/indian-express-malayalam/media/media_files/uploads/2020/08/iffk-2020.jpg)
IFFK 2020 Online Registration: തിരുവനന്തപുരം: ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഐഎഫ്എഫ്കെയുടെ ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ജനുവരി 30ന്) ആരംഭിക്കും. നാല് മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 5 വരെയാണ് ഇത്തവണ ചലച്ചിത്ര മേള നടക്കുന്നത്.
തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയും ചലച്ചിത്ര മേള സംഘടിപ്പിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായി രോഗനിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള.
IFFK 2021: ഡെലിഗേറ്റ് ഫീസ്
ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. തിരുവനന്തപുരം 2500, കൊച്ചി 2500, തലശ്ശേരി 1500, പാലക്കാട് 1500 എന്നിങ്ങനെ 8000 പാസുകളാണ് ആകെ വിതരണം ചെയ്യുക. registration.iffk.in എന്ന വെബ്‌സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്ക് അവരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
IFFK 2021: മേഖലകൾ
തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട), കൊച്ചി (ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ), പാലക്കാട് (പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ), തലശ്ശേരി (കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്) എന്നിങ്ങനെ ആയിരിക്കും മേഖലകൾ. ആലപ്പുഴ ജില്ലയിലുള്ളവർക്ക് തിരുവനന്തപുരത്തും കൊച്ചിയിലും തൃശ്ശൂർ ജില്ലയിലുള്ളവർക്ക് കൊച്ചിയിലും പാലക്കാട്ടും വയനാട് ജില്ലയിലുള്ളവർക്ക് പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലും രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും.
IFFK 2021: കോവിഡ് ടെസ്റ്റ്
എല്ലാ മേഖലകളിലും ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനുമുമ്പ് കോവിഡ് ടെസ്റ്റ് നടത്താനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേർന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും. മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും പാസ് നൽകും. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. തിയേറ്ററുകളിൽ മൊത്തം സീറ്റുകളുടെ പകുതി എണ്ണത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
IFFK 2021: സിനിമകൾ
വിവിധ വിഭാഗങ്ങളിലായി 80 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽനിന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’, ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു. മത്സര വിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിലെ മറ്റ് ഭാഷകളിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും തിരഞ്ഞെടുത്തു. മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘കോസ’, അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘സ്ഥൽ പുരാൺ (Chronicle of Space)’ എന്നിവയാണ് തിരഞ്ഞെടുത്തത്.
മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകൾ തിരഞ്ഞെടുത്തു. ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ പി കുമാരൻ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലവ് (ഖാലിദ് റഹ്‌മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റെൻഷൻ പ്ളീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക ദ് റിവർ ഓഫ് ബ്ലഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ) എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലേക്ക് ഏഴ് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൈൽ സ്റ്റോൺ/ മീൽ പത്തർ (ഇവാൻ ഐർ; ഹിന്ദി, പഞ്ചാബി, കശ്മീരി), നാസിർ (അരുൺ കാർത്തിക്; തമിഴ്), കുതിരവാൽ (മനോജ് ജാഹ്സൺ, ശ്യാം സുന്ദർ; ഹിന്ദി ), ദ ഡിസിപ്ൾ (ചൈതന്യ തമ്ഹാനെ; മറാഠി, ഹിന്ദി, ഇംഗ്ലീഷ്, ബാംഗാളി), പിഗ്/ സേത്തുമാൻ (തമിഴ്; തമിഴ്), പിങ്കി എല്ലി? ( പ്രിഥ്വി കൊനാനൂർ;കന്നഡ), ലൈല ഔർ സാത്ത് ഗീത് (പുഷ്പേന്ദ്ര സിങ്; ഹിന്ദി) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
‘കലൈഡോസ്കോപ്പ്’ വിഭാഗത്തിലേക്ക് ആറ് ചിത്രങ്ങൾ തിരഞ്ഞെടുത്തു. 1956- മധ്യതിരുവിതാംകൂർ (ഡോൺ പാലത്തറ; മലയാളം), ബിരിയാണി (സജിൻ ബാബു; മലയാളം), വാസന്തി (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ; മലയാളം), മയാർ ജോൻജാൽ (ഇന്ദ്രാണി റോയ് ചൗധരി; ബംഗാളി), ഇല്ലിരലാരെ അല്ലിഗെ ഹോഗലാരെ (ഗിരീഷ് കാസറവള്ളി; കന്നഡ), അപ് അപ് & അപ് (ഗോവിന്ദ് നിഹലാനി; ഇംഗ്ലീഷ്) എന്നിവയാണ് ‘കലൈഡോസ്കോപ്പ്’ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us