തിലല്ല പ്രാദേശിക സിനിമകളുടെ കൂട്ടത്തിലേക്കാണ് നല്ല സിനിമകള്‍ പ്രദര്‍ശിക്കപ്പെടുന്നത് എങ്കില്‍ മറ്റു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകലില്‍ ആ സിനിമയ്ക്ക് കുറഞ്ഞ പ്രാധാന്യമേ കണക്കാക്കുകയുള്ളൂ.” സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

“സ്വതന്ത്ര സിനിമയ്ക്ക് ഒരു വിപണി കൊണ്ടുവരാന്‍ കേരളത്തിനു പുറത്തുള്ള പല ചെറിയ ഫിലിം ഫെസ്റ്റിവലുകള്‍ക്കും സാധിക്കുന്നുണ്ട്. പ്രാദേശിക സിനിമകളെ കണ്ടെത്തുക, അത് മറ്റു ഫെസ്റ്റുകളിലേക്ക് അയക്കുക എന്നതൊക്കെ ചലച്ചിത്ര അക്കാദമി മുന്‍കൈയെടുത്ത് ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാല്‍ കേരളത്തിലെ ചലച്ചിത്ര അക്കാദമി ഇതൊന്നും ഗൗനിക്കുന്നില്ല എന്ന് മാത്രമല്ല, കലാമൂല്യമുള്ള സിനിമകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവരെ മുഴുവന്‍ അവഹേളിക്കുകയാണ് ചെയ്യുന്നത്.” സനല്‍കുമാര്‍ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിലെ ടൈഗര്‍ പുരസ്കാരം അടക്കം പത്തൊമ്പത്തോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്കാരങ്ങള്‍ വാരികൂട്ടിയ സിനിമയാണ് സെക്സി ദുര്‍ഗ. ഒഴിവുദിവസത്തെ കളി, ഒരാള്‍പൊക്കം എന്നിവ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സിനിമകളാണ്.

Read More : ‘അഹങ്കാരമെന്ന് വിളിച്ചോളു, സെക്സി ദുര്‍ഗ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കില്ല’; സനല്‍കുമാര്‍ ശശിധരന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ