IFFI 2019 Curtain-Raiser: ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയരാൻ ഇനിയൊരു പകൽ മാത്രം ബാക്കി. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ)യുടെ സുവർണ ജൂബിലി പതിപ്പാണ് ഇത്തവണ നടക്കുന്നത്. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം, നാളെ വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ഉദ്ഘാടനചടങ്ങിന്റെ അവതാരകനായി എത്തും.

മേളയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ്‌ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. 26 ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംവിധായകൻ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാൻ, ഇത്തവണ നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനായി എത്തുന്നത് രാജേന്ദ്ര ജംഗ്‌ളിയാണ്.

മലയാള ചിത്രങ്ങൾ

അഭിഷേക് ഷാ സംവിധാനംചെയ്ത ഗുജറാത്തി ചിത്രം ‘ഹെല്ലറോ’ ആണ് ഫീച്ചര്‍ വിഭാഗത്തിന്റെ ഓപ്പണിംഗ് സിനിമ. മലയാളത്തില്‍നിന്ന് മനു അശോകന്റെ ‘ഉയരെ’, ടി.കെ. രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നിവയും ഫീച്ചർ വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്. നോവിന്‍ വാസുദേവിന്റെ ‘ഇരവിലും പകലിലും ഒടിയന്‍’, ജയരാജിന്റെ ‘ശബ്ദിക്കുന്ന കലപ്പ’ എന്നിവയാണ് മലയാളത്തിൽ നിന്ന് നോൺ ഫീച്ചർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.

IFFI 2019: The Soul of Asia Retrospective

സുവർണ ജൂബിലി പതിപ്പിന്റെ ഭാഗമായി സോൾ ഓഫ് ഏഷ്യ (Soul of Asia) സെക്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള പരിവർത്തനാത്മകമായ ചിത്രങ്ങൾ ഈ സെക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈന, തായ്‌വാൻ, ജപ്പാൻ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഈ സെക്ഷനിൽ സ്ക്രീൻ ചെയ്യും.

50 സുവർണ വർഷങ്ങൾ; 50 സംവിധായികമാർ

അമ്പത് വനിത സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കപ്പെടുന്നു എന്നതാണ് ഐഎഫ്എഫ്ഐ2019 ന്റെ മറ്റൊരു ആകർഷണം. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരങ്ങള്‍ നേടിയ, വനിത സംവിധായകരുടെ മികച്ച 50 ചിത്രങ്ങളാണ് വ്യത്യസ്ത വിഭാഗങ്ങളിലായി പ്രദർശിപ്പിക്കപ്പെടുക. ഹികാരി സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രം ’37 സെക്കന്റ്‌സ്’, കാന്‍ ചലച്ചിത്ര മേളയില്‍ ക്വീര്‍ പാം പുരസ്‌കാരം നേടിയ ഫ്രഞ്ച് സംവിധായിക സെലിന്‍ സിയാമയുടെ ‘പോര്‍ട്ടറേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍’ തുടങ്ങിയ ചിത്രങ്ങളും ഇതിൽപ്പെടും.

അക്കാദമി പ്രസിഡന്റ് ജോൺ ബെയ്‌ലിയും ഈ വർഷത്തെ മേളയിൽ പങ്കെടുക്കുന്നുണ്ട്. രജനീകാന്തിനെയും മേള ആദരിക്കും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് രജനീകാന്തിന് ആദരം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഇക്കാര്യം അനൗൺസ് ചെയ്തിരുന്നു. ഐഎഫ്എഫ്ഐ 2019 ൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം നൽകിയാണ് രജനികാന്തിനെ ആദരിക്കുക.

കരൺ ജോഹർ, സിദ്ധാർത്ഥ് റോയ് കപൂർ, ഫിറോസ് അബ്ബാസ് ഖാൻ, സുഭാഷ് ഗായ് എന്നിവരാണ് ഐ എഫ് എഫ് ഐ സുവർണ ജൂബിലി പതിപ്പിന്റെ സ്റ്റിയറിംഗ് കമ്മറ്റിയിലെ അംഗങ്ങൾ.

മഹാത്മാഗാന്ധിയേയും 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ മേള അദ്ദേഹത്തെ അനുസ്മരിക്കുമെന്നും അനുബന്ധമായി രാഷ്ട്രപിതാവിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു എക്സിബിഷനും സംഘടിപ്പിക്കുമെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ മേളയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ അറിയിച്ചിരുന്നു. ഈ വർഷത്തെ മേളയുടെ അന്താരാഷ്ട്ര പങ്കാളികളാവാൻ താൽപ്പര്യം പ്രകടിപ്പിച്ച റഷ്യയിൽ നിന്നും ഒരു വലിയ സംഘം ഇതിനായി ഗോവയിൽ എത്തുമെന്ന് പ്രതീക്ഷിക്കുമെന്നും ജാവദേക്കർ അറിയിച്ചു.

വിപുലമായ രീതിയിൽ മേള നടത്തുന്നതിന്റെ ഭാഗമായി, ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയും മേളയുടെ സംഘാടനത്തിന്റെ ഭാഗമാക്കാനാണ് സംഘാടകരുടെ തീരുമാനം. കൂടുതൽ സ്ക്രീനുകളും ഈ വർഷം സജ്ജീകരിക്കുന്നുണ്ട്. ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയം, കലാ അക്കാദമി, ഇഎസ്‌ജി കോംപ്ലക്സ് എന്നിവിടങ്ങളിലായിട്ടാണ് മേള സംഘടിപ്പിക്കപ്പെടുക. ചലച്ചിത്ര മേള ഡയറക്ടറേഴ്സും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗോവ എന്റർടെയിൻമെന്റ് സൊസൈറ്റിയും ചേർന്നാണ് ഐ എഫ് എഫ് ഐ സംഘടിപ്പിക്കുന്നത്.

Read more: 50 Golden Years of IFFI: സുവർണ ജൂബിലി നിറവിൽ ഐഎഫ്എഫ്ഐ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook