ഹിന്ദു സംഘടനയായ കര്‍ണിസേനയുടെ ഭീഷണിയ്ക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്. കങ്കണയുടെ പുതിയ ചിത്രമായ ‘മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ തങ്ങളെ കാണിക്കാതെ പ്രദര്‍ശനത്തിന് അനുവദിക്കില്ല, അല്ലാത്ത പക്ഷെ തിയേറ്ററുകള്‍ തല്ലിപ്പൊട്ടിക്കും എന്ന് കര്‍ണിസേന ദേശീയ തലവന്‍ സുഖ്‌ദേവ് സിങ് ഷെഖാവത് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് കങ്കണ രങ്കത്തെത്തിയിരിക്കുന്നത്.

‘നാല് ചരിത്രകാരന്മാര്‍ കണ്ട് വിലയിരുത്തിയതിന് ശേഷമാണ് മണികര്‍ണ്ണികയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് തന്നത്. കര്‍ണിസേനയെ ഈ വിഷയം അറിയിച്ചതാണ്, എന്നാല്‍ അവര്‍ തുടര്‍ച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. ഇതവസാനിപ്പിക്കാന്‍ ഭാവമില്ലെങ്കില്‍ അവരുടെ അറിവിലേക്കായി ഒന്നേ പറയാനുള്ളൂ, ഞാനും ഒരു രജ്പുതാണ്, അവരെ ഓരോരുത്തരേയും ഞാന്‍ നശിപ്പിച്ചു കളയും,’ ചിത്രത്തിന്റെ സംവിധായിക കൂടിയായ കങ്കണ പറയുന്നു.

Read More: കര്‍ണ്ണിസേന വേണ്ടും രംഗത്ത്‌: ‘മണികര്‍ണ്ണികയ്ക്കും ‘പത്മാവതി’ന്റെ ഗതിയാകുമെന്ന് ഭീഷണി

ചിത്രത്തില്‍ റാണി ലക്ഷ്മി ഭായിയും ബ്രിട്ടീഷ് ഉദ്യോഗസ്ഥനും തമ്മില്‍ ബന്ധമുള്ളതായി കാണിക്കുന്നതായി സംശയിക്കുന്നു എന്ന് ആരോപിച്ചാണ് കര്‍ണി സേനയുടെ പ്രതിഷേധം. റിലീസിന് മുമ്പായി തങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്നും അല്ലാത്ത പക്ഷം സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘പത്മാവതി’ന്റെ അവസ്ഥയാകും മണികര്‍ണ്ണികയ്ക്കും എന്നാണ് കര്‍ണ്ണിസേനയുടെ ഭീഷണി. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

‘ചിത്രത്തില്‍ മനഃപൂര്‍വ്വം ചില ഇക്കിളിപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തങ്ങളുടെ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്താന്‍ പല സിനിമാക്കാരും ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം അസംബന്ധങ്ങള്‍ ഞങ്ങള്‍ക്ക് ക്ഷമിക്കാന്‍ സാധിക്കില്ല,’ കര്‍ണിസേനയുടെ ദേശീയ തലവന്‍ സുഖ്ദേവ് സിങ് ഷെഖാവത് പറയുന്നു.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പത്മാവത് എന്ന ചിത്രം റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുകയും രജപുത്ര സമുദായത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നതാണെന്ന ആരോപണവുമായി കര്‍ണി സേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തിയേറ്ററുകള്‍ തകര്‍ക്കുകയും കത്തിക്കുകയും വരെ ചെയ്യുകയും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍, പത്മാവത് രജപുത്ര വംശത്തിന്റെ പ്രൗഢി ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ് പ്രതിഷേധങ്ങള്‍ പിന്‍വലിയ്ക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ