/indian-express-malayalam/media/media_files/uploads/2018/11/IFFI-2018-Malayalam-actor-Mammootty-to-be-the-Chief-Guest-for-closing-ceremony.jpg)
IFFI 2018 Malayalam actor Mammootty to be the Chief Guest for closing ceremony
ഗോവ: നാല്‍പ്പത്തിമൂന്നാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യാതിഥി ആയി പങ്കെടുത്തേക്കും. ഇതേക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടായിട്ടില്ല. എങ്കിലും മമ്മൂട്ടി നായകനായി അഭിനയിച്ച തമിഴ് ചലച്ചിത്രം 'പേരന്‍പ്' ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു താരം ഗോവയില്‍ എത്തും എന്നും അതിനു തുടര്‍ച്ചയായി സമാപന ചടങ്ങില്‍ പങ്കെടുക്കും എന്നുമാണ് അറിയാന്‍ കഴിയുന്നത്.
#Peranbu INDIAN Premiere on 25th November 2018 @IFFIGoa@sri50@taran_adarsh@rameshlaus@LMKMovieManiac@ManobalaV@Director_Ram@yoursanjali@plthenappan@MoviePlanet8@igtamilpic.twitter.com/6F7S8eIopE
— MAMMOOTTY Movie Updates (@MammoottyU) November 22, 2018
മേളയുടെ രണ്ടാം പകുതിയിലാണ് 'പേരന്‍പ്' പ്രദര്‍ശിപ്പിക്കുന്നത്. നവംബര്‍ 25, ഞായറാഴ്ച രാത്രി 8.30 മണിയ്ക്ക്, പനാജിയിലെ ക്യാമ്പാലിലുള്ള ഐനോക്സ് 2 തിയേറ്ററിലാണ് 'പേരന്‍പി'ന്റെ പ്രദര്‍ശനം. മമ്മൂട്ടിയെക്കൂടാതെ സംവിധായകന്‍ റാമും, സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരും സ്ക്രീനിംഗില്‍ പങ്കെടുക്കും. 'പേരന്‍പി'ന്റെ ഇന്ത്യാ പ്രിമിയര്‍ ആണ് ഗോവയില്‍ നടക്കാന്‍ പോകുന്നത്. സ്ക്രീനിംഗിന് ശേഷം അണിയറ പ്രവര്‍ത്തകരുമായുള്ള 'ക്യൂ ആന്‍ഡ് എ'യും ഉണ്ടാകും.
മമ്മൂട്ടി കൂടാതെ അദ്ദേഹത്തിന്റെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മേളയില്‍ പങ്കെടുത്തേക്കും. ദുല്‍ഖര്‍ നായകനായ 'മഹാനടി' എന്ന ചിത്രത്തിന്റെ സ്ക്രീനിംഗുമായി ബന്ധപ്പെട്ടാണ് താരം ഗോവയില്‍ എത്തുക. ഇപ്പോള്‍ കേരളത്തില്‍ 'ഉണ്ട' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടി. 'ഒരു യമാണ്ടന്‍ പ്രണയ കഥ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ദുല്‍ഖര്‍.
ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് ആറ് മലയാളം ഫീച്ചര്‍ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഷാജി എന്‍ കരുണിന്റെ 'ഓളി'നു പുറമേ റഹീം ഖാദറിന്റെ 'മക്കന', എബ്രിഡ് ഷൈനിന്റെ 'പൂമരം', സക്കരിയയുടെ 'സുഡാനി ഫ്രം നൈജീരിയ', ജയരാജിന്റെ 'ഭയാനകം', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ മ യൗ' എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read More: ഇന്ത്യന്‍ പനോരമയിലെ മലയാളി സാന്നിദ്ധ്യങ്ങള്‍
കഴിഞ്ഞ തവണ മഹേഷ് നാരായണന്റെ 'ടേക്ക് ഓഫ്' മാത്രമായിരുന്നു മലയാളത്തില്‍ നിന്നും ഫീച്ചര്‍ സിനിമാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം. അവിടെയാണ് ഇത്തവണ ആറു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ 26 ഫീച്ചര്‍ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഉള്ളത്. ഇതില്‍ നാലു മുഖ്യധാരാ ചിത്രങ്ങളുമുണ്ട്. 'മഹാനടി', 'ടൈഗര്‍ സിന്ദാ ഹേ', 'പത്മാവത്', 'റാസി' എന്നിവയാണ് മുഖ്യധാരാ ചിത്രങ്ങള്‍.
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവാലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. മേജര്‍ രവിയും ജൂറിയിലെ അംഗമാണ്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളില്‍ മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നുള്ളത്. ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി', രമ്യാ രാജിന്റെ 'മിഡ്‌നൈറ്റ് റണ്‍,' വിനോദ് മങ്കരയുടെ 'ലാസ്യം' എന്നിവയാണ് ഈ ചിത്രങ്ങള്‍. മറാത്തി ചിത്രമായ 'ഖര്‍വാസാണ്' ഉദ്ഘാടന ചിത്രം. സംവിധായകന്‍ വിനോദ് ഗണത്രയുടെ നേതൃത്വത്തിലുള്ള ആറംഗ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 49ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെയായിരിക്കും നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us