ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്ക് രണ്ട് ഇന്ത്യൻ സിനിമകൾ. അനാമിക ഹക്സാറിന്റെ ‘ഗോഡെ കോ ജലേബി ഖിലാനെ ലെ ജാ റിയാ ഹൂൺ’, പ്രവീൺ മോർഖലെ സംവിധാനം ചെയ്ത ഉറുദു ചിത്രം ‘വിടോ ഓഫ് സൈലൻസ്’ എന്നീ ചിത്രങ്ങളാണ് ഇന്ത്യൻ ഭാഷകളിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലയാള ചലച്ചിത്രങ്ങളായ സകരിയ മുഹമ്മദ്‌ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജേരിയ’, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഇ മ യൗ’ എന്നിവ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ത്യൻ സിനിമ നൗ എന്ന വിഭാഗത്തിൽ മലയാളി സംവിധായകൻ ബിജുകുമാർ ദാമോദരന്റെ ബഹുഭാഷ ചിത്രം ‘പെയിന്റിങ് ലൈഫ്’ പ്രദർശിപ്പിക്കും. ഇതിന് പുറമെ ബംഗാളി ചിത്രങ്ങളായ അമിതാഭാ ചാറ്റർജിയുടെ ‘ആമി ഓ മനോഹർ’, ബുദ്ധദേഭ് ദാസ്ഗുപ്ത ‘ഉറോജഹാജും’ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. കൊണാരക്ക് മുഖർജിയുടെ ബഹുഭാഷ ചിത്രം ‘അബ്രഹാം’, ദേവശിഷ് മഖിജയുടെ ‘ഭോസ്‍ലേ’, നന്ദിത ദാസിന്റെ ‘മാന്റോ’ എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. തമിഴിൽ നിന്നും വാസന്ത് എസ് ശശിയുടെ ‘ശിവരഞ്ജിനിയും ഇന്നും സില പെങ്കളുമാണ്’ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റൊരു സിനിമ.

ഇന്ത്യൻ സ്പെഷ്യൽ ഫോക്കസ് വിഭാഗത്തിൽ പ്രിയ രാമസുബ്ബന്റെ ലഡാക്കി ചിത്രം ‘ചുസ്‍കിത്’, ബോബി ശർമ്മയുടെ ‘മിഷിങ്’, അരൂപ് മന്നയുടെ ‘ആമൃത്യൂ’, റിമ ദാസിന്റെ ‘ബുൾബുൾ ക്യാൻ സിങ്’, പാമ്പള്ളിയുടെ ‘സിഞ്ജാർ’, ഋതു സരിൻ, ടെൻസിങ് സോനം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ടിബറ്റൻ ചിത്രം ‘ദി സ്വീറ്റ് റെക്കിം’ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേള ഏഴു ദിവസമായി കുറച്ചാണ് ഈ വര്‍ഷം നടത്തുന്നത്. സാധരണയായി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായവും ഇത്തവണ മേളയുടെ നടത്തിപ്പുകാരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് ലഭിച്ചിട്ടില്ല. ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് ചലച്ചിത്ര പൂരം.

ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയും സ്പോണ്‍സര്‍ഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുള്ള ഫണ്ട് സ്വരൂപിക്കുക. കഴിഞ്ഞ തവണ 6 കോടി 35 ലക്ഷം രൂപയായിരുന്ന ചെലവ് ഇത്തവണ മൂന്നരക്കോടി രൂപയായി ചുരുക്കും. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കായിരിക്കും. സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ല. 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ മേളയിലെ മത്സരവിഭാഗം ഉള്‍പ്പെടെയുള്ള വിഭാഗങ്ങൾ ഇത്തവണയും ഉണ്ടാകും. എന്നാൽ ‘കൺട്രി ഫോക്കസ്’, ‘കണ്ടമ്പററി മാസ്റ്റേഴ്സ്’, ‘ഹോമേജ്’ വിഭാഗങ്ങൾ ഉണ്ടാവില്ല. 16 തിയേറ്ററുകളുടെ സ്ഥാനത്ത് 12 എണ്ണത്തിലാവും പ്രദർശനം നടക്കുക. സാധാരണ ഗതിയിൽ 150 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അത് ഈ വർഷം 120 ആയി ചുരുങ്ങും.

രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാവും. നവാഗതരുടെ ആറ് സിനിമകളുള്‍പ്പെടെ ആകെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടു ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലായിരിക്കും.

സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടായിരിക്കില്ല. കോംപറ്റിഷന്‍, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകളുണ്ടായിരിക്കും. ഇന്റര്‍നാഷണല്‍ ജൂറി ദക്ഷിണേഷ്യയില്‍ നിന്നായി പരിമിതപ്പെടുത്തും.

മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യവേദിയില്‍ വൈകുന്നേരങ്ങളില്‍ നടത്താറുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, ശില്‍പശാല, എക്സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഓപ്പണ്‍ ഫോറം തുടരും.

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തീം ‘റീ ബില്‍ഡിങ്’ എന്നാണ് . ‘പ്രളയത്തിനു ശേഷം ജീവിതം തിരിച്ചുപിടിക്കുന്ന പാതയിലാണ് നമ്മള്‍. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ തീം റീ ബില്‍ഡിങ് ആണ്. ഈ വിഭാഗത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook