/indian-express-malayalam/media/media_files/uploads/2017/09/21768750_1802764026680756_8017932294667408683_o.jpg)
ഗോവ : സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കാനായി പേരുമാറ്റി, ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, വാര്‍ത്താവിനിമയ മന്ത്രാലയം നേരിട്ട് ഇടപെട്ടുകൊണ്ട് പ്രദര്‍ശനാനുമതി നിഷേധിച്ചു, മന്ത്രാലയത്തിന്‍റെ തീരുമാനം റദ്ദുചെയ്തുകൊണ്ട് ഹൈക്കോടതി വിധിയും പുറപ്പെടുവിച്ചു. ഇത്രയൊക്കെയായിട്ടും സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയോടുള്ള അവഗണന തുടരുക തന്നെയാണ്.
ഇന്നലെയാണ് ചിത്രത്തെ വിലക്കിയ കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പിന്‍റെ തീരുമാനത്തെ റദ്ദുചെയ്തു കൊണ്ട് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ വിധി വന്നിട്ട് ഇരുപത്തിനാലുമണിക്കൂര്‍ കഴിഞ്ഞിട്ടും ഫെസ്റ്റിവല്‍ അധികൃതര്‍ 'അനങ്ങാപ്പാറ നയം' തുടരുകയാണ് എന്ന് ചിത്രത്തിലെ നായകന്‍ കണ്ണന്‍ നായര്‍ ആരോപിക്കുന്നു.
" ഇന്നലെ വിധി വന്നത് മുതല്‍ ഞാന്‍ ഫെസ്റ്റിവെല്‍ അധികൃതരുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവര്‍ എല്ലാവരും തന്നെ എന്നെ വകവെക്കാതെ ഒഴിഞ്ഞുമാറുകയാണ്. ഫെസ്റ്റിവെല്‍ കോര്‍ഡിനേറ്റര്‍ തനു റായി മാത്രമാണ് എനിക്ക് എത്തിപ്പെടാവുന്ന ആള്‍. എന്നാല്‍ അവര്‍ എന്തെങ്കിലും തീരുമാനം ഉണ്ടെങ്കില്‍ അറിയിക്കാം എന്നുള്ള പതിവ് പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്." കണ്ണന്‍ നായര്‍ ആരോപിക്കുന്നു. നേരത്തെ എസ് ദുര്‍ഗ തടഞ്ഞുകൊണ്ടുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജൂറി തലവന്‍ സുജോയ് ഘോഷ് രാജി വെച്ചിരുന്നു.
അതിനിടയില്‍ കോടതി വിധി അനുസരിക്കുവാനുള്ള ഒരു നടപടിയും ഐഎഫ്എഫ്ഐ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് ശശി തരൂര്‍ എംപിയും ആരോപിച്ചു. 'എന്നാണ് സര്‍ക്കാര്‍ അഭിപ്രായസ്വാതന്ത്ര്യത്തെ അംഗീകരിക്കുക ?' എന്നും ശശി തരൂര്‍ ആരാഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വിജയമായി കണക്കാക്കേണ്ട ഒരു വിധിയാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായതെങ്കിലും അത് കേള്‍ക്കാത്ത ഭാവം നടിക്കുകയാണ് ഫെസ്റ്റിവെല്‍ എന്നാണ് കണ്ണന്‍ നായര്‍ പറയുന്നത്.
" കുറെ സമയം അവരുടെ പിന്നാലെ നടന്ന ശേഷമാണ് ഞാന്‍ ഓപ്പണ്‍ ഫോറത്തില്‍ പോയി ഫെസ്റ്റിവല്‍ ഭാരവാഹികളോട് ഇതേ ചോദ്യം ആവര്‍ത്തിച്ചത്. എന്‍റെ ചോദ്യത്തിനു പിന്നാലെ അവര്‍ ഇറങ്ങിപോവുകയായിരുന്നു. ഒട്ടേറെ മാധ്യമങ്ങളും സിനിമാപ്രവര്‍ത്തകരും ഒക്കെയുള്ള വേദിയിലാണ് ഇത് എന്നോര്‍ക്കണം. അവരെ പിന്തുടര്‍ന്ന് പോയി ഞാന്‍ തന്നെ കോടതി വിധിയുടെ കോപ്പി കൈയ്യോടെ ഏല്‍പ്പിക്കുകയും ചെയ്തു. ഒരു പൊതുവിടത്തില്‍ ആയതിനാല്‍ മാത്രം അവരത് കൈപ്പറ്റി എന്ന് വേണം മനസ്സിലാക്കാന്‍. എങ്കിലും അതിനു മുകളില്‍ ഒരുവാക്ക് പറയാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല." കണ്ണന്‍ നായര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.
ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് 'സെക്സിദുര്‍ഗ'. നാല്‍പത്തഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ ചിത്രത്തിന് അര്‍മേനിയയിലെ യെരെവാന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അപ്രികോട്ട് പുരസ്‌കാരമടക്കം ഒട്ടനവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ വെല്ലുവിളികളാണ് ചിത്രത്തിനു നേരെ ഇന്ത്യയില്‍ ഉയര്‍ന്നത്. സെക്സി ദുര്‍ഗ എന്ന പേരുമാറ്റി എസ് ദുര്‍ഗയാക്കിയ ശേഷം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും. വിവാദങ്ങള്‍ എസ് ദുര്‍ഗയെ വിട്ടൊഴിയുന്നില്ല.
ചിത്രത്തിന്‍റെ സംവിധായകന്‍ സനല്‍കുംമാര്‍ ശശിധരന്‍ മറ്റൊരു ഫെസ്റ്റുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലാണ്. സിനിമ പ്രദര്‍ശിപ്പിക്കാത്ത പക്ഷം താന്‍ കോടതിയലക്ഷ്യ കേസുമായി മുന്നോട്ടുപോകും എന്നാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us