അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ കെ.ആര്‍ മോഹനന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഇന്ത്യ(എഫ്എഫ്എസ്‌ഐ), കേരളം. ഐഎഫ്എഫ്‌കെയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല ഇന്ത്യന്‍ സിനിമയുടെ സംവിധായകനായിരിക്കും പുരസ്‌കാരം ലഭിക്കുക.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതായിരിക്കും പുരസ്‌കാരമെന്ന് ഫിലിം ഫെഡറേഷന്‍ സൊസൈറ്റി സെക്രട്ടറി മോഹന്‍ കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. കെ.ആര്‍ മോഹനനോടുള്ള ആദരമായാണ് ഇത്തവണ മുതല്‍ പുരസ്‌കാരം നല്‍കുന്നത്. പുതിയ സംവിധായകര്‍ക്ക് സിനിമയൊരുക്കാനുള്ള പ്രചോദനമാകുക എന്നതാണ് ഈ പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ കെ.ആര്‍ മോഹനന്‍, 1975ലാണ് തന്റെ ആദ്യ ചിത്രമായ ‘അശ്വത്ഥാമ’ സംവിധാനം ചെയ്തത്. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി.

പിന്നീട് സി.വി ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി 1987ല്‍ ‘പുരുഷാര്‍ഥം’ എന്ന ചിത്രമൊരുക്കി. പുരുഷാര്‍ത്ഥവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. 1992ല്‍ സ്വരൂപം എന്ന ചിത്രവും സംവിധാനം ചെയ്തു.

നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്ത അദ്ദേഹം കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായും രാജ്യാന്തര ചലച്ചിത്രമേളയുടെ ഡയറക്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook