ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ ഡെലിഗേറ്റ്‌സും സംഘാടകരും തമ്മില്‍ വാക്കേറ്റം. സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഡെലിഗേറ്റുകളെ അപമാനിക്കുന്ന തരത്തില്‍ സംഘാടകര്‍ സംസാരിക്കുകയായിരുന്നു. സംഘാടകര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെലിഗേറ്റുകള്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവരെ പ്രധാന വേദിയായ കലാ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ കാണാന്‍ അനുവദിക്കാതെ പിടിച്ച് പുറത്താക്കുകയായിരുന്നു.

മേളയിലെ ഇത്തവണത്തെ മുഖ്യ ആകര്‍ഷണമായ സ്പാനിഷ് ചിത്രം ‘ദി ഗില്‍റ്റി’ കാണാനായി നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും, മേളയുടെ മുഖ്യ സംഘാടകരില്‍ ഒരാളും ഗോവ എന്റര്‍ടെയിന്‍മെന്റ് സൊസൈറ്റിയുടെ വൈസ് ചെയര്‍മാനുമായ രാജേന്ദ്ര തലക് ഡെലിഗേറ്റുകളെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ പുറത്താക്കുകയായിരുന്നു എന്ന് മലയാളി സംവിധയകാന്‍ കെ എം കമല്‍ ആരോപിച്ചു. ‘നിങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് എനിക്കറിയാം, അങ്ങോട്ട് തന്നെ തിരിച്ചു പോകണം,’ എന്നായിരുന്നു തലക്കിന്റെ പ്രതികരണം. ഇത് തീര്‍ത്തും നിയമവിരുദ്ധമാണെന്നും തലക് മാപ്പ് ചോദിക്കണമെന്നും കമല്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് സംവിധായകരായ പ്രശാന്ത്‌ വിജയ്‌, ഡോ. ബിജു എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍  കമലിന് പിന്തുണയുമായി രംഗത്ത്‌ വന്നിട്ടുണ്ട്.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook