പനാജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് വീണ്ടും അഭിമാന നേട്ടം. മികച്ച സംവിധായകനുമുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശേരി നേടി. ‘ജല്ലിക്കെട്ട്’ എന്ന ചിത്രത്തിനാണ് പുരസ്കാരം. തുടർച്ചയായി രണ്ടാം തവണയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ നേടുന്നത്. കഴിഞ്ഞ വർഷം ‘ഈ മ യൗ’ എന്ന ചിത്രമായിരുന്നു ലിജോയെ പുരസ്കാരത്തിന് അർഹനാക്കിയത്. പതിനഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി ലഭിക്കുക.

ബ്ലെയ്സ് ഹാരിസന്‍ സംവിധാനം ചെയ്ത പാർട്ടിക്കിൾസ് ആണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടിയത്. മികച്ച നടനുള്ള രജത മയൂരം സെയു യോര്‍ഗെ(ചിത്രം: മാരിഘെല്ല)യും മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവും(ചിത്രം: മായ് ഘട്ട്)നേടി.

മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മരിയസ് ഒട്ട്ലേന്‍ (ചിത്രം: മോണ്‍സ്റ്റേഴ്സ്), അമിന്‍ സിദി ബൗമദ്ദീന്‍(ചിത്രം: അബൂലൈല) എന്നിവര്‍ പങ്കിട്ടു.

ബോളിവുഡ് അഭിനേതാക്കളായ സോനാലി കുൽക്കർണിയും കുനാൽ കപൂറുമാണ് സമാപന സമ്മേളനത്തിൽ അവതാരകരായി എത്തിയത്. മേളയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളായിരുന്നു ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഓസ്കാർ അവാർഡിന് നോമിനേഷൻ നേടിയ 24 ചിത്രങ്ങളടക്കം 76 രാജ്യങ്ങളില്‍ നിന്നായി 200 ലേറെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളുമാണ് സെലക്ഷൻ നേടിയത്. സംവിധായകൻ പ്രിയദര്‍ശനായിരുന്നു ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാൻ, നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനായി എത്തിയത് രാജേന്ദ്ര ജംഗ്‌ളിയാണ്.

മലയാളത്തില്‍നിന്ന് മനു അശോകന്റെ ‘ഉയരെ’, ടി.കെ. രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നിവയും ഫീച്ചർ വിഭാഗത്തിലും നോവിന്‍ വാസുദേവിന്റെ ‘ഇരവിലും പകലിലും ഒടിയന്‍’, ജയരാജിന്റെ ‘ശബ്ദിക്കുന്ന കലപ്പ’ എന്നിവ നോൺ ഫീച്ചർ വിഭാഗത്തിലും ഇടം നേടിയിരുന്നു. പതിനായിരത്തോളം പേരാണ് ഇത്തവണ മേളയിൽ പങ്കെടുക്കാൻ എത്തിയത്.

Read more: ലിജോ മാജിക്കും ഭ്രാന്തുമായി ‘ജല്ലിക്കെട്ട്’; ഗീതു മോഹൻദാസ് പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook