പനാജി: ഇന്ത്യാ രാജ്യാന്തര ചലച്ചിത്ര മേളയിലെ സമകാലിക ഇന്ത്യന്‍ സിനിമകളുടെ വിഭാഗമായ ‘ഇന്ത്യന്‍ പനോരമ’യ്ക്ക് ഇന്ന് തിരി തെളിയും. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ഓള്’ ആണ് ഉദ്ഘാടന ചിത്രം. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് രാജ്യാന്തര ചലച്ചിത്രോത്സവം എന്നും തന്റെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി അവിടെ എത്താന്‍ സന്തോഷമുണ്ട് എന്നും ചിത്രത്തിന്റെ പ്രദര്‍ശനത്തിനു മുന്നോടിയായി ഷാജി എന്‍ കരുണ്‍ പറഞ്ഞു.

ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന വേളയില്‍ ‘ഓളി’ന്റെ അണിയറ പ്രവര്‍ത്തകരെ ആദരിച്ചപ്പോള്‍

ഷെയിന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാവുന്ന ‘ഓള്’ കൊല്‍കൊത്ത ചലച്ചിത്ര മേളിലെ മത്സര വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. എ വി അനൂപാണ് ‘ഓളി’ന്റെ നിര്‍മ്മാതാവ്. ഷാജി എന്‍ കരുണിന്റെ വിഖ്യാത ചിത്രം ‘വാനപ്രസ്ഥ’ത്തിന്റെ നിര്‍മ്മാതാവ് പിയര്‍ അസ്സോലിന്‍ ഈ ചിത്രത്തിന്റെ ‘ക്രിയേറ്റിവ് പ്രൊഡ്യൂസറാ’യി വീണ്ടും എത്തുന്നു. ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി കായലിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു. അവിടെ അദൃശ്യമായ ഒരു ശക്തിയുടെ പിന്തുണയോടെ അവളുടെ ജീവന്‍ നിലനിര്‍ത്തപ്പെടുന്നു. വെള്ളത്തിനകത്തുള്ള ആ ലോകമാണ് സിനിമ പ്രധാനമായും പ്രതിപാദിക്കുന്നത്.

വിഷ്വല്‍ എഫ്ഫക്റ്റ്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എം ജെ രാധാകൃഷ്ണന്‍, സംഗീതം ശ്രീവത്സന്‍ ജെ മേനോന്‍, ഐസക്‌ തോമസ്‌ കൊട്ടുകപ്പള്ളി, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്‌.

 

ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് ആറ് മലയാളം ഫീച്ചര്‍ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഷാജി എന്‍ കരുണിന്റെ ‘ഓളി’നു പുറമേ റഹീം ഖാദറിന്റെ ‘മക്കന’, എബ്രിഡ് ഷൈനിന്റെ ‘പൂമരം’, സക്കരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’, ജയരാജിന്റെ ‘ഭയാനകം’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ മ യൗ’ എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ മമ്മൂട്ടിയെ നായകനാക്കി റാം ഒരുക്കിയ ‘പേരന്‍പു’മുണ്ട്.

Read More: ഇന്ത്യന്‍ പനോരമയിലെ മലയാളി സാന്നിദ്ധ്യങ്ങള്‍

കഴിഞ്ഞതവണ മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്’ മാത്രമായിരുന്നു മലയാളത്തില്‍ നിന്നും ഫീച്ചര്‍ സിനിമാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം. അവിടെയാണ് ഇത്തവണ ആറു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ 26 ഫീച്ചര്‍ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഉള്ളത്. ഇതില്‍ നാലു മുഖ്യധാരാ ചിത്രങ്ങളുമുണ്ട്. ‘മഹാനടി’, ‘ടൈഗര്‍ സിന്ദാ ഹേ’, ‘പത്മാവത്’, ‘റാസി’ എന്നിവയാണ് മുഖ്യധാരാ ചിത്രങ്ങള്‍.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവാലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. മേജര്‍ രവിയും ജൂറിയിലെ അംഗമാണ്.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളില്‍ മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നുള്ളത്. ഷൈനി ജേക്കബ് ബെഞ്ചമിന്റെ സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യാ രാജിന്റെ മിഡ്‌നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവയാണ് ഈ ചിത്രങ്ങള്‍. മറാത്തി ചിത്രമായ ഖര്‍വാസാണ് ഉദ്ഘാനട ചിത്രം. സംവിധായകന്‍ വിനോദ് ഗണത്രയുടെ നേതൃത്വത്തിലുള്ള ആറംഗ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 49ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെയായിരിക്കും നടക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ