ശരീരത്തിന്റെ തടവറയിൽ പെട്ടു പോവുന്ന മനുഷ്യർ അനുഭവിക്കുന്ന ഡിലമകളെ എത്രത്തോളം നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്? അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഗതികേടുകളുടെ ഭൂഖണ്ഡത്തിലെവിടെയോ ആണ് ആ ഡിലമകളുടെ വേരുകൾ ചെന്നവസാനിക്കുന്നത് എന്നു തോന്നിയിട്ടുണ്ട്. അത്രത്തോളം യാത്ര ചെയ്ത് വേരുകളിൽ പൊടിയുന്ന മുറിവുകൾ കണ്ടെത്താൻ തയ്യാറാവുക എന്നത് പലപ്പോഴും ഒരു സാഹസിക പ്രവർത്തിയാണ്. അത്തരമൊരു സാഹസികതയും മനുഷ്യത്വത്തിന്റെ സങ്കീർത്തനവുമൊക്കെയായി മാറുകയാണ് ഉണ്ണികൃഷ്ണൻ ആവളയുടെ ‘ഉടലാഴം’ എന്ന ചിത്രം.
മുംബൈ മാമി ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ പ്രീമിയറിനു ശേഷം, കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മലയാള സിനിമ ഇന്ന്’ എന്ന കാറ്റഗറിയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ‘ഉടലാഴത്തെ’ക്കുറിച്ച് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട്.
‘ഉടലാഴം’ മുന്നോട്ടു വെയ്ക്കുന്ന പ്രമേയമെന്താണ്?
ഗുളികൻ’ എന്ന ആദിവാസി ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ‘ഉടലാഴം’. 14-ാമത്തെ വയസ്സിൽ വിവാഹിതനാവുന്ന ‘ഗുളികൻ’, വിവാഹശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ പറയുന്നത്.
‘ഉടലാഴ’ത്തിന്റെ പ്രമേയത്തെ രണ്ട് രീതിയിൽ പറയാം. പതിനാലാം വയസ്സിൽ വിവാഹിതനായ ഒരു ആദിവാസി ട്രാൻസ്ജെന്ററുടെ ജീവിതനെട്ടോട്ടങ്ങൾ. ഒപ്പം, മുഖ്യധാരാ സമൂഹം ശരീരവുമായി ബന്ധപ്പെട്ട് സൂക്ഷിക്കുന്ന സൗന്ദര്യത്തിന്റെ ചില അളവുകോലുകളും ശരീരത്തിന്റെ ആ അളവ് തെറ്റിപ്പോയ മനുഷ്യരെ എങ്ങനെയാണ് സമൂഹം ഒറ്റപ്പെടുത്തുന്നത് എന്നതും ‘ഉടലാഴ’ത്തിൽ പ്രമേയമായി വരുന്നുണ്ട്. ഒരാളുടെ ശരീരം, ഒരേ സമയം അയാളുടെ ഐഡന്റിറ്റിയും കെണിയുമായി മാറുന്ന ഒരു ഐറണിയുണ്ട്, അതാണ് ‘ഉടലാഴ’ത്തിൽ കാണാനാവുക. ‘ഞാൻ’ എന്നു പറഞ്ഞാൽ എന്റെ ശരീരം മാത്രമാണോ? എന്ന ചോദ്യത്തിനുള്ള ഉത്തരം തേടൽ കൂടിയാണ് ഈ ചിത്രം.
Read More: വിപരീതങ്ങളുടെ ഉടലാഴങ്ങൾ
ഒരു ട്രൈബൽ ചെറുപ്പക്കാരൻ കേന്ദ്രകഥാപാത്രമാകുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമ കൂടിയാണല്ലോ ‘ഉടലാഴം’. ഒരു ട്രൈബൽ ചെറുപ്പക്കാരനെ തന്നെ നായകവേഷത്തിലേക്ക് തെരഞ്ഞെടുക്കാം എന്നതിന് പിന്നിലെ കാരണമെന്താണ്?
മലയാള സിനിമ പലപ്പോഴും ആദിവാസി കഥാപാത്രങ്ങളെ കറുത്ത പെയിന്റ് പുരട്ടി അവതരിപ്പിക്കുമ്പോൾ അവരുടെ സംസ്കാരമോ ഭാഷയോ ഒരു തരത്തിലും അഡ്രസ് ചെയ്യപ്പെടുന്നില്ല എന്നെനിക്ക് തോന്നിയിരുന്നു; എന്നു മാത്രമല്ല പലപ്പോഴും വികലമാക്കുകയും ചെയ്തിരുന്നു. ആ കാഴ്ചകൾ നൽകിയ മടുപ്പാണ്, ഗുളികനെ സത്യസന്ധമായി അവതരിപ്പിക്കണമെന്ന് ആഗ്രഹമായി മാറിയത്.
Read more: മലയാളത്തിലെ മികച്ച ബാലതാരമായിരുന്നു ഈ കൂലിപ്പണിക്കാരന്‍
‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് വരെ സ്വന്തമാക്കിയ മണിയാണ് ചിത്രത്തിൽ ‘ഗുളികൻ’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം മനസ്സിലേക്ക് വന്ന മുഖം മണിയുടേതായിരുന്നു. മണിയെ അന്വേഷിച്ച് കണ്ടെത്താനും നേരിട്ട് സംസാരിക്കാനുമൊക്കെ ആദ്യം കുറച്ച് ബുദ്ധിമുട്ടി. മണി, ആദ്യം അടുക്കാൻ തയ്യാറായിരുന്നില്ല. ഒരു പകലു മുഴുവൻ സംസാരിച്ചതിനു ശേഷമാണ് അടുപ്പത്തോടെ പെരുമാറി തുടങ്ങിയത്. പിന്നീട് ആറു മാസം മണി എനിക്കൊപ്പം തന്നെയുണ്ടായിരുന്നു, ഞങ്ങളുടെ വീട്ടിലൊരാളെ പോലെ.
എന്റെ മനസ്സിലെ ഗുളികന്റെ കണ്ണിൽ പതറിപ്പോയ ഒരു നോട്ടമുണ്ട് എപ്പോഴും. എത്ര വേദനിച്ചാലും അവനു ചിരിക്കാൻ സാധിക്കുമായിരുന്നു. അതിന് ഗുളികനാവാൻ ഇണങ്ങുന്ന ഒരു ഉടൽ മാത്രം പോരാ, ആ സംസ്കാരം കൂടി ഉൾകൊള്ളുന്ന ഒരാൾ വേണം എന്നുള്ള നിർബന്ധമാണ് എന്നെ മണിയിലെത്തിച്ചത്.

സിനിമ ഉയർത്തിയ വെല്ലുവിളികൾ എന്തൊക്കെയാണ്?
ഗോത്രജീവിതങ്ങളെ നമ്മൾ ചിത്രീകരിച്ചുവെച്ചൊരു നടപ്പുവഴിയുണ്ട്. മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ട ഗോത്രജീവിതങ്ങളെ അത്തരം പതിവു സിനിമാ സമീപനരീതികളിൽ നിന്നും വ്യത്യസ്തമായി എങ്ങനെ ആവിഷ്കരിക്കാം എന്നതായിരുന്നു ഞാൻ നേരിട്ട പ്രധാന വെല്ലുവിളി. ആ സമീപനത്തിൽ ആത്മാർത്ഥതയുണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു.
വെറ്റിലക്കൊല്ലി പണിയ കോളനിയിലെ അംഗങ്ങൾ, ചോലനായ്ക്കർ ഉൾപ്പെടെയുള്ള കുട്ടികൾ ഇവരെയൊക്കെ ഒരു തരത്തിലുള്ള പരിശീലനവും നൽകാതെയാണ് സിനിമയിൽ അവതരിപ്പിച്ചത്. അതും വെല്ലുവിളിയായിരുന്നു. സിനിമയുടെ ജൈവികകത നിലനിർത്താൻ യൂണിറ്റ് ഒഴിവാക്കി രാത്രി പന്തങ്ങളുടെ വെളിച്ചത്തിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊക്കെ വേറിട്ട സമീപനമായിരുന്നു.
Read More: മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞായി: ‘ഉടലാഴ’ത്തിലെ ഗാനം
രാഷ്ട്രീയ പ്രാധാന്യമുള്ളൊരു സിനിമയ്ക്ക് ആ സിനിമയെ മനസ്സിലാക്കുന്ന നിർമ്മാതാക്കളെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. സിനിമയോട് ഏറെ അഭിനിവേശമുള്ള ഡോക്ടേർസ് ഡിലേമയാണ് ചിത്രം നിർമ്മിക്കാൻ തയ്യാറായി മുന്നോട്ടുവന്നത്. ഡോ. രാജേഷ്, ഡോ. സജീഷ്, ഡോ. കെടി മനോജ് കുമാർ എന്നീ ഡോക്ടർമാരുടെ പിന്തുണയാണ് ഈ ചിത്രം യാഥാർത്ഥ്യമാക്കുന്നത്. ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ച ടെക്നീഷ്യൻമാരും അണിയറപ്രവർത്തകരുമൊക്കെ പ്രതിഫലം പോലും വാങ്ങാതെയാണ് കൂടെ നിന്നത്.

രമ്യ വൽസലയും അനുമോളുമാണ് ചിത്രത്തിലെ നായികമാർ. ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, പണിയ ഭാഷകള്‍ ഉപോഗിച്ചിട്ടുള്ള ചിത്രത്തില്‍ രമ്യ വത്സല, അബു വലയംകുളം, രാജീവ് വേലൂര്‍, സജിതാ മഠത്തില്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു, അനുമോള്‍, വെട്ടിലക്കൊള്ളി മതി, നിലമ്പൂര്‍ ആയിഷ എന്നിവര്‍ അഭിനയിക്കുന്നു. തിരക്കഥ. ഉണ്ണികൃഷ്ണന്‍ ആവള, ക്യാമറ. എ മുഹമ്മദ്, എഡിറ്റിംഗ്. അപ്പു ഭട്ടതിരി, സംഗീതം. സിതാര കൃഷ്ണകുമാര്‍, മിതുന്‍ ജയരാജ്, ബിജിബാല്‍, ശബ്ദം. രംഗനാഥ് രവീ