ഗോവയില്‍ നടക്കുന്ന അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ മേള ഉദ്ഘാടനം ചെയ്തു. ഇന്നു മുതല്‍ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2020 നവംബറിൽ നടക്കേണ്ടിയിരുന്ന ചലച്ചിത്രമേള കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായി സിനിമ കാണാം. ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രം. മത്സരവിഭാഗത്തില്‍ ഇത്തവണ മലയാളചിത്രങ്ങളില്ല. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്.

മലയാളത്തില്‍നിന്ന് അഞ്ച് ഫീച്ചര്‍ സിനിമകളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടംനേടിയിട്ടുണ്ട്. പ്രദീപ് കാളിപുറം സംവിധാനംചെയ്ത ‘സേഫ്’, അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’, നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ ഇടംപിടിച്ചത്. ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ഇടംപിടിച്ച ചിത്രം. ജയറാം കുചേലനായി വേഷമിടുന്ന സംസ്‌കൃത സിനിമ നമയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Read More: IFFI 2020: ഗോവ രാജ്യാന്തര ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റി

അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈന്‍ (ബംഗ്ലാദേശ്) എന്നിവര്‍ ജൂറി അംഗങ്ങളാണ്.

അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തിൽ 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയും (ഐഎഫ്എഫ്കെ) നീട്ടി വച്ചിരിക്കുകയാണ്. 2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള നടക്കുകയെന്ന് കേരള ചലച്ചിത്ര അക്കാദമിയും അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook