തിരുവനന്തപുരം : പതിനൊന്നാമത് കേരളാ അന്തര്‍ദേശീയ ഡോക്യുമെന്ററി ഹൃസ്വചിത്രമേളയ്ക്ക് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചലച്ചിത്ര അക്കാദമിയുടെ നടപടികളിലും മേളയുടെ നടത്തിപ്പിലും കേരളത്തിലെ ഡോക്യുമെന്ററി ചലച്ചിത്രകാരന്മാര്ക്ക് അമര്‍ഷം. കേരള ചലച്ചിത്ര അക്കാദമിയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ തുറന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഡോക്യുമെന്ററി വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള ചലച്ചിത്രകാരെ തഴയുന്നു എന്ന സന്ദേഹം പങ്കുവയ്ക്കുന്നതാണ് തുറന്നകത്ത്. മേളയിലെ മികച്ച ലോങ്ങ് ഡോക്യുമെന്ററിയെ നേരിട്ട് ഓസ്കാർ മത്സരവേദിയിൽ എത്തിക്കും എന്ന് ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ അക്കാദമി ഭാരവാഹികള്‍ അവകാശപ്പെട്ടിരുന്നു. അക്കാദമിയുടെ പ്രസ്താവന പിന്‍പറ്റിയാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതികരണം. ചലച്ചിത്ര അക്കാദമി സാങ്കേതികതകള്‍ ചൂണ്ടിക്കാണിച്ച് അവസരങ്ങള്‍ നിഷേധിക്കുന്നതായും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
ഡോക്യുമെന്ററി ചലച്ചിത്രകാരന്മാരായ കെ ആർ മനോജ്, ബാബു കാമ്പ്രത്ത്, ഷൈനി ജേക്കബ് ബെഞ്ചമിൻ, അനീസ് കെ മാപ്പിള, അശ്വിൻ കൃഷ്ണകുമാർ, ഷിജിത് വി പി, പ്രതാപ് ജോസഫ് എന്നിവരുടെതാണ് കത്ത്.
” ഓസ്കാർ രോമാഞ്ചത്തിൽ അത് മുങ്ങിപ്പോയതാണ്. അമേരിക്കൻ അക്കാദമി തെരഞ്ഞെടുത്തിരിക്കുന്നു മറ്റ് ഇരുപത്തിയേഴു മേളകളും ഒന്നു പരിശോധിച്ചു നോക്കൂ. എല്ലാത്തിലും തദ്ദേശീയ ചിത്രങ്ങൾക്ക് പ്രത്യേകം സംവരണം ഉണ്ട്. സ്വന്തം നാട്ടിലെ ചിത്രങ്ങളെ അവരെല്ലാം ആവോളം പരിപോഷിപ്പിക്കുന്നുമുണ്ട്. അതു പോലെ ഒരു സംവരണം ’അവികസിതരും നിലവാരം ഇല്ലാത്തവരുമായ’ ഞങ്ങൾക്ക് കൂടി തരണം. ഓസ്കാറിനൊന്നും കൊണ്ടു പോകണ്ട. പക്ഷേ നമ്മുടെ നാട്ടിലെ മേളയിലെങ്കിലും നേരെ ചൊവ്വേ ഒന്നു കാണിക്കാൻ കഴിയണം. അമ്പതും മുപ്പത്തിമൂന്നും ഒന്നും ഇല്ലെങ്കിലും ഒരു ഇരുപതു ശതമാനമെങ്കിലും തരണം. അത് എല്ലാ വിഭാഗത്തിലും വേണം. പ്രാദേശികവാദം തലയ്ക്കു പിടിച്ചതു കൊണ്ടാണ് ഞങ്ങൾ ഇതു പറയുന്നത് എന്നു കരുതിയാലും തെറ്റില്ല. ഞങ്ങളുടെ / ഇന്നാട്ടുകാരുടെ നികുതിപ്പണം കൊണ്ടു കൂടിയാണല്ലോ ഈ മേളയൊക്കെ നടക്കുന്നത്”
നേരത്തെ കെ ആര് മനോജിന്റെ ‘വര്‍ക്ക് ഓഫ് ഫയര്‍’ എന്ന ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച അക്കാദമിയുടെ നടപടിക്കെതിരെ സംവിധായകന് മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ സമര്‍പ്പിച്ച ശേഷം പിന്‍വലിച്ച ചിത്രമാണ് ‘വര്‍ക്ക് ഓഫ് ഫയര്‍’ ഒരിക്കല്‍ സമര്‍പ്പിച്ച ചലച്ചിത്രം വീണ്ടും സമര്‍പ്പിക്കാനാകില്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് മത്സരവിഭാഗത്തില്‍ നിന്ന് തന്റെ ചിത്രം ഒഴിവാക്കപ്പെട്ടത് എന്ന് കെ ആര് മനോജ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

” കഴിഞ്ഞ വര്‍ഷം ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ ഇതേ ചിത്രം സമര്‍പ്പിച്ചിരുന്നു. ഞാന്‍ തന്നെയാണ് അന്നത് സമര്‍പ്പിച്ചത്. പിന്നീട് മത്സരവിഭാഗത്തില്‍ നിന്ന് അത് പിന്‍വലിക്കുന്നതും ഞാന്‍ തന്നെയാണ്. ഇത്തവണ ചിത്രത്തിന്റെ നിര്‍മാതാക്കളായ പിഎസ്ബിടിയാണ് ചിത്രം മത്സരവിഭാഗത്തില്‍ സമര്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ചിത്രം ഈ വര്‍ഷം മത്സരവിഭാഗത്തില്‍ പരിഗണിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തെ തഴയുകയായിരുന്നു. ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ബീനാ പോള്‍ തന്നെയാണ് ഇത് പിഎസ്ബിടിയെ അറിയിക്കുന്നത്. ” കെആര്‍ മനോജ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ വന്ന ഒരേയൊരു ചിത്രമായിരുന്നു ‘വര്‍ക്ക് ഓഫ് ഫയര്‍’. ഈ വര്‍ഷവും വര്‍ക്ക് ഓഫ് ഫയറിന് അവസരം നിഷേധിക്കപ്പെട്ടതോടെ ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ കേരളത്തില്‍ നിന്നും പ്രാതിനിധ്യമില്ല.
ഡോക്യുമെന്ററി വിഭാഗത്തിലെ മത്സരത്തില്‍ പതിനഞ്ച് മുതല്‍ മുപ്പത്തിയൊമ്പത് മിനുട്ട് വരെയുള്ളതിനെ ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലും നാല്പത് മിനുട്ടിന് മുകളിലുള്ളതിനെ ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ പെടുത്തിയുമാണ് മേളയില്‍ പരിഗണിക്കുന്നത്. ഇതും ചലച്ചിത്രകാരന്മാരുടെ അവസരം നിഷേധിക്കുന്നു എന്ന ആരോപണമുണ്ട്.
കത്തിന്റെ പൂര്‍ണരൂപം
പ്രിയരേ ,
പതിനൊന്നാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം മേളയുടെ മുന്നോടിയായി ഇന്നലെ അക്കാദമി ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ ചില ‘കനപ്പെട്ട’ ആകർഷണങ്ങൾ ആണ് ഞങ്ങളെ ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത് . മേളയിലെ മികച്ച ലോങ്ങ് ഡോക്യുമെന്ററി യെ നേരിട്ട് ഓസ്കാർ മത്സരവേദിയിൽ എത്തിക്കും എന്ന പ്രസ്താവന ഞങ്ങൾക്കുണ്ടാക്കിയ അത്ഭുതം പറഞ്ഞറിയിക്കാതെ വയ്യ. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സിൻറെ നേരിട്ടുള്ള റിക്രൂട്ടിങ് ഏജൻസി ആയി സംസ്ഥാന ചലച്ചിത്ര അക്കാദമി (കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം മേള ) മാറിയ വിവരം ഞങ്ങളിൽ ഉണ്ടാക്കിയ ആശ്ചര്യവും അങ്കലാപ്പും ഒപ്പം പങ്കുവയ്ക്കുന്നു . റിക്രൂട്ട് ചെയ്യപ്പെടുന്ന ചിത്രത്തിന് അവിടെ മത്സരിക്കാനുള്ള ചെല്ലും ചെലവും അക്കാദമി നൽകും എന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു . മുൻപ് ഇവിടെ നിന്ന് ഓസ്കാർ മത്സരത്തിന് പോയ ചില ഫീച്ചർ ഫിലിം നിർമ്മാതാക്കൾ മത്സരം കഴിഞ്ഞു സാമ്പത്തികമായി തരിപ്പണമായിപ്പോയ കാഴ്ചയാണ് ഞങ്ങളുടെ അങ്കലാപ്പിനു ഒരു കാരണം. ഫീച്ചർ ഫിലിം നിർമ്മാതാക്കളുടെ ഗതി അതാണെങ്കിൽ ഞങ്ങൾ ഡോക്യുമെന്ററി ക്കാരുടെ അവസ്ഥ എന്താവും !
ഒരു വർഷം ലോകത്തെമ്പാടും സൃഷ്ടിക്കപ്പെടുന്ന എണ്ണമറ്റ നോൺ ഫീച്ചറുകളിൽ നിന്നും തങ്ങൾക്കു വേണ്ടവ തരപ്പെടുത്താനുള്ള ചുളു വഴിയാണ് അമേരിക്കൻ അക്കാദമി നടത്തുന്നതെന്ന് ചില ദോഷൈകദൃക്കുകൾ പറഞ്ഞുനടപ്പുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടേത് ഒരു വലതു പക്ഷ വ്യതിയാനം ആണെന്നും, നമ്മുടെ ഏഷ്യ – ആഫ്രിക്ക – ലാറ്റിനമേരിക്കപക്ഷപാതമൊക്കെ ആവിയാവുന്ന ലക്ഷണമാണെന്നുമൊക്കെ ഗൊദാർദ് തലയ്ക്കു പിടിച്ച, ഓസ്കാർ വിരുദ്ധരായ അവർ മുറുമുറുക്കുന്നു. വിവരക്കേട് പറയരുത് , കേരളം പോലൊരു മൂന്നാം ലോകത്തിനു ലഭിച്ച സൗഭാഗ്യമാണ് ഇതെന്ന് പുരോഗമനകാരികൾ അവരെ തിരുത്തുന്നുമുണ്ട്. എന്തായാലും ഇസ്രായേലിലെ ഡോക്കവിവ് ഫെസ്റ്റിവലുകാർ അഭിമാനിക്കും പോലെ (അവരുടെ ഉൾപ്പുളക ഇ മെയിൽ ഞങ്ങളിൽ പലർക്കും കിട്ടി) നമ്മുടെ മേള ഓസ്കാർ ക്വാളിഫയിങ് ആയ ഇരുപത്തെട്ടിൽ ഒന്നായതിൽ (അതും ഇൻഡ്യയിൽ നിന്നുള്ള ഒരേയൊരു മേള ) ഞങ്ങളും പുളകം കൊള്ളുന്നു .
ഓസ്കാർ ഭാവിയെ കുറിച്ചുള്ള രോമാഞ്ചവും ആശങ്കകളും വിയോജിപ്പുകളുമൊക്കെ പങ്കു വയ്ക്കുന്നതിനിടയിലാണ് ഞങ്ങൾ ഒരു കാര്യം ഓർത്തത്. ഈ പറയുന്ന ലോങ്ങ് ഡോക്യൂമെന്ററിയിൽ കേരള ത്തിൽ നിന്നുള്ള / മലയാളം പറയുന്ന ഒരു ചിത്രം പോലുമില്ലല്ലോ! അവിടെപ്പോലും എത്താതെ എന്ത് ഓസ്കാർ! അപ്പൊ ഓസ്കാർ ശെരിക്കും ഇന്നാട്ടുകാരെ ഉദ്ദേശിച്ചല്ല അല്ലെ ? ഹാവൂ ... വലതുപക്ഷ വ്യതിയാനത്തിൽ നിന്നും നമ്മൾ മലയാളികൾ രക്ഷപ്പെട്ടു!
സത്യത്തിൽ ഞങ്ങൾ പറയാൻ വന്നത് മറ്റൊന്നാണ്. ഓസ്കാർ രോമാഞ്ചത്തിൽ അത് മുങ്ങിപ്പോയതാണ്. അമേരിക്കൻ അക്കാദമി തെരഞ്ഞെടുത്തിരിക്കുന്നു മറ്റ് ഇരുപത്തിയേഴു മേളകളും ഒന്നു പരിശോധിച്ചു നോക്കൂ. എല്ലാത്തിലും തദ്ദേശീയ ചിത്രങ്ങൾക്ക് പ്രത്യേകം സംവരണം ഉണ്ട്. സ്വന്തം നാട്ടിലെ ചിത്രങ്ങളെ അവരെല്ലാം ആവോളം പരിപോഷിപ്പിക്കുന്നുമുണ്ട്. അതു പോലെ ഒരു സംവരണം ’അവികസിതരും നിലവാരം ഇല്ലാത്തവരുമായ’ ഞങ്ങൾക്ക് കൂടി തരണം. ഓസ്കാറിനൊന്നും കൊണ്ടു പോകണ്ട. പക്ഷേ നമ്മുടെ നാട്ടിലെ മേളയിലെങ്കിലും നേരെ ചൊവ്വേ ഒന്നു കാണിക്കാൻ കഴിയണം. അമ്പതും മുപ്പത്തിമൂന്നും ഒന്നും ഇല്ലെങ്കിലും ഒരു ഇരുപതു ശതമാനമെങ്കിലും തരണം. അത് എല്ലാ വിഭാഗത്തിലും വേണം. പ്രാദേശികവാദം തലയ്ക്കു പിടിച്ചതു കൊണ്ടാണ് ഞങ്ങൾ ഇതു പറയുന്നത് എന്നു കരുതിയാലും തെറ്റില്ല. ഞങ്ങളുടെ / ഇന്നാട്ടുകാരുടെ നികുതിപ്പണം കൊണ്ടു കൂടിയാണല്ലോ ഈ മേളയൊക്കെ നടക്കുന്നത്. പിന്നെ ഇത്തവണ നിങ്ങൾ ചവിട്ടി പുറത്താക്കിയ 15 മിനിറ്റിൽ താഴെ യുള്ള ഡോക്യുമെന്ററികളെ കൂടി അടുത്തതവണ ഒന്നു പരിഗണിക്കണം, ഒരു പ്രത്യേക വിഭാഗമായിട്ടെങ്കിലും. ലോങ്ങ് എടുക്കാൻ കെല്പില്ലാത്തവരെ പുറത്താക്കുകയല്ലല്ലോ വേണ്ടത്.
മേൽ പറഞ്ഞ ആവലാതികൾക്ക് ( അതോ അലവലാതികൾക്കോ!) അടുത്ത യോഗത്തിൽ ഒരു പരിഹാരം ഉണ്ടാക്കണം എന്ന അപേക്ഷയോടെ , മേളക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് ,
ഓസ്കാർ പ്രതീക്ഷകളോടെ,
കെ ആർ മനോജ്
ബാബു കാമ്പ്രത്ത്
ഷൈനി ജേക്കബ് ബെഞ്ചമിൻ
അനീസ് കെ മാപ്പിള
അശ്വിൻ കൃഷ്ണകുമാർ
ഷിജിത് വി പി
പ്രതാപ് ജോസഫ്