കൊച്ചിയിൽ ജനിച്ചു വളർന്ന നടൻ ബിനീഷ് ബാസ്റ്റിന്റെ പ്രിയപ്പെട്ട ഹോബികളിൽ ഒന്നാണ് മീൻ പിടിത്തം, പ്രത്യേകിച്ച് മഴക്കാലത്ത്. എന്നാൽ ഇക്കുറി തന്റെ വീടിന്റെ ഉമ്മറത്തിരുന്ന് മീൻ പിടിക്കാനുള്ള അവസരമാണ് ബിനീഷിന് ലഭിച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പെയ്ത മഴയിൽ കൊച്ചി വെള്ളത്തിൽ മുങ്ങിയപ്പോൾ, മുണ്ടൻവേലിയിലെ ബിനീഷിന്റെ പുതിയ വീടിന്റെ മുറ്റത്തേക്ക് വെള്ളം ഒഴുകിയെത്തി, അവിടെ അദ്ദേഹം സഹോദരനോടും അമ്മയോടും ഒപ്പമാണ് താമസിക്കുന്നത്.

“വീടുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, വെള്ളത്തിന് കടലിലേക്ക് ഒഴുകാൻ വഴിയില്ലാതായി. കൂടാതെ മുമ്പ് നദികളിൽ നിന്ന് പിടിച്ചിരുന്ന പല മത്സ്യങ്ങളേയും എനിക്ക് വീടിന്റെ മുറ്റത്ത് കാണാൻ കഴിഞ്ഞു. അതിനാൽ, ഇത് പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ തീരുമാനിച്ചു, വരാൽ, കൂരി, കറൂപ്പ് എന്നിവയുൾപ്പെടെ രണ്ട് കിലോ മത്സ്യമെങ്കിലും പിടിച്ചിട്ടുണ്ട്,” ബിനീഷ് പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഇതിന്റെ വീഡിയോ അദ്ദേഹം അപ്‌ലോഡ് ചെയ്തപ്പോൾ, “കലക്ക വെള്ളത്തിൽ നിന്ന് മീൻ പിടിക്കുന്നു” എന്ന് പറഞ്ഞ് കുറച്ചു പേർ അദ്ദേഹത്തെ പരിഹസിച്ചു. എന്നാൽ കൊച്ചിയിലും പരിസരത്തുമുള്ള എല്ലാത്തരം ജലാശയങ്ങളിൽ നിന്നും മീൻ പിടിച്ച് വളർന്ന താൻ, ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ അവയെ ഭക്ഷിച്ചിട്ടുണ്ടെന്ന് ബിനീഷ് പറയുന്നു. പരിഹസിക്കുന്നവർ, മാർക്കറ്റിൽ നിന്നും രാസവസ്തുക്കൾ ചേർത്ത മത്സ്യം കഴിക്കുന്നു എന്നതാണ് രസകരമായ വസ്തുത എന്നും ബിനീഷ് കൂട്ടിച്ചേർക്കുന്നു.

Read More: ഞങ്ങൾ പിരിഞ്ഞെങ്കിലും സുശാന്തിന്റെ വീട്ടുകാരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു: അങ്കിത

കോവിഡ് മഹാമാരി ആഗോളതലത്തിൽ എല്ലാ മേഖലകളേയും സ്തംഭിപ്പിച്ചിരിക്കുകയാണ്. സാമ്പത്തികമായി എല്ലാവരേയും തളർത്തി. മറ്റെല്ലാ മേഖലയെയും പോലെ സിനിമ മേഖലയിലും ഇത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എത്രയോ പേരുടെ വരുമാനമാർഗമാണ് നിലച്ചത്. ബിനീഷ് ബാസ്റ്റിന്റെ അവസ്ഥയും മറ്റൊന്നല്ല.

കഴിഞ്ഞ രണ്ട് വർഷമായി, മഴക്കാലത്ത് അദ്ദേഹത്തിന്റെ പ്രദേശം വെള്ളത്തിനടിയിലാണ്. പോസിറ്റീവായി തുടരാൻ ശ്രമിക്കുമ്പോൾ, കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം എങ്ങും പോകുന്നത് എളുപ്പമല്ലെന്ന് താരം സമ്മതിക്കുന്നു. “ലോക്ക്ഡൗണിന് ഒരു മാസം മുമ്പുവരെ, എനിക്ക് മാസത്തിൽ 15 ഉദ്ഘാടനങ്ങളെങ്കിലും ഉണ്ടായിരുന്നു. കുറച്ച് പ്രൊജക്റ്റുകളുടെ ഷൂട്ടിംഗ് ഞാൻ പൂർത്തിയാക്കിയിരുന്നു, എല്ലാം നിലച്ചപ്പോൾ മറ്റ് ചിത്രങ്ങൾ ആരംഭിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു,” പവർ സ്റ്റാർ, രാക്ഷസ രാവണൻ, വട്ടിപ്പപ്പടം, മാട്ടി, പ്രശ്നക്കാരൻ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായ ബിനീഷ് പറയുന്നു.

പകർച്ചവ്യാധി കാരണം, കാര്യങ്ങൾ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. “സമയം ചെലവഴിക്കാനും കുറച്ച് പണം സമ്പാദിക്കാനും ഞാൻ പാചക വീഡിയോകൾ ചെയ്ത് എന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യുന്നു. എന്റെ കൈവശമുള്ള സമ്പാദ്യം കൊണ്ടാണ് ഞാൻ അതിജീവിക്കുന്നത്. എന്നാൽ കാര്യങ്ങൾ
മെച്ചപ്പെട്ടില്ലെങ്കിൽ, വീണ്ടും കൽപ്പണിക്ക് പോകും. അതിജീവനമാണ് ഇപ്പോൾ മുൻഗണന,” ബിനീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook