/indian-express-malayalam/media/media_files/2025/12/08/iffk-2025-opening-film-palestine-36-2025-12-08-09-26-24.jpg)
Palestine 36: അടിച്ചമർത്തലിന്റെയും പ്രതിരോധത്തിന്റെയും തീവ്രമായ കഥ പറയുന്ന 'പലസ്തീൻ 36' ആയിരുന്നു 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. ആൻമേരി ജാസിർ സംവിധാനം ചെയ്ത ഈ ചിത്രം ചരിത്രപരമായൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. കേവലം ഒരു സിനിമ എന്നതിലുപരി, പലസ്തീൻ ജനതയുടെ നീണ്ട പോരാട്ടത്തിന്റെ വേദനയും അതിജീവനത്തിന്റെ ആഴമേറിയ കാഴ്ച്ചയും ഈ ചിത്രം തുറന്നുകാട്ടുന്നു.
Also Read: IFFK 2025: ഹൃദയം കവർന്ന് നിനോ
1936 മുതൽ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ അറബ് കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ സിനിമ, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനീതികളും, യൂറോപ്പിൽ നിന്നുള്ള സയണിസ്റ്റ് കുടിയേറ്റക്കാരുടെ കടന്നുവരവും, അതുവഴി തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്ന പലസ്തീൻ ജനതയുടെ ഹൃദയഭേദകമായ അവസ്ഥയും യാഥാർത്ഥ്യബോധത്തോടെ പ്രേക്ഷകനിലേക്ക് എത്തിക്കുകയാണ്. ഒരു വശത്ത്, സയണിസ്റ്റ് കുടിയേറ്റക്കാർക്ക് അനുകൂലമായ നിലപാടുകൾ എടുക്കുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ. മറുവശത്ത് തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നതിനെതിരെ പോരാടുന്ന പലസ്തീൻ കർഷകരും തൊഴിലാളികളും. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരായും സ്വന്തം നിലനിൽപ്പിനായും പലസ്തീൻ ജനത പോരാട്ടം ആരംഭിച്ച ചരിത്രപരമായ ആ വർഷത്തിന്റെ (1936) ഓർമ്മപ്പെടുത്തലാണ് 'പലസ്തീൻ 36' എന്ന ശീർഷകം.
'പലസ്തീൻ 36', ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻ്റ് പ്രീ പുരസ്‌കാരം നേടുകയും, 98-ാമത് ഓസ്‌കർ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
Also Read: IFFK 2025: കൊടുംമഞ്ഞിലെ അതിജീവനം; കയ്യടി നേടി ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റ്
1936-ന്റെ തുടക്കത്തിലാണ് കഥ ആരംഭിക്കുന്നത്. സാങ്കൽപ്പിക ഗ്രാമമായ അൽ ബാസ്മയിലെ കർഷകർ ഉപരോധത്തിലാണ്. യൂറോപ്പിൽ നിന്ന് എത്തുന്ന ജൂത കുടിയേറ്റക്കാർ പ്രദേശത്തെ ബ്രിട്ടീഷ് ഭരണാധികാരികളുടെ പിന്തുണയിലും സംരക്ഷണത്തിലും ഭൂമി പിടിച്ചെടുക്കുന്നതിനെതിരെയാണ് ഈ കർഷക ഉപരോധം.
നിരവധി കഥാപാത്രങ്ങളിലൂടെയും അവരുടെ സാമൂഹിക- മാനസികാവസ്ഥകളിലൂടെയുമാണ് പലസ്തീൻ എന്ന രാജ്യത്തിനേറ്റ മുറിവുകൾ സംവിധായിക വരച്ചുകാട്ടുന്നത്. 12 വയസ്സിനടുത്ത് പ്രായമുള്ള അഫ്രയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാൾ. വിധവയായ അമ്മ റബാബിനും പ്രായമായ മുത്തശ്ശിക്കും മുത്തശ്ശനുമൊപ്പമാണ് അവളുടെ താമസം.
അഫ്രയുടെ കൂട്ടുകാരനായ കരീം ആണ് നോവായി മനസ്സിൽ അവശേഷിക്കുന്ന മറ്റൊരു കഥാപാത്രം. കൊളോണിയൽ ഭരണകൂടത്തിന്റെ അതിക്രമങ്ങളും ചൂഷണവും അവൻ്റെ കൺമുന്നിൽ നിത്യേനയെന്നോണം അരങ്ങേറുന്നു. ആ ദുരിതക്കാഴ്ചകൾ കണ്ടാണ് അവൻ വളരുന്നത്. എന്നാൽ, ശാന്തനും സൗമ്യസ്വഭാവക്കാരനും പുരോഹിതനുമായ അവന്റെ അച്ഛൻ അവനെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്, തികച്ചും വിഭിന്നമായ ഒരു പാഠമാണ്. ഈ ചൂഷണങ്ങളെയും അനീതികളെയും എങ്ങനെ നിശബ്ദമായി സഹിക്കാം! പ്രതികരിക്കുന്നതിനേക്കാൾ നല്ലത് ക്ഷമയും അനുസരണയുമാണെന്നുള്ള വേദനാജനകമായ പാഠങ്ങളാണ് ആ ബാലന് പകർന്നു കിട്ടുന്നത്.
അതേസമയം, ഗ്രാമവാസിയായ ഖാലിദ് ആവട്ടെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പ്രതിരോധത്തിൽ ചേരാൻ ആദ്യം തയ്യാറായിരുന്നില്ല. അർഹതപ്പെട്ട ശമ്പളം ചോദിച്ചതിന് തല്ലി ചതക്കപ്പെട്ടപ്പോഴാണ് നിലനിൽപ്പിന് പ്രതിരോധം കൂടിയേ തീരൂ എന്നയാൾ മനസ്സിലാക്കുന്നത്.ആ അനുഭവമാണ് അയാളെ വിമത നേതാക്കളിലൊരാളായി മാറ്റുന്നതും.
Also Read: IFFK 2025: ഇത്തവണ ഐഎഫ്എഫ്കെയിൽ തീർച്ചയായും കാണേണ്ട 13 ചിത്രങ്ങൾ
കർഷകന്റെ മകനായ യൂസുഫ് രണ്ടും ലോകങ്ങളും അടുത്തു കാണുന്നയാളാണ്. ജറൂസലേമിലെ ധനികനായ അമീറിന്റെയും ഭാര്യ ഖുലൂദിന്റെയും സഹായിയായി ജോലി ചെയ്യുകയാണ് അയാൾ. മുതലാളിയുടെ സൽക്കാരങ്ങളിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പുമ്പോഴും സമ്പന്നരായ പലസ്തീനിയൻ ഭൂവുടമകളുടെ മീറ്റിംഗുകൾക്ക് സാക്ഷിയായി ഇരിക്കുമ്പോഴുമെല്ലാം അയാളെ അസ്തിത്വദുഖം അലട്ടുന്നുണ്ട്. യൂസഫിന്റെ പിതാവിനെ കുടിയേറ്റക്കാർ കൊല്ലുകയും ഇളയ സഹോദരനെ കാരണമേതുമില്ലാതെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.
താൻ ഇടപെടുന്ന രണ്ടുലോകവും ശത്രുപാളയങ്ങളായി മാറുകയും മനുഷ്യർ മുഖാമുഖം നിന്ന് പോരാടേണ്ടി വരികയും ചെയ്യുന്ന ഒരു ഘട്ടത്തിൽ അയാൾ ധർമ്മസങ്കടത്തിലായി പോവുകയാണ്. യൂസുഫ് വിപ്ലവകാരിയോ രാഷ്ട്രീയക്കാരനോ ആയിരുന്നില്ല, എന്നാൽ ബ്രിട്ടീഷുകാരുടെ ക്രൂരത കാരണം അയാൾ സമൂലവൽക്കരിക്കപ്പെടുകയാണ്.
സാമ്പത്തികമായും സാമൂഹികമായും ഉയർന്ന നിലയിലുള്ള ഖുലൂദും യൂസുഫിനെ പോലെ ധർമ്മസങ്കടങ്ങളുടെ ചുഴികളിൽ പെട്ടുപോവുന്നുണ്ട്. സയണിസവുമായി ഒത്തുതീർപ്പ് ചെയ്യുന്നതിന് വിമുഖതയില്ലാത്ത, ലോകപരിചയമുള്ള, മധ്യ-ലിബറൽ പത്രത്തിന്റെ എഡിറ്ററാണ് ഖുലൂദ്. പലസ്തീനികളുടെ ദുരിതത്തോട് സഹാനുഭൂതിയുമുണ്ട് അവർക്ക്.
പക്ഷേ നിൽക്കുന്ന ഇടവും സാഹചര്യങ്ങളുമാണ് അവൾക്ക് മുന്നിൽ വിലങ്ങായി മാറുന്നത്. ഒടുവിൽ, സ്വന്തം മനസാക്ഷിയുടെ ചോദ്യത്തെ അഡ്രസ് ചെയ്ത് ഖുലൂദും ചങ്ങലകൾ ഉപേക്ഷിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. കഥാന്ത്യത്തിൽ പ്രതിഷേധക്കാർക്കൊപ്പം തെരുവിലൂടെ നടന്നു നീങ്ങുന്ന ഖുലൂദിനെ കയ്യടികളോടെയാണ് പ്രേക്ഷകർ എതിരേറ്റത്.
വളരെ ലളിതമായി, എന്നാൽ ആഴത്തിൽ പതിയുന്ന സംഭാഷണശകലങ്ങളും ചിത്രത്തിൽ ധാരാളമായി കാണാം. കുടിയേറ്റക്കാർ തങ്ങളുടെ ഭൂമിയിൽ വേലികൾ സ്ഥാപിക്കാൻ തിടുക്കപ്പെടുന്നത് കാണുമ്പോൾ കുഞ്ഞ് അഫ്ര അവളുടെ അമ്മയോട് ചോദിക്കുന്നുണ്ട്. എന്തിനാണ് ഇവരെല്ലാം നമ്മുടെ ഭൂമിയിലേക്ക് വന്നതെന്ന്? അതിന് അവളുടെ അമ്മ നൽകുന്ന മറുപടിയ്ക്ക് ആഴമേറെയാണ്. "അവരെ അവരുടെ രാജ്യങ്ങൾക്ക് ആവശ്യമില്ല."
Also Read: IFFK 2025: ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പെൺശബ്ദം മുഴങ്ങുന്ന 5 ചിത്രങ്ങൾ
മറ്റൊന്ന്, 'ഭൂമി കൈവശം വെച്ചിരിക്കുന്ന ഇംഗ്ലീഷുകാർക്ക് തോന്നുന്നതുപോലെ ഭൂമി വിതരണം ചെയ്യാൻ അവകാശമുണ്ടോ?' എന്ന ഗ്രാമമുഖ്യന്റെ ചോദ്യമാണ്. കൊളോണിയൽ അധികാരത്തിന്റെ അടിസ്ഥാനപരമായ അനീതിയെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
ഒരു കാലഘട്ടത്തെ സൂക്ഷ്മമായി പുനസൃഷ്ടിക്കുകയാണ് ആൻമേരി ജാസിർ ചിത്രത്തിലൂടെ. സാങ്കൽപ്പികവും ചരിത്രപരവുമായ സംഭവങ്ങളെ സമന്വയിപ്പിച്ചാണ് പലസ്തീൻ 36 ഒരുക്കിയിരിക്കുന്നത്. പലസ്തീന്റെ ആർക്കൈവൽ ദൃശ്യങ്ങൾ ചിത്രത്തിൽ മിന്നിമറഞ്ഞുപോവുമ്പോൾ അത് ചരിത്രത്തെ ഓർമപ്പെടുത്തുന്നുമുണ്ട്. ദേശീയ സ്വത്വത്തിന്റെയും പ്രതിരോധത്തിന്റെയും കൂടി കഥയായി വേണം പലസ്തീൻ 36നെ വായിച്ചെടുക്കാൻ.
പ്രകൃതി വളരെ ശക്തമായൊരു ഘടകമാണ് ഈ ചിത്രത്തിൽ. ലൊക്കേഷനുകൾ പ്രേക്ഷകരുടെ മനസ്സിൽ പതിയും. ഹെലൻ ലൂവാർട്ട്, സാറാ ബ്ലൂം, ടിം ഫ്ലെമിംഗ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. ടാനിയ റെഡ്ഡിംഗ് ആണ് എഡിറ്റർ. പലസ്തീനിലെ കാർഷിക ഗ്രാമങ്ങളും തിരക്കേറിയ ജറുസലേമും തമ്മിലുള്ള വൈരുദ്ധ്യം മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് ചിത്രത്തിൽ. വേഷവിധാനങ്ങളും കലാസംവിധാനവും കൃത്യമായി ആ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്നു.
ആത്യന്തികമായി, യുദ്ധങ്ങളുടെയും കലാപങ്ങളുടെയും പോരാട്ടങ്ങളുടെയുമെല്ലാം ദുരിതം പേറുന്നവർ കുട്ടികളാണെന്ന സത്യത്തിനു തന്നെയാണ് 'പലസ്തീൻ 36' അടിവരയിടുന്നത്. അഭയം തേടി, ആശ്രയം തേടി ഓടികൊണ്ടേയിരിക്കുന്ന അഫ്രയും... കൺമുന്നിൽ പ്രിയപ്പെട്ട പിതാവ് എരിഞ്ഞടങ്ങുന്നതു കണ്ട് ചങ്കുപൊട്ടി കരയുന്ന കരീമും... ചിത്രം കണ്ടിറങ്ങിയാലും ആ കുട്ടിമുഖങ്ങൾ മനസ്സിൽ നിന്നും മായില്ല.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us