തിരുവനന്തപുരം: 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള നാളെ ആരംഭിക്കും. അഗസ്റ്റിനോ ഫെറെന്റയുടെ ‘സെൽഫി’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കപ്പെടും. നാളെ വൈകിട്ട് ആറു മണിയ്ക്ക് കൈരളി തീയറ്ററിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കേരളാ ഗവർണർ റിട്ട.ജസ്റ്റിസ് പി. സദാശിവം നിർവ്വഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്‌സൺ ബീനാ പോൾ, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവര് ചടങ്ങിൽ പങ്കെടുക്കും. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം എം.എൽ.എ വി. എസ് ശിവകുമാർ നിർവ്വഹിക്കും.
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ കൈരളി, ശ്രീ, നിള തീയറ്ററുകളിലായി 262 ചിത്രങ്ങൾ ആണ് പ്രദർശിപ്പിക്കപ്പെടുക. 63 ചിത്രങ്ങൾ ലോങ് ഡോക്യുമെൻ്ററി, ഷോർട്ട് ഡോക്യുമെൻ്ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി മത്സരരംഗത്തുണ്ട്.

ഡോക്യുമെൻ്ററി സംവിധായികയും എഴുത്തുകാരിയുമായ മധുശ്രീ ദത്തയെ രാജ്യാന്തര ഡോക്യുമെൻ്ററി ഹ്രസ്വചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം നല്കി ആദരിക്കും. മേളയിൽ മധുശ്രീ ദത്തയുടെ പ്രധാനപ്പെട്ട ചിത്രങ്ങളുടെ പ്രദർശനവും നടക്കും. ആറു ദിവസമായി വർധിപ്പിച്ച മേളയിൽ ഇത്തവണ മലയാള ചിത്രങ്ങൾക്കായി പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിഭാഗത്തിൽ 44 ചിത്രങ്ങളും ഫോക്കസ് വിഭാഗത്തിൽ 74 ചിത്രങ്ങളുമാണ് മേളയിൽ പ്രദർശിപ്പിക്കപ്പെടുക.
സംഗീതത്തിലൂടെയും അനിമേഷനിലൂടെയും ശക്തമായ സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേള. ജാതി, മതം, ദാരിദ്ര്യം, പ്രകൃതി, എല്‍. ജി. ബി. ടി. ക്യു തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാക്കുന്ന അനിമേഷന്‍, മ്യൂസിക് വീഡിയോ വിഭാഗങ്ങള്‍ മേളയുടെ ആകര്‍ഷണങ്ങളാവും. പാട്ടിലൂടെ തമിഴ് സാമൂഹ്യ-രാഷ്ട്രീയ പ്രശ്്‌നങ്ങളെ ജനങ്ങളുടെ മുന്നിലവതരിപ്പിക്കാന്‍ പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേത്യത്വത്തില്‍ രൂപം കൊണ്ട ‘കാസ്റ്റ്ലെസ്സ് കളക്ടീവ്’ ബാന്റിന്റെ ‘മഗിഴ്ച്ചി’ മേളയുടെ മ്യൂസിക് വീഡിയോ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

മേളയില്‍, ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പ്രമേയമാക്കുന്ന നിരഞ്ജന്‍ കുമാര്‍ കുജുവിന്റെ ‘ദിബി ദുര്‍ഗ്ഗ’ ഉള്‍പ്പെടെ ആറു ചിത്രങ്ങള്‍ മ്യൂസിക് വീഡിയോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മുംബൈയിലെ ചേരികളുടെ കഥ ആസ്പദമാക്കിയ ‘ബോം ബെ’, ‘ഗൂഗിളിംഗ് ഗാന്ധി റൂട്ട്’,’ഹെര്‍ റീബെര്‍ത്ത്’,’മരവൈരി’ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.
അനിമേഷന്‍ വിഭാഗത്തില്‍ സ്പാനിഷ് ചിത്രങ്ങളായ ‘ഡ്രൈ ഫ്‌ളൈ’, ‘പാച്ച് വര്‍ക്ക്’, ചൈനീസ് ചിത്രം ‘വാര്‍ ഫോര്‍ കീബോര്‍ഡ് വാരിയേഴ്‌സ്’ എന്നീ വിദേശ ചിത്രങ്ങളടക്കം ഒന്‍പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രക്യതി സംരക്ഷണത്തിന് ജീവന്റെ വില കല്‍പ്പിക്കുന്ന രാജസ്ഥാനിലെ ബിഷ്‌ണോയി വംശത്തിന്റെ കഥ പറയുന്ന സ്വാതി അഗര്‍വാളിന്റെ ‘അമ്യത’, ആദ്യമായി കഥകളി കാണുന്ന ബാലന്റെ അനുഭവം അവതരിപ്പിക്കുന്ന രമ്യ രാജീവിന്റെ ‘അകം’ തുടങ്ങിയ ആറു ഇന്ത്യന്‍ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മുംബൈ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ‘പ്രിസം’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അവിനാഷ് മേത്തയുടെ ’09:09 എഫും’ ഇവയിലുള്‍പ്പെടുന്നു.
പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ 63 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ‘സുഖാന്ത്യം’, സംഗീത ദത്ത ഒരുക്കിയ ‘ബേര്‍ഡ് ഓഫ് ഡസ്‌ക്’, മോണ്ട്രിയല്‍ ചലച്ചിത്രകാരന്‍ മാത്യു റോയിയുടെ ‘ദി ഡിസ്‌പൊസെസ്സ്ഡ്’ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സമൂഹത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന, ആത്മഹത്യാചിന്തയുമായി ജീവിക്കുന്ന ആളുകളെക്കുറിച്ചാണ് അടൂരിന്റെ ‘സുഖാന്ത്യം’ പറയുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മുകേഷ്, പദ്മപ്രിയ, അലന്‍സിയര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. തകരുന്ന കുടുംബബന്ധങ്ങളെക്കുറിച്ചും, കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുന്നുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠന കാലത്താണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഒടുവിലെ ഹ്രസ്വചിത്രം സംവിധാനം ചെയ്തത്.
വിഖ്യാത ബംഗാളി സംവിധായകന്‍ ഋതുപര്‍ണോഘോഷിന്റെ ജീവിതത്തെ ആസ്പദമാക്കി മുന്‍കാല സഹപ്രവര്‍ത്തക സംഗീത ദത്ത സംവിധാനം ചെയ്ത ‘ബേര്‍ഡ്‌സ് ഓഫ് ഡസ്‌ക്’. സിനിമകളുടെ പ്രമേയം കൊണ്ടും വ്യക്തിജീവിതം കൊണ്ടും ആരാധകരെ സ്വാധീനിച്ചിട്ടുള്ള ഘോഷിന്റെ അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഡോക്യൂമെന്ററി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നടന്ന ആദ്യ പ്രദര്‍ശനത്തില്‍ മികച്ച അഭിപ്രായം നേടിയിരുന്നു.
കാര്‍ഷികമേഖലയിലെ തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങള്‍ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന സ്വിസ് കനേഡിയന്‍ ചിത്രമാണ് ‘ദി ഡിസ്‌പൊസെസ്സ്ഡ്’. വ്യവസായവത്ക്കരണം കാര്‍ഷികമേഖലയില്‍ ആഗോളതലത്തില്‍ ഉണ്ടാക്കിയ ആഘാതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം.
ഫേസ് ടു ഫേസ്, ഇൻ കോൺവർസേഷൻ സെക്ഷൻ, സെമിനാറുകൾ തുടങ്ങിയ പരിപാടികളും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 23 ന് രാവിലെ 11ന് ശ്രീ തീയറ്ററിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.സായ്നാഥ് ശരത്ചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തും. ‘ഡോക്യുമെൻ്ററികൾ മുൻ നിരയിലേക്ക് കൊണ്ടു വരുന്നതിൽ നിരൂപകരുടെ പങ്ക്’ എന്ന വിഷയത്തിൽ ഫിപ്രസ്കിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ 24 ന് കൈരളി തീയറ്ററിൽ നടക്കും. കെ.ആര് നാരായണൻ ഇന്സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ‘ഡോക്യുമെൻ്ററി: ബോധനശാസ്ത്രം എന്ന നിലയിൽ’ എന്ന വിഷയത്തിൽ ജൂൺ 25 ന് ഹോട്ടല് ഹൊറൈസണിൽ വെച്ച് സെമിനാർ നടക്കും.
Read more entertainment stories: കൂടുതൽ സിനിമ വാർത്തകൾ ഇവിടെ വായിക്കാം