കേരളത്തിന്റെ പ്രളയക്കെടുതി കണക്കിലെടുത്ത് ഈ വര്‍ഷം നടത്തേണ്ട എന്ന് തീരുമാനിച്ചിരുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇരുപത്തിമൂന്നാം പതിപ്പ് സര്‍ക്കാര്‍ സഹായം ഉണ്ടാകില്ല എന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി സ്വന്തം നിലയില്‍ പണം കണ്ടെത്തി നടത്തുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ ഏഴു മുതല്‍ പതിമൂന്നു വരെയാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ എഫ് എഫ് കെ). 3.25 കോടി രൂപയാണ് മേളയ്ക്ക് പ്രതീക്ഷിക്കുന്ന ചിലവ്. അത് സ്പോണ്‍സര്‍ഷിപിലൂടെ കണ്ടെത്താനാണ് അക്കാദമി ശ്രമിക്കുന്നത്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കായുള്ള മത്സര വിഭാഗം, ലോക സിനിമ, ഇന്ത്യന്‍ സിനിമ, ഇന്ത്യന്‍-മലയാളം സിനിമാ വിഭാഗങ്ങള്‍ എന്നിവ ഉണ്ടാകും. റിട്രോസ്പെക്ടിവ്, ഹോമേജ്, തുടങ്ങിയ വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടാനാണ് സാധ്യത. മൂന്നു തിയേറ്ററുകള്‍ കുറച്ചു തിരുവനന്തപുരത്തെ പതിനൊന്നു തിയേറ്ററുകളിലായി മേള നടത്തും.
എല്ലാ വര്‍ഷത്തെയും പോലെ ഇക്കുറി ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് ഫെസ്റ്റിവല്‍ ഓഫീസ് ഉണ്ടാവില്ല. പവലിയനുകള്‍ നിര്‍മ്മിക്കുന്നതിന്റെ ചെലവ് കുറഞ്ഞു കിട്ടുമെന്നതിനാലാണ് അത്. ഉദ്ഘാടന ചടങ്ങിലെ ആര്‍ഭാടം ഒഴിവാക്കി ലളിതമായി നടത്തും.
ഇത്തവണ ഡെലിഗേറ്റ് ഫീ 2000 രൂപയായി കൂട്ടും. സൗജന്യ പാസുകള്‍ ഉണ്ടാവില്ല. വിദേശ പ്രതിനിധികളുടെ എണ്ണം കുറയ്ക്കുകയും ജൂറി അംഗങ്ങളെ പരമാവധി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കണ്ടെത്താന്‍ ശ്രമിക്കുമെന്നും മലയാള മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.