തങ്ങളുടെ സിനിമകളെ സംരക്ഷിക്കാനായി തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിന്റെ കാലുപിടിക്കേണ്ട അവസ്ഥയാണ് തമിഴ് സിനിമാക്കാര്‍ക്ക്. തമിഴ് സിനിമയിലെ പ്രമുഖ സംഘടനകളായ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും ശ്രമിച്ചിട്ടും സിനിമ ചോര്‍ത്തുന്ന ഈ വെബ്സൈറ്റിനെ ഒതുക്കാന്‍ കഴിഞ്ഞില്ല. വിശാലിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ചില അഡ്മിനുകളെ പിടികൂടിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
ഇപ്പോള്‍ തമിഴ് റോക്കേഴ്സിനോട് അപേക്ഷയുമായി ഇറങ്ങിയിരിക്കുകയാണ് സംവിധായകന് വിഘ്നേഷ് ശിവന്.
സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി വിഘ്നേഷ് സംവിധാനം ചെയ്ത താന സേര്‍ന്ത കൂട്ടം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. പൊങ്കല്‍ റിലീസായി എത്തിയ തമിഴ് ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് തമിഴ് റോക്കേഴ്സിനോട് അപേക്ഷിച്ചിരിക്കുകയാണ് സംവിധായകന്.
‘തമിഴ് റോക്കേഴ്സ് ടീം, ദയവ് ചെയ്ത് ഹൃദയമുണ്ടെങ്കില്‍ അതുപയോഗിച്ച് ഒന്നു ചിന്തിക്കൂ. ഈ ദിവസത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. നികുതി പ്രശ്നങ്ങള്‍ക്കിടയിലാണ് ഈ ചിത്രങ്ങള്‍ ഇറങ്ങുന്നത്. ദയവ് ചെയ്ത ഞങ്ങളോടിത് ചെയ്യരുതേ…’ തന്റെ ട്വിറ്റര്‍ പേജില്‍ വിഘ്നേഷ് കുറിച്ചു.
തന്റെ സിനിമയ്ക്ക് വേണ്ടി മാത്രമല്ല വിക്രം നായകനായ സ്കെച്ച്, പ്രഭുദേവയുടെ ഗുലേബക്കാവലി എന്നീ ചിത്രങ്ങള്‍ക്കും വേണ്ടിയും കൂടിയാണ് വിഘ്നേഷിന്റെ അപേക്ഷ. എന്നാല്‍ ഇതുവരെ തമിഴ് റോക്കേഴ്സിന്റെ ഭാഗത്തുനിന്നു പ്രതികരണമൊന്നും വന്നിട്ടില്ല.
നേരത്തേ ചെന്നൈ ടു സിംഗപ്പൂര്‍ എന്ന സിനിമയുടെ സംവിധായകന് അബ്ബാസ് അക്ബറും ഇത്തരത്തിലൊരു അപേക്ഷ നടത്തിയിരുന്നു. സിനിമയ്ക്ക് ഒരു മാസത്തെ സമയം നല്‍കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുടക്കുമുതല്‍ തിരിച്ചുകിട്ടണമെങ്കില്‍ ഒരു മാസമെങ്കിലും സിനിമ ഓടണമെന്നും അതിനാല്‍ സിനിമ ചോര്‍ത്തരുതെന്നും അബ്ബാസ് പറഞ്ഞിരുന്നു.
പിന്നീട് ആ സിനിമയുടെ എല്ലാ ഡൗണ്‍ലോഡ് ലിങ്കുകളും തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റില്‍ നിന്ന് എടുത്തുമാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിള്‍ ഗണ്‍, തമിള്‍ എംവി എന്നീ സെറ്റുകളും ലിങ്കുകള്‍ നീക്കം ചെയ്തിട്ടുണ്ട്.