പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ, ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജനോത്സവവും കലോത്സവങ്ങളും കേരള രാജ്യാന്തര ചലച്ചിത്രോത്സവവും റദ്ദാക്കി.  ഇതു സംബന്ധിച്ച  ഉത്തരവ് ചൊവ്വാഴ്ചയാണ് സർക്കാർ പുറത്തു വിട്ടത്. സർക്കാർ ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

General-Administration-Department-Government-Celebrations-or-festivals-banned-for-one-year-reg.-G.O.Ms-No

(ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള) ഐഐഎഫ്കെ 2018 ന്റെ ആരംഭ ജോലികൾ വളരെ നേരത്തെ തന്നെ ചലച്ചിത്ര അക്കാദമി ആരംഭിച്ചിരുന്നു. അതിനിടയിലാണ് റദ്ദാക്കൽ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ചലച്ചിത്രോത്സവം റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും ഐഎഫ്എഫ്കെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോൾ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് സംസാരിക്കുന്നു.

“കേരളത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതിക്കെടുതിയുടെ സാഹചര്യത്തിൽ ചലച്ചിത്രോത്സവം റദ്ദാക്കിയതിന്റെ പിന്നിലെ മാനുഷിക പരിഗണനയെ അക്കാദമിയും അംഗീകരിക്കുന്നു. ഈ സാഹചര്യത്തിൽ ചലച്ചിത്രോത്സവം നടത്തുന്നത് ശരിയല്ലെന്ന തോന്നൽ അക്കാദമിയ്ക്കുമുണ്ട്. അതുകൊണ്ടു തന്നെ, സർക്കാർ ഉത്തരവിനെ അക്കാദമി അംഗീകരിക്കുന്നു. തുടർന്നുള്ള കാര്യങ്ങൾ എങ്ങനെ വേണമെന്ന് മുഖ്യമന്ത്രി തിരിച്ചെത്തിയിട്ട് നേരിട്ട് സംസാരിക്കാം എന്നാണ് കരുതുന്നത്,” ബീനാ പോൾ വെളിപ്പെടുത്തി.

Bina Paul

ഫിയാഫ് (FIAPF), നെറ്റ്പാക് (Netpac), ഫിപ്രെസി (Fipresci) പോലുള്ള രാജ്യാന്തര ഏജൻസികളുമായി നിലവിൽ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏജൻസികൾ ഉചിതമായ തീരുമാനം കൈകൊണ്ട് അക്കാദമിയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബീനാ പോൾ പറയുന്നു.

Read More: ചലച്ചിത്രോത്സവം ഒഴിവാക്കുകയല്ല, അതിജീവനത്തിന്റെ പതാകയായി ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്: ഡോ. ബിജു

ഈ വർഷത്തെ സിനിമ അടുത്ത വർഷം അവാർഡിനു പരിഗണിക്കില്ല എന്ന സാഹചര്യമാണ് നിലവിൽ ചലച്ചിത്ര അക്കാദമി നിയമങ്ങളിൽ ഉള്ളത്.​ ” റദ്ദാക്കലിന്റെ പശ്ചാത്തലത്തിൽ അത്തരം കാര്യങ്ങളിലും പുനർചിന്തനം വേണ്ടി വന്നേക്കാം,” ബീനാ പോൾ കൂട്ടിച്ചേര്‍ത്തു.

23 വര്‍ഷങ്ങള്‍ പിന്നിടുന്ന മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഐഎഫ്എഫ്കെ റദ്ദാക്കുന്നത്. കഴിഞ്ഞ വർഷം ‘ഓഖി ദുരന്ത’ത്തിന്റെ പശ്ചാത്തലത്തിൽ കൾച്ചറൽ പ്രോഗ്രാമുകൾ ഒഴിവാക്കി നിറപ്പകിട്ടുകളില്ലാതെയായിരുന്നു ഐഎഫ്എഫ്കെ ആഘോഷിച്ചത്. ഡിസംബര്‍ ഏഴു മുതല്‍ പതിനാലു വരെയുള്ള തീയതികളിലാണ് മേള നടത്താനിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ