പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലെ മികച്ച ലോംഗ് ഡോക്യുമെന്ററിയായി ‘അപ് ഡൗണ്‍ ആന്റ് സൈഡ് വെയ്സി’നെ തെരഞ്ഞെടുത്തു. അനുഷ്ക മീനാക്ഷി, ഈശ്വര്‍ ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. നാഗാലാന്റിലെ ഫേക്സിങ്ങിലെ നെല്‍ക്കര്‍ഷകരുടെ ദുരിത ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിനാണ് ഓസ്കാര്‍ നോമിനേഷന്. ‘ആന്‍ എഞ്ചിനീയേര്‍ഡ് ഡ്രീമി’നാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.
ആദിത്യ കെല്‍ഗാകര്‍ സംവിധാനം ‘സൗണ്ട് പ്രൂഫ്’ ആണ് മികച്ച ഹ്രസ്വചിത്രം. കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത ‘ജി’ ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ഗോകുല്‍ ആര് നാഥ് സംവിധാനം ചെയ്ത ‘ഇട’, ജി. ശങ്കര്‍ സംവിധാനം ചെയ്ത ‘ഒരുക്കം’ എന്നിവ മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്കാരം പങ്കിട്ടു.
ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ‘ചായക്കടക്കാരന്റെ മന് കീ ബാത്തി’നാണ് പുരസ്കാരം. നോട്ട് നിരോധനത്തിന്റെ ദുരിതങ്ങള്‍ പേറേണ്ടിവന്ന സമൂഹത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് സനൂപ് കുമിളാണ്. അഭിനവ ഭട്ടാചാര്യ സംവിധാനം ചെയ്ത ‘ജമ്നാപാര്‍’ ആണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയത്.
മികച്ച ഛായാഗ്രാഹകനുള്ള നവറോസ് കോണ്ട്രാക്ടര് പുരസ്കാരത്തിന് പി.എസ് വേണു അര്‍ഹനായി. ‘സഹ്യന്റെ നഷ്ടം’ എന്ന ഡോക്യുമെന്ററിയാണ് അദ്ദേഹത്തിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.







ഭീഷണികള്‍ക്കെതിരെ വേണ്ടത് ചങ്കൂറ്റത്തോടെയുള്ള പ്രതികരണം: മന്ത്രി എ.കെ. ബാലന്
സാംസ്കാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും ഭീഷണികൊണ്ട് വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കണമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്. സാംസ്കാരിക മേഖലയില്‍ അത്തരത്തിലുള്ള പ്രതിരോധങ്ങള്‍ ഉയര്‍ന്നാലെ ഭീഷണികള്‍ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവിധായകനായ കമല്‍, എഴുത്തുകാരായ എം.ടി, എം.എം ബഷീര്‍, പ്രഭാവര്‍മ്മ തുടങ്ങിയവര്‍ക്കെതിരെ ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. വിമര്‍ശകര്‍ക്ക് ഉചിതമായ മറുപടിയാണ് പ്രഭാവര്‍മ്മ നല്‍കിയത്. അതു പോലെ ചങ്കൂറ്റത്തോടെ പ്രതികരിക്കാന്‍ ‘മീശ’ എന്ന നോവലിന്റെ രചയിതാവ് എസ്. ഹരീഷും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കേരളത്തില്‍ നടക്കുന്ന രാജ്യാന്തര മേളകളില്‍ നാടിന്റെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയണം. രാമു കാര്യാട്ടിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇത്തവണത്തെ മേളയില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന ചലച്ചിത്ര പ്രേമികളുടെ അഭിപ്രായത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക സംവാദത്തിനുള്ള ഇടമായി ചലച്ചിത്രമേളകള്‍ മാറണമെന്നും അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതുവഴി മാത്രമേ സാംസ്കാരിക മറവി രോഗം ബാധിച്ചവരെ ചികിത്സിക്കാന്‍ സാധിക്കൂവെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. മേളയില്‍ യുവജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാണെന്നും അത് കേരളത്തിന്റെ സാംസ്കാരിക ഔന്നത്യത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
പലസ്തീനികളുടെ ചിന്തകള്‍ സ്വതന്ത്രമാക്കുക ലക്ഷ്യമെന്ന് റഈദ് അന്റോണി
പലസ്തീന് ജനതയുടെ ചിന്തകളെ സ്വതന്ത്രമാക്കുകയാണ് തന്റെ ചലച്ചിത്ര ലക്ഷ്യമെന്ന് റഈദ് അന്റോണി. യുദ്ധക്കെടുതികളുടേയും ദുരിതങ്ങളുടേയും ഇരകളായാണ് പുറം ലോകം പലസ്തീന്‍കാരെ ചിത്രീകരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഒരു രാജ്യത്തിന് വേണ്ടിയുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ‘ഇന്കോണ്വെര്സേഷനി’ല്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
കാല് ഭാഗത്തോളം പലസ്തീനിയന്‍ ജനതയും തടവുകാരാണ്. താനും അതിന് വിധേയമായിട്ടുണ്ട്. അതിനുശേഷം തനിക്ക് ഉത്തരങ്ങള്‍ കണ്ടെത്താനുള്ള ഉപാധിയായാണ് സിനിമാനിര്‍മ്മാണത്തെ കാണുന്നതെന്നും റഈദ് അന്റോണി പറഞ്ഞു.