/indian-express-malayalam/media/media_files/uploads/2021/02/iffk.jpg)
കണ്ണൂർ: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തലശേരി എഡിഷന് ഇന്ന് തുടക്കം. ഇന്ന് വൈകീട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും. ബോസ്‌നിയന്‍ വംശഹത്യയുടെ അണിയറക്കാഴ്ചകള്‍ ആവിഷ്‌കരിച്ച ‘ക്വൊവാഡിസ് ഐഡ’യാണ് ഉദ്ഘാടനച്ചത്രം. ഈ മാസം 27 വരെയാണ് ചലച്ചിത്രോത്സവം.
തലശേരി എ.വി.കെ.നായര്‍ റോഡിലെ ലിബര്‍ട്ടി കോംപ്ലക്‌സിലുള്ള അഞ്ച് തിയേറ്ററുകളിലും മഞ്ഞോടിയിലെ ലിബര്‍ട്ടി മൂവീ ഹൗസിലുമാണ് പ്രദര്‍ശനമുണ്ടാവുക. ആറ് തിയേറ്ററുകളിലായി 46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ചുരുളി, ഹാസ്യം എന്നീ രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ പതിനാല് ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. സമകാലിക ലോകസിനിമ വിഭാഗത്തിൽ 22 സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ ’മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ 12 സിനിമകളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴു സിനിമകളും പ്രദർശിപ്പിക്കും. മുഖ്യവേദിയായ ലിബർട്ടി കോംപ്ലക്‌സിൽ എക്‌സിബിഷൻ, ഓപ്പൺ ഫോറം എന്നിവയും നടത്തും.
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്രോത്സവം തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന മാതൃകയിൽ തന്നെയാണ് നടത്താൻ ഉദ്ദേശിക്കുന്നത്.
നിലവിൽ, പ്രതിനിധികൾക്കുള്ള കോവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ 1500 പേർക്കാണ് ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുന്നത്. കോവിഡ് നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഇവർക്ക് പാസ് അനുവദിക്കുകയുള്ളൂ.
നഗരത്തിലെ വിവിധ തിയേറ്ററുകളിലായി 1199 സീറ്റുകള്‍ സജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ അണുനശീകരണം പൂർത്തിയായിട്ടുണ്ട്. ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് റിസർവേഷൻ ആരംഭിക്കും. റിസർവേഷൻ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പർ എസ്എംഎസ് ആയി പ്രതിനിധികൾക്ക് ലഭിക്കും. തെർമൽ സ്‌കാനിങ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്കോപ്പ് വിഭാഗത്തിൽ അഞ്ച് സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ച പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഗൊദാർദിന്റെ ആറു സിനിമകൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.