/indian-express-malayalam/media/media_files/uploads/2019/10/iffi-2019-irula-language-film-nethaji-to-feature-in-indian-panorama-304652.jpg)
IFFI 2019: ഗോവയിൽ നടക്കുന്ന അൻപതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇരുള ഭാഷയിൽ നിർമിച്ച 'നേതാജി' എന്ന ചിത്രം പ്രദർശിപ്പിക്കും.
ഗോത്ര ഭാഷയിൽ നിർമിച്ച ലോകത്തിലെ ആദ്യ ചിത്രമെന്ന ഗിന്നസ് റെക്കോർഡും വിജീഷ് മാണി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഏറ്റവും വേഗത്തിൽ ചിത്രീകരണം പൂർത്തീകരിച്ചതിനുള്ള ഗിന്നസ് റെക്കോർഡും വിജീഷിൻറെ പേരിലാണ്. ‘വിശ്വഗുരു’ എന്ന ചിത്രത്തിനാണ് ഈ റെക്കോർഡ്.
പ്രശസ്ത നിർമാതാവ് ഗോപുലം ഗോപാലൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സുഭാഷ് ചന്ദ്ര ബോസിന്റെ ആദര്‍ശങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണെന്ന് സംവിധായകൻ പറയുന്നു.
"ആദിവാസികളുടെ ഭാഷയിൽ തന്നെ ഒരു സിനിമ എടുക്കണമെന്ന ആഗ്രഹമാണ് ‘നേതാജി’ എന്ന ചിത്രത്തിന് പ്രചോദനമായത്. ഏകദേശം ഒന്നര ലക്ഷത്തോളം ആളുകൾ ഉള്ള ഒരു ഗോത്ര വിഭാഗമാണ് ഇരുളർ . അട്ടപ്പാടിയിൽ ഇവരുടെ ഊരുകൾ സന്ദർശിക്കാൻ ഇടയാവുകയും, അട്ടപ്പാടി എന്ന പ്രദേശം കേരളത്തിൽ ആയിരുന്നിട്ടു കൂടി എത്ര മാത്രം അരികുവൽക്കരിക്കപ്പെട്ട ഒരു സ്ഥലമാണെന്ന ബോധ്യവുമാണ് ഇങ്ങനെ ഒരു ചിത്രം യാഥാർഥ്യമാക്കിയത്," വിജീഷ് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിനോട് പറഞ്ഞു.
ഇരുള ഭാഷയിൽ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കാനായി വിജീഷിനും സംഘത്തിനും മാസങ്ങളോളം അട്ടപ്പാടിയിൽ തങ്ങേണ്ടി വന്നു .
"ഇരുള വിഭാഗത്തിലുള്ള ബിന്ദു എന്ന ഒരു സ്ത്രീയാണ് സംഭാഷണങ്ങളും മറ്റും എഴുതാൻ എന്നെ സഹായിച്ചത് . ചിത്രീകരണത്തിന് നാല് മാസം മുന്നേ തന്നെ അട്ടപ്പാടിയിൽ പോയി നിന്ന് ഇരുളരുടെ ഭാഷയും ജീവിത രീതികളുമൊക്കെ പഠിക്കുകയായിരുന്നു" വിജീഷ് കൂട്ടിച്ചേര്‍ത്തു.
"സിങ്ക് സൗണ്ട് രീതിയാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ അഭിനേതാക്കളെല്ലാം രാവിലെ എഴുന്നേറ്റിരുന്നു സംഭാഷണങ്ങൾ മനഃപാഠമാക്കുന്നതൊക്കെ രസമുള്ള അനുഭവായിരുന്നു . ഇരുള ഭാഷയിലുള്ള മൂന്ന് ഗാനങ്ങളും ചിത്രത്തിൽ ഉണ്ട് ".
അട്ടപ്പാടിയിലെ ഇരുളരുടെ ഊരുകളിൽ ഉടൻ തന്നെ 'നേതാജി' പ്രദർശിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും വിജീഷ് വെളിപ്പെടുത്തി.
"നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ആശയങ്ങൾ ആദിവാസി വിഭാഗങ്ങൾക്കിടയില്‍ പ്രചരിപ്പിക്കാൻ ഈ സിനിമ ഒരു വഴിയാവും എന്നാണ് പ്രതീക്ഷ".
അടുത്തിടെ അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ ആണ് 'നേതാജി'യുടെ ക്യാമെറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ്. രാഹുല്‍ ക്ലബ്‌ഡി, തിരക്കഥ. യു പ്രസന്നകുമാര്‍, സംഗീതം. ജുബൈര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രമേശ് ഗുരുവായൂര്‍, നിര്‍മ്മാണം. ജോണി കുരുവിള.
നവംബർ 20 മുതൽ 28 വരെയാണ് ഗോവയില്‍ നടക്കുന്ന ഇന്ത്യാ രാജ്യാന്തര ചലച്ചിത്ര മേള അരങ്ങേറുക . വിഖ്യാതമായ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ആറു മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കും. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'കോളാമ്പി', മനു അശോകന്‍ സംവിധാനം ചെയ്ത 'ഉയരെ', ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കട്ട്' എന്നിവ ഫീച്ചര്‍ വിഭാഗത്തിലും ജയരാജ് സംവിധാനം ചെയ്ത 'ശബ്ദിക്കുന്ന കലപ്പ', നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത 'ഇരവിലും പകലിലും ഒടിയന്‍' എന്നിവ നോണ്‍-ഫീച്ചര്‍ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് ഫീച്ചര്‍ ഫിലിമുകള്‍ തെരഞ്ഞെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.