കേരള രാജ്യാന്തര ഡോകുമെന്ററി ഹ്രസ്വ ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് ഡോകുമെന്ററി സംവിധായകര്‍ ഒത്തു കൂടി മലയാള സിനിമയിലെ വനിതകള്‍ തൊഴിലിലടത്തില് ആത്മാഭിമാനത്തിനും ലിംഗ നീതിയ്ക്കും വേണ്ടി നടത്തി വരുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു.
വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് (WCC) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ ഭൂപടത്തെത്തന്നെ മാറ്റിമറിയ്ക്കും എന്ന് സംവിധായിക സീമന്തിനി ദാരു പറഞ്ഞു.
മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ അതിലെ തന്നെ ഒരു അംഗത്തിനു നേരെ നടന്ന ക്രൂരമായ ലൈംഗികാതിക്രമത്തെ നേരിട്ട രീതിയെ സംവിധായിക സുരഭി ശര്‍മ ശക്തമായി അപലപിച്ചു.
“മൂന്നോറോളം ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ ഒപ്പിട്ട ഒരു കത്തിനോട് ‘അമ്മ’ പ്രതികരിച്ച രീതി ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. കുറ്റാരോപിതനെ രക്ഷിക്കാന്‍ ‘അമ്മ’ എത്രത്തോളം താഴുമെന്ന് ഇപ്പോള്‍ മനസ്സിലായി.”, സുരഭി ശര്‍മ കൂട്ടിച്ചേര്‍ത്തു.
കേസിന്റെ വിചാരണ തുടങ്ങും മുന്‍പ് തന്നെ കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ കാണിച്ച ധൃതി ‘അമ്മ’ ആര്‍ക്കൊപ്പം ആണ് എന്ന് വ്യക്തമായി കാണിച്ചു തരുന്നു എന്ന് വിഖ്യാത ഡോകുമെന്ററി സംവിധായകനും ഈ വര്‍ഷത്തെ മേളയിലെ ‘ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവുമായ ആനന്ദ് പട് വര്ദ്ധന് പറഞ്ഞു.
“ഈ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥി ആയി വിളിക്കാനുള്ള സാംസ്കാരിക വകുപ്പിന്റെ തീരുമാനം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഈ തീരുമാനം പുനപരിശോധിക്കാന്‍ ഞങ്ങള്‍ സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെടുകയാണ്”, സംവിധായകന് ദീപു പറഞ്ഞു.
സുരഭി ശര്‍മ, സീമന്തിനി ദാരു, ആനന്ദ് പട് വര്ദ്ധന്, ദേബലീന മജുംദാര്‍, മിതാലി ബിശ്വാസ്, കോയല്‍ സെന്‍, റഫീക്ക് ഇല്ല്യാസ്, ആര് പി അമുതന്, ദീപു, ജിഷ എന്നിവര്‍ ഡോകുമെന്ററി സംവിധായക കൂട്ടായ്മയെ പ്രതിനിധീകരിച്ച് സിറ്റ്-ഇന്‍ നടത്തി.