രാജ്യാന്തര ചലച്ചിത്ര മേളയിൽ മാധ്യമ പ്രവർത്തകയായും ആസ്വാദകയായും പങ്കെടുത്തിട്ടുണ്ട് വിധു വിൻസെന്റ്. എന്നാൽ സംവിധായികയുടെ കുപ്പായമണിഞ്ഞാണ് ഇത്തവണത്തെ മേളയിൽ എത്തിയത്. തന്റെ ആദ്യ ചിത്രമായ മാൻഹോൾ മൽസരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അവാർഡുകളൊന്നും പ്രതീക്ഷിച്ചില്ല. പക്ഷേ അപ്പോഴേക്കും ചലച്ചിത്രമേളയുടെ മൽസരവിഭാഗത്തിൽ ആദ്യമായെത്തുന്ന ഒരു മലയാളി വനിതാ സംവിധായകയെന്ന ചരിത്രത്തിന്റെ ഭാഗമായി വിധു മാറിയിരുന്നു. രണ്ടു അവാർഡുകൾ കൂടി നേടിയപ്പോൾ അതൊരു പുതിയ ചരിത്രമായി. വിധുവിന്റെ സിനിമയും മറ്റൊരു ചരിത്രമാണ്. ചരിത്രത്തിന്റെ വഴികളിൽ നിന്നും വിമോചിപ്പിക്കപ്പെടാതെ ഇന്നും തോട്ടിപ്പണി ചെയ്യേണ്ടി വരുന്നവരുടെ ജീവിതചിത്രമാണത്. ഐക്യ കേരളത്തിന് മുമ്പ് കേരളത്തിലെത്തിക്കപ്പെട്ടരുടെ തലമുറ കേരളത്തിന് അറുപത് വയസ്സാകുന്ന കാലത്തും പഴയകാലത്തെ അവസ്ഥയിൽ തന്നെ തുടരുന്നുവെന്ന സാമൂഹികാവസ്ഥയുടെ ചിത്രീകരണമാണ് മാൻഹോൾ
വർഷങ്ങൾ നീണ്ടുനിന്ന മാധ്യമപ്രവർത്തനമേഖലയിലെ അനുഭവപരിചയമാണ് വിധുവിനെ സംവിധായികയാക്കിയത്. വെല്ലുവിളികൾ ഏറെയുണ്ടായെങ്കിലും അവയെല്ലാം തരണം ചെയ്ത് ലക്ഷ്യം നേടിയെടുത്ത വിധുവിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തേകുന്നതാണ് ചലച്ചിത്രമേളയിൽ മാൻഹോൾ സ്വന്തമാക്കിയ അവാർഡുകൾ.
മാധ്യമപ്രവർത്തകയിൽ നിന്നും സംവിധായികയിലേക്ക്
സ്ഥിരമായി ഫിലിം ഫെസ്റ്റിവലുകളിൽ വരികയും സിനിമകൾ കാണുകയും ചെയ്യുന്ന വ്യക്തിയാണ്. പക്ഷേ അപ്പോഴൊന്നും സിനിമയുടെ പിന്നണിയിലേക്ക് വരണമെന്നു ആലോചിച്ചിരുന്നില്ല. വൃത്തിയുടെ ജാതി എന്ന പേരിൽ ഡോക്യുമെന്ററിയാണ് ആദ്യം ചെയ്തത്. പിന്നീട് കൂടുതൽപേരിലേക്ക് ഈ വിഷയം എത്തിക്കണമെന്നു തോന്നി. അങ്ങനെയാണ് സിനിമ എന്ന തലത്തിലേക്ക് ചിന്തിച്ചത്.
മാൻഹോൾ ചിത്രീകരണ സമയത്തെ വെല്ലുവിളികൾ
ആദ്യമായി ചെയ്യുന്ന ഒരു പ്രോജക്ട് എന്ന നിലയിൽ പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. പിന്നെ സിനിമയെന്നത് പുരുഷന്മാർ മേധാവിത്വമുള്ള മേഖലയാണ്. അവിട ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ജോലി ചെയ്യാൻ സ്വാഭാവികമായും ചിലർക്കൊക്കെ ബുദ്ധിമുട്ടുണ്ടാവും. പക്ഷേ അവയൊക്കെ പെട്ടെന്നുതന്നെ തരണം ചെയ്തു. ബജറ്റ് ഇല്ലാത്തതുകാരണം ചുരുങ്ങിയ സമയംകൊണ്ടാണ് മാൻഹോളിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ചെറിയ ബജറ്റിൽനിന്നുകൊണ്ട് സിനിമ ചെയ്യുന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാൻഹോളിനും ഉണ്ടായിരുന്നു. ടീമിന്റ പിന്തുണ കൊണ്ട് അവയൊക്കെ തരണം ചെയ്തെന്നാണ് വിശ്വാസം.
സ്ത്രീകൾ സംവിധാനരംഗത്തേക്ക് കടന്നുവരാത്തത്
കഴിഞ്ഞ കുറേ വർഷമായി മാധ്യമരംഗത്ത് നിൽക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ഒരു ദിവസം പല വ്യക്തികളുമായി ഇടപഴകേണ്ടിവരും. പകലും രാത്രിയും ജോലി ചെയ്യേണ്ടി വരും. അതിനാൽതന്നെ സംവിധായിക ആയപ്പോഴും എനിക്കിതൊന്നും പ്രശ്നമായി തോന്നിയില്ല. മുപ്പതോ നാൽപതോ പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്നതും പ്രശ്നമല്ല. പക്ഷേ ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ബുദ്ധിമുട്ടാണ്. അതിനാൽതന്നെ പലരും ഈ രംഗത്തേക്ക് കടന്നുവരാൻ മടിക്കുന്നുവെന്നാണ് തോന്നിയിട്ടുള്ളത്.
മാധ്യമരംഗത്തെ പരിചയം സംവിധായകയായപ്പോൾ ഗുണകരമായത്
മാൻഹോൾ ചെയ്യാനുള്ള വിഷയം കിട്ടിയതുതന്നെ മാധ്യമരംഗത്തെ അനുഭവത്തിലൂടെയാണ്. വിഷ്വൽരംഗത്തെ അനുഭവപരിചയം ഓരോ സീൻ ഷൂട്ട് ചെയ്യുന്പോഴും സഹായകമായി. മാൻഹോൾ ചിത്രീകരണത്തിന്റെ പല സമയത്തും മാധ്യമപ്രവർത്തനം ഗുണകരമായി.
അടുത്ത പ്രോജക്ട്
മാധ്യമപ്രവർത്തനകാലത്തുണ്ടായ അനുഭവവുമായി ബന്ധപ്പെട്ടുള്ളതാണ് അടുത്ത പ്രോജക്ട്. ഒരു സ്ത്രീയുടെ ജീവിതത്തെ കേന്ദ്രീകരിച്ചിട്ടുള്ള കഥയാണ്.
മാധ്യമപ്രവർത്തനവും സംവിധാനവും
രണ്ടും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. എങ്കിലും മുൻഗണന മാധ്യമപ്രവർത്തനത്തിനായിരിക്കും.