49-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീലയുരരും. ഉദ്ഘാടന ചിത്രമായി ജൂലിയൻ ലാൻഡെയ്സിന്റെ പ്രഥമ സംവിധാന സംരംഭമായ ‘ദ ആസ്‌പേൺ പേപ്പേഴ്സ്’ എന്ന ചിത്രം പ്രദർശിപ്പിക്കപ്പെടും. ബ്രിട്ടീഷ് ജര്‍മ്മനി കോപ്രൊഡക്ഷനായ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ആണ് ഇന്നു നടക്കുന്നത്.

മേളയുടെ ഉദ്ഘാടന ചടങ്ങിൽ ജൂലിയൻ ലാൻഡെയ്സ്, ഗായകന്‍ അരിജിത് സിംഗ്, സംവിധായകരായ രമേഷ് സിപ്പി, മധുർ ഭണ്ഡാർക്കർ, സിങ്കപൂര്‍ അമേരിക്കന്‍ നടന്‍ ചിൻ ഹാൻ എന്നിവർ പങ്കെടുക്കും. 90 മിനിറ്റോളം ദൈർഘ്യമുള്ള ചടങ്ങുകളാണ് ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്നത്. ബോളിവുഡ് താരങ്ങളായ സോനു സൂദ്, ശിൽപ്പാ റാവു എന്നിവരുടെ വൈവിധ്യമാർന്ന പെർഫോർമൻസിനും ഉദ്ഘാടന വേദി സാക്ഷ്യം വഹിക്കും. ഗോവൻ ഗവർണർ മൃദുല സിൻഹ, വാർത്താവിതരണ വകുപ്പ് സഹമന്ത്രി കേണൽ രാജ്യവർദ്ധൻ റാത്തോർ, പൊതുമരാമത്തുവകുപ്പു മന്ത്രി സുധിൻ മാധവ് ധവാലികർ, ഫിലിം സർട്ടിഫിക്കറ്റ് അപ്പീൽ ട്രൂബ്യൂണലിന്റെ ചെയർമാനായ പ്രസൂൺ ജോഷി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

“ഇതു പഴമയുടെയും പുതുമയുടെയും ഒരു സങ്കലനം ആണ്. പഴയതും പുതിയതുമായ സിനിമകളും ഡിജിറ്റൽ സിനിമകളുമെല്ലാം ഐഎഫ്എഫ്ഐയിൽ ഒത്തൊരുമിച്ച് കൊണ്ടുവരികയാണ്”, ദൂരദർശനു നൽകിയ അഭിമുഖത്തിൽ കേണൽ രാജ്യവർദ്ധൻ റാത്തോർ പറയുന്നു. ഉദ്ഘാടന ചടങ്ങുകളുടെ ലൈവ് സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തിലെത്തിക്കാനും പദ്ധതിയുണ്ടെന്ന് റാത്തോർ വ്യക്തമാക്കി. ഹോളിവുഡ് സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ വിഎഫ്എക്സ് ആർട്ടിസ്റ്റുകൾക്ക് പ്രോത്സാഹനം നൽകാനും മേള മുൻകയ്യെടുക്കുമെന്ന് റാത്തോർ കൂട്ടിച്ചേര്‍ത്തു.

68 രാജ്യങ്ങളിൽ നിന്നായി 212 സിനിമകളാണ് ഇത്തവണ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്. ഇന്റർനാഷണൽ മത്സര കാറ്റഗറിയിൽ മൂന്ന് ഇന്ത്യൻ സിനിമകൾ അടക്കം 15 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഇന്റർനാഷണൽ മത്സര കാറ്റഗറിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മൂന്നു ഇന്ത്യൻ സിനിമകളിൽ രണ്ടെണ്ണം മലയാളത്തിൽ നിന്നുമാണ്. ജയരാജിന്റെ ‘ഭയാനകം’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ.മ.യൗ’ എന്നിവയാണ് മലയാളികൾക്ക് അഭിമാനിക്കാവുന്ന മേളയിലെ മത്സര ചിത്രങ്ങൾ. ‘ ടൂ ലെറ്റ്’ എന്ന തമിഴ് ചിത്രവും മത്സര വിഭാഗത്തിലുണ്ട്.

അക്ഷയ് കുമാർ, കരൺ ജോഹർ, സുഭാഷ് ഗായ്, മമ്മൂട്ടി തുടങ്ങി പ്രതിഭാധനരായ നിരവധി താരങ്ങളും സംവിധായകരും ചലച്ചിത്രപ്രവർത്തകരും ഇത്തവണ ചലച്ചിത്രമേളയുടെ ഭാഗമാകുന്നുണ്ട്. കൂടാതെ, അനിൽ കപൂർ- റിയ, ബോണി- അർജുൻ- ജാൻവി കപൂർ, ഡേവിഡ്- വരുൺ ധവാൻ, റാണ ദഗ്ഗുബാട്ടി- വെങ്ക്ടേഷ്- സുരേഷ് ബാബു എന്നിങ്ങനെ സിനിമാ കുടുംബത്തിലെ താരങ്ങൾ തമ്മിലുള്ള ഇൻ കോൺവർസേഷൻ സെക്ഷനുകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വനിതാ സംവിധായകരായ മേഘ്ന ഗുൽസാർ, ലീന യാദവ്, ഗൗരി ഷിൻഡെ എന്നിവരും ഇൻ കോൺവെർസേഷൻ സെക്ഷനിൽ സംസാരിക്കും. പ്രസൂൺ ജോഷിയും തന്റെ ആദ്യസിനിമ പ്രദർശിപ്പിക്കാനെത്തുന്ന അർജിത്തും ഷൂജിത് സിർകാറും ഈ സെക്ഷനിൽ സംസാരിക്കും. ഷൂജിത് സിർകാറിന്റെ ‘ഒക്ടോബർ’ എന്ന ചിത്രം ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും.

പ്രശസ്ത സ്വീഡിഷ് ചലച്ചിത്രകാരനായ ഇങ്ഗ്മർ ബർഗ്മാന്റെ നൂറാം ജന്മദിനാഘോഷവും മേളയിൽ ആഘോഷിക്കുന്നു. ‘വൈൽഡ് അറ്റ് ഹാർട്ട്, മാസ്റ്റർ അറ്റ് ക്രാഫ്റ്റ്’ എന്ന് പേരു നൽകിയിരിക്കുന്ന സെക്ഷനിൽ സംവിധായകനുമായി അടുത്തു പരിചയമുണ്ടായിരുന്ന സുനിത് ഠണ്ഡൻ, മിഖായേൽ ടിം, ജാനിക് ആലുന്ദ്, ഉൽറിക റിൻഡ്ഗാഡ് എന്നിവരും സംസാരിക്കും. റിട്രോസ്പെകടീവ് ഓഫ് മാസ്റ്റേഴ്സ് വിഭാഗത്തിൽ ‘വൈല്‍ഡ് സ്ട്രോബറീസ്’ അടക്കമുള്ള ബർഗ്മാന്റെ മികച്ച ഏഴു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

കൺട്രി ഫോക്കസിൽ ഇത്തവണ ഇസ്രായേൽ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംവിധായകനായ ഡാൻ വോൾമാൻ ഇറ്റാലിയൻ സിനിമയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തും. ഇത്തവണത്തെ ലൈഫ്ടൈം അറ്റീച്ച്മെന്റ് അവാർഡും ഡാൻ വോൾമാനാണ്.

ജാർഖണ്ഡ് ആണ് ഈ വർഷത്തെ സ്റ്റേറ്റ് ഫോക്കസ്, ഈ പ്രദേശങ്ങൾ പശ്ചാത്തലമായി വരുന്ന ‘ദ ഡെത്ത് ഇൻ ദ ഗുൻജ്’, ‘റാഞ്ചി ഡയറീസ്’, ‘പാഞ്ച്ലെറ്റ്’ എന്നിവയും മേളയിൽ സ്ക്രീൻ ചെയ്യപ്പെടും. ട്യൂണിഷ്യൻ സിനിമയെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഇൻ കോൺവർസേഷൻ സെക്ഷനിൽ ട്യൂണിഷ്യൻ അമ്പാസിഡറും സംവിധായകനുമായ നാസർ ഖെമിർ സംസാരിക്കും.

സംവിധായകൻ ശ്രീരാം രാഘവനും സഹോദരനും തിരക്കഥാകൃത്തുമായ ശ്രീധർ രാഘവനും ‘ത്രില്ലർ ചിത്രങ്ങളുടെ പിറകിലെ മിസ്റ്ററി’ എന്ന വിഷയത്തിൽ സംസാരിക്കും. ഈ വർഷം അന്തരിച്ച പ്രതിഭകളായ ശശി കപൂർ, ശ്രീദേവി, എം കരുണാനിധി, കൽപ്പന ലാജ്മി എന്നിവരെയും മേളയിൽ അനുസ്മരിക്കും.

കാഴ്ചയ്ക്ക് ബുദ്ധിമുട്ടുകൾക്കുള്ള കുട്ടികൾക്കു വേണ്ടി ഓഡിയോ വിവരണത്തോടു കൂടിയ പ്രത്യേക സ്ക്രീനിംഗിനുള്ള സൗകര്യവും മേള ഒരുക്കുന്നുണ്ട്. ‘ഷോലേ’, ‘ഹിക്കി’ തുടങ്ങിയ ചിത്രങ്ങളാവും ഈ സെക്ഷനിൽ പ്രദർശിപ്പിക്കുക. നവംബർ 28 ന് മേള സമാപിക്കും. വാർത്താവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഫിലിം ഫെസിലിറ്റേഷൻ ഓഫീസിന്റെ ലോഞ്ചിനും മേള സാക്ഷ്യം വഹിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook