തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് കേ​ര​ള അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ഫീ​സ് വ​ർ​ധി​പ്പി​ക്കു​ക​യും ഡെ​ലി​ഗേ​റ്റ് പാ​സിന്റെ എണ്ണം കു​റ​യ്ക്കു​ക​യും ചെ​യ്യു​മെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്കു​ണ്ടാ​കു​ന്ന ഭാ​രി​ച്ച സാ​മ്പ​ത്തി​ക ബാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് പാ​സ് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തീയേറ്ററുകളുടെ സീറ്റുകൾക്ക് ആനുപാതികമായി ഡെലിഗേറ്റുകളുടെ എണ്ണം കുറയ്‌ക്കാൻ ചലച്ചിത്ര അക്കാദമിക്ക് സാംസ്കാരിക വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതോടെയാണ് ഇത്തവണ 10, 000 പാസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വർഷം 14, 000 പാസ്സുകളായിരുന്നു നൽകിയിരുന്നത്. ഇതുകാരണം മുഴുവൻ ഡെലിഗേറ്റുകൾക്കും സിനിമ കാണാൻ അവസരം ലഭിച്ചിരുന്നില്ല.

14 തീയേറ്ററുകളിലായിരിക്കും ഇത്തവണ സിനിമകൾ പ്രദർശിപ്പിക്കുക. ഡെലിഗേറ്റുകളുടെ എണ്ണം കുറയ്‌ക്കുന്നതിനു പരിഹാരമായി കൂടുതൽ പ്രാദേശിക ചലച്ചിത്ര മേളകൾ സംഘടിപ്പിച്ച് അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ കാണാൻ അവസരമുണ്ടാക്കും. കഴിഞ്ഞ തവണത്തെക്കാൾ 150 രൂപ വർധിപ്പിച്ച് ഡെലിഗേറ്റ് ഫീസ് 650 ആയും വിദ്യാർഥികൾക്ക് 325 രൂപയായും പാസ് തുക ക്രമീകരിച്ചു.

ഡിസംബർ എട്ടുമുതൽ 15 വരെയാണ് മേള. സിനിമകളുടെ സെലക്ഷൻ പൂർത്തിയായി. വിവിധ വിഭാഗങ്ങളിലായി ഇരുന്നൂറോളം സിനിമകളാണ് പ്രദർശനത്തിനുള്ളത്. മത്സരവിഭാഗം സിനിമകളിൽ രണ്ട് മലയാള സിനിമകളും രണ്ട് ഇന്ത്യൻ സിനിമകളും ഇടം നേടിയിട്ടുണ്ട്. കൺട്രി ഫോക്കസ് വിഭാഗത്തിൽ ബ്രസീലിൽ നിന്നുള്ള സിനിമകളും സ്‌പെഷ്യൽ പാക്കേജായി അഭയാർത്ഥി പ്രശ്‌നം വിഷയമാക്കുന്ന സിനിമകളുമാണ് തെര‌ഞ്ഞെടുത്തിട്ടുള്ളത്.

റഷ്യൻ സംവിധായകൻ അലക്‌സാണ്ടർ സുകറോവിന് ലൈഫ് ‌ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും. ബംഗാളി നടി മാധവി മുഖ‌ർജിയാണ് മേളയുടെ മുഖ്യാതിഥി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook