IDSFFK 2018: ഇന്ന് ആരംഭിക്കുന്ന പതിനൊന്നാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ ലോംഗ് ഡോക്യുമെന്റി മത്സര വിഭാഗത്തില്‍ 9 ചിത്രങ്ങള്‍ മത്സരിക്കും. ആറ് സംവിധായകമാരുടേയും ഒരു നവാഗത സംവിധായകന്റേയും ചിത്രങ്ങള്‍ മത്സര രംഗത്തുണ്ട്.
ദേബാലിനാ മജുംദാര്‍, ശില്പി ഗുലാത്തി, സുരഭി ശര്‍മ, കസ്തൂരി ബസു, മിതാലി ബിശ്വാസ്, അനുഷ്ക മീനാക്ഷി എന്നിവരാണ് മത്സര രംഗത്തുള്ള സംവിധായികമാര്‍. ഇന്‍ ഫാക്ട്, ലോക്ക് ആന്റ് കീ, ദ ട്രൈബല്‍ സ്കൂപ്പ്, റിട്ടേണിംഗ് ടു ദ ഫസ്റ്റ് ബീറ്റ്, ദ തേഡ് ഇന്‍ഫിനിറ്റി, ആന്‍ എഞ്ചിനീയേഡ് ഡ്രീം, എസ്.ഡി: സരോജ് ദത്താ ആന്‍ഡ് ഹിസ് ടൈംസ്, സന്താള്‍ ഫാമിലി റ്റു മില്‍ റീകാള്‍, അപ് ഡൗണ്‍ ആന്റ് സൈഡ് വേയ്സ് എന്നിവയാണ് മത്സരരംഗത്തുള്ള ലോങ് ഡോക്യൂമെന്ററികള്‍.
Read More: ‘ഫോക്കസ് ലോങ്ങ് ഡോകുമെന്ററി എന്ന വിഭാഗത്തില്‍ പതിനേഴു ചിത്രങ്ങള്‍
രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് മികച്ച ചിത്രത്തിന് നല്കുന്ന സമ്മാനം. വിജയചിത്രത്തിന് ഓസ്കാര്‍ കഥേതര വിഭാഗത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. പലസ്തീനിയന്‍ സംവിധായകനായ റഈദ് അന്റോണി അധ്യക്ഷനായ സമിതിയാകും പുരസ്കാര ചിത്രം തെരഞ്ഞെടുക്കുക. 4 മലയാള ചിത്രങ്ങളടക്കം 21 ചിത്രങ്ങളാണ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരരംഗത്തുള്ളത്. ബിജു പങ്കജിന്റെ സഹ്യന്റെ നഷ്ടം, സനു കുമ്മിളിന്റെ ഒരു ചായക്കടക്കാരന്റെ മന് കി ബാത്, ഷാജി മതിലകത്തിന്റെ ആനത്താര, രാജേഷ് ജയിംസിന്റെ ഇന്‍ തണ്ടര്‍, ലൈറ്റനിംഗ് & റെയ്ന്‍ എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ഗൗരി ലങ്കേഷിനെക്കുറിച്ചുള്ള നമ്മ ഗൗരി ഉള്‍പ്പെടെ 7 ഉം ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 16 ഉം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് സമീറ ജെയിനിന്റെ മാസ്റ്റര്‍ ക്ലാസ്
ഡോക്യുമെന്ററി ചിത്രങ്ങളുടെ നിര്‍മ്മാണം മനസ്സിലാക്കാന്‍ അവസരമൊരുക്കി രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഡെലിഗേറ്റുകള്ക്കുമായി സംഘടിപ്പിക്കുന്ന എഡിറ്റിംഗ് ഫോര്‍ ഡോക്യുമെന്ററി ഫിലിംസ് എന്ന മാസ്റ്റര്‍ ക്ലാസ് മേളയുടെ ഭാഗമാകും.
22-ാം തീയതി വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലിലാണ് മാസ്റ്റര്‍ ക്ലാസ് സംഘടിപ്പിക്കുക. സിനിമാ മേഖലയില്‍ കഴിഞ്ഞ 30 വര്‍ഷമായി സജീവമായ സമീറ ജെയ്നാകും ക്ലാസിന് നേതൃത്വം നല്‍കുക. മാധ്യമ, ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ എല്ലാ ദിവസവും ഇന്‍ കോണ്‍വെര്‍സേഷനും ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്.
ജൂലൈ 21 മുതല്‍ 24 വരെ എല്ലാദിവസവും രണ്ടു മണിക്ക് നിളാ തിയേറ്ററിലാണ് ഇന്‍-കോണ്‍വര്‍സേഷന്‍ സംഘടിപ്പിക്കുക. ഫെമിനിസ്റ്റ് ചരിത്രകാരിയും സാംസ്കാരിക വിമര്‍ശകയുമായ ലതാ മണി, ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവ് ആനന്ദ് പട്വര്ദ്ധന്, കഥാ – കഥേതര വിഭാഗ ജൂറി അധ്യക്ഷരായ റഈദ് അന്റോണി, കവിതാ ലങ്കേഷ് എന്നിവരാണ് പങ്കെടുക്കുക. കൈരളിയില്‍ വൈകിട്ട് 5 മണിക്കാണ് ഓപ്പണ്‍ ഫോറം.
പ്രത്യേക പ്രദര്‍ശനത്തിന് രണ്ടു ചിത്രങ്ങള്‍
കുടിവെള്ള സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഗീത കഥാചിത്രം ഓപ്പര്‍ച്യൂണിറ്റി മേളയില്‍ പ്രത്യേക പ്രദര്‍ശനത്തിന്. ജസീര്‍ തെക്കേക്കര നിര്‍മ്മിച്ച പഞ്ചഭൂത പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. 44 നദികളുള്ള കേരളം നിരന്തരം അഭിമുഖീകരിക്കുന്ന ജലദൗര്‍ലഭ്യ പ്രശ്നങ്ങളെ ഈ ലഘുചിത്രം അവതരിപ്പിക്കുന്നു. കെ.ആര്. മനോജിന്റെ വര്‍ക്ക് ഓഫ് ഫയറാണ് പ്രത്യേക പ്രദര്‍ശനത്തിനുള്ള മറ്റൊരു ചിത്രം. ഇന്ത്യന്‍ ഉത്സവാഘോഷങ്ങള്‍ക്ക് നിറം പകരുന്ന പടക്ക നിര്‍മ്മാണ മേഖലയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ശ്രീ തിയേറ്ററില്‍ ശനിയാഴ്ച രാത്രി 8.30 ന് ഓപ്പര്‍ച്യൂണിറ്റിയും ഞായറാഴ്ച വൈകിട്ട് 6.15 ന് വര്‍ക്ക് ഓഫ് ഫയറും പ്രദര്‍ശിപ്പിക്കും.
ഹ്രസ്വചിത്രമേളയ്ക്ക് മികവു പകരാന്‍ ലതാ മണിയുടെ ചിത്രങ്ങള്‍

പ്രകൃതി മുഖ്യപ്രമേയമാക്കി ഫെമിനിസ്റ്റ് ചരിത്രകാരിയും സാമൂഹ്യ നിരൂപകയുമായ ലതാമണി ഒരുക്കിയ അഞ്ചു ചിത്രങ്ങള്‍ ഇക്കുറി മേളയ്ക്ക് മികവു പകരും. അര്‍ജന്റീനിയന്‍ സംവിധായകന് നിക്കോലസ് ഗ്രാന്റിയും ലതാമണിയും സംയുക്തമായി നിര്‍മ്മിച്ച ഈ ചിത്രങ്ങള്‍ വെന്‍ സ്റ്റോറീസ് കം കാളിങ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിന്തയുടേയും ആത്മീയതയുടേയും സമന്വയമായാണ് ലതാമണിയുടെ ചിത്രങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
നഗരത്തിലെ രാത്രി ജീവിതത്തിന്റെ നേര്‍ചിത്രം പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് നൊക്റ്റേണ്‍ 1 ഉം നൊക്റ്റേണ്‍ 2 ഉം. ഓര്‍മ്മയും മറവിയും ഇടകലരുന്ന ദൃശ്യാവിഷ്കാരമാണ് ഹിയര്‍ നൗ. ദ് പൊയെറ്റിക്സ് ഓഫ് ഫ്രജിലിറ്റി, ദെ സൈഡര്‍ സെവന് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.
പ്രദര്‍ശനസമയം
കൈരളി
രാവിലെ 9.30 – ദ ജഗ്ലര്, ഡെബ്യൂ, 11.30 – ആനത്താര, മാന്‍ഗ്രൂവ്സ് നേച്ചേര്‍സ് ഹാര്‍ഡി ഫൂട്ട് സോള്‍ഡിയേഴ്സ്, ബ്രിഡ്ജ്, ഐഡ, ഒരുക്കം, അരിമ്പാറ, കഥ തീരുവോളം, സൗണ്ട് പ്രൂഫ്, 2.30 – അനുഭേദ്, ആന്‍ എന്‍ജിനിയേഡ് ഡ്രീം, വൈകിട്ട് 6.00 – ഹ്യൂമന്‍ ഫ്ളോ
ശ്രീ
രാവിലെ 10.00 – ദി പ്രസിഡന്റ്സ് വിസിറ്റ്, തോമസ് ആദം – ഫ്രാന്‍ഫര്‍ട്ട് ഫ്രം അണ്ടര്‍നീത്ത്, ലാ ബൗച്ച്, ഹാഫ്വെ, ദി ബെസ്റ്റ് ഫയര്‍ വര്‍ക്ക്സ് എവര്‍, 12.15 – ഐ ആം മൈക്രോ, ലാ സിനിഫിലാസ്, 3.15 ഫോവ്, ഒബ്സ്ക്യുര്‍ ലൈറ്റ്.
നിള
രാവിലെ 9.45 – ദ അദര്‍ സൈഡ് ഓഫ് എവ്രിതിംഗ്, 11.45 ഫാദര്‍ സണ്‍ ആന്റ് ഹോളി വാര്, 2.45 – റൂഫസ് കിങ് പാര്‍ക്ക്, സ്പൈഡര്‍ ബോയ്, മാര്‍ഗരീറ്റ്, ദ് മൂണ്‍, ദി സണ്‍ ആന്റ് ദി മസ്കറ്റീര്‍സ്, ലൈക് എ ഗുഡ് കിഡ്, ഡ്രീം ഓഫ് ദ് ലേക്ക്.
പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡുകളോട് ‘നോ’ പറഞ്ഞ് ഹ്രസ്വ ചലച്ചിത്ര മേള
ചണം കൊണ്ട് നിര്‍മ്മിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കി വ്യത്യസ്തമാകുകയാണ് ഇക്കുറി ഹ്രസ്വചലച്ചിത്ര മേള. മേളയ്ക്കെത്തുന്ന പ്രതിനിധികള്‍ക്ക് പരിസ്ഥിതി സൗഹൃദ സന്ദേശം പകരുന്ന ചണനിര്മ്മിതമായ തിരിച്ചറിയല്‍ കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. ബാര്‍ കോഡുകള്‍ മേളയില്‍ ഇല്ലാത്തതിനാല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായി ഇവ നിര്‍മ്മിക്കുകയായിരുന്നു.
ലൈംഗിക സ്വത്വങ്ങളുടെ അഭ്രകാഴ്ചയൊരുക്കി ‘എന്‍ഗേജിങ് വിത്ത് സെക്ഷ്വാലിറ്റി’
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ‘എന്‍ഗേജിങ് വിത്ത് സെക്ഷ്വാലിറ്റി’ വിഭാഗത്തില്‍ 5 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
നവദീപ് ശര്‍മയുടെ എ സേഫ് പേഴ്സണ്‍ റ്റു ടോക്ക് റ്റു, അനുഷ്ക ശിവദാസിനിയും മാധുരി മൊഹിന്ദറും ചേര്‍ന്ന് തയാറാക്കിയ ബ്രീത്ത് , അജിതാ ബാനര്‍ജിയുടെ ഐ ആം നോട്ട് ദെയര്‍,മിതാലി ത്രിവേദിയും ഗംഗാദീപ് സിങ്ങും ചേര്‍ന്ന് തയാറാക്കിയ പ്ലീസ് മൈന്‍ഡ് ദ ഗ്യാപ്, അനിന്ദ്യ ശങ്കര്‍ ദാസിന്റെ നസര്‍ ഉഠാ കെ ദേഖോ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് സൊസൈറ്റി ആണ് ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
രണ്ട് ലൈംഗികതകളെ മാത്രം ഉള്‍കൊള്ളാന്‍ തയ്യാറാകുന്ന സാമൂഹ്യ സാഹചര്യത്തില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് എ സേഫ് പേഴ്സണ്‍ റ്റു ടോക്ക് റ്റു വിന്റെ പ്രമേയം. മുതിര്‍ന്നവര്‍ക്കും സുഹൃത്തുകള്‍ക്കും ഒരു മനുഷ്യന്റെ വളര്‍ച്ചയില്‍ വഹിക്കാനാകുന്ന പങ്കിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം. സ്വത്വം, ലൈംഗികത, മാനസികാരോഗ്യം ഇവ തമ്മിലുള്ള ബന്ധമാണ് ബ്രീത്ത് എന്ന ചിത്രം. കുടിയേറ്റത്തെ ലൈംഗിക സ്വത്വം ഒളിപ്പിച്ചു ജീവിക്കുന്നതില്‍ നിന്നുള്ള മോചനമായി സമീപിക്കുന്ന ചിത്രമാണ് അജിതാ ബാനര്‍ജിയുടെ ആദ്യ ചിത്രം കൂടിയായ ഐ ആം നോട്ട് ദെയര്‍. ഒരു ട്രാന്‍സ്മാന്റെ കണ്ണിലൂടെ ഡല്‍ഹി മെട്രോയെ നോക്കിക്കാണുകയാണ് പ്ലീസ് മൈന്‍ഡ് ദ ഗ്യാപ്. നഗര ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ ജീവിക്കുന്ന ട്രാന്‍സ് മനുഷ്യരുടെ ജീവിതമാണ് നസര്‍ ഉഠാ കെ ദേഖോയുടെ പ്രമേയം. 22 നു 3.30 നു നിള തിയേറ്ററിലാണ് പ്രദര്‍ശനം.
ഇറാനിയന്‍ വസന്തമായി ‘പേര്‍ഷ്യന്‍ ടേല്‍സ്’
രാജ്യാന്തര ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്രമേളയില്‍ ഇറാനിയന്‍ ചലച്ചിത്ര വിസ്മയമായി ഹ്രസ്വചിത്രങ്ങള്‍. ‘പേര്‍ഷ്യന്‍ ടേല്‍സ്’ എന്ന വിഭാഗത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇറാനിയന്‍ മുഖ്യധാര, സമാന്തര ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയങ്ങളാണ് മിക്ക ചിത്രങ്ങളുടേയും പ്രമേയം. ജോഗ്ജാ നെറ്റ്പാക് ഏഷ്യന്‍ ചലച്ചിത്രമേളയില്‍ മികച്ച വിദ്യാര്‍ഥി ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച അമീര്‍ മസൂദ് സൊഹേലിയുടെ ‘ബ്ലൂ എയ്ഡ് ബോയ്’, 33 മത് ടെഹ്റാന് മേളയിലെ മികച്ച കഥാചിത്രമായ അരിയാന്‍ വാസിര്ദഫ്താരിയുടെ ‘നോട്ട് യറ്റ്’ എന്നീ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.