അഞ്ചു നാള് നീണ്ട അഭ്രകാഴ്ചയുടെ വസന്തമൊരുക്കിയ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയ്ക്ക് ഇന്ന് സമാപനം. സമാപന സമ്മേളനത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയാകും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് അധ്യക്ഷത വഹിക്കും.
മേയര്‍ വി.കെ. പ്രശാന്ത്, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, സംവിധായകരായ റഈദ് അന്റോണി, മഹേഷ് നാരായണന് തുടങ്ങിയവര്‍ പങ്കെടുക്കും.
ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യൂമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലെ മത്സര വിജയികള്‍ക്ക് ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. 64 ചിത്രങ്ങളാണ് മത്സര വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുരസ്കാര ജേതാക്കള്‍ക്കുള്ള സമ്മാനത്തുക അക്കാദമി നേരത്തെ ഇരട്ടിയാക്കിയിരുന്നു. 36 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളുടെ പ്രദര്‍ശനത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്.
മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കാന്‍ ആറു സംവിധായികമാര്‍
ലോങ് ഡോക്യമെന്ററി മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കാന്‍ ആറു സംവിധായികമാരുടെ ചിത്രങ്ങള്‍. മൊത്തം ഒമ്പതു ചിത്രങ്ങളാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നത്.
ദേബാലിനാ മജുംദാര്‍, ശില്പി ഗുലാത്തി, സുരഭി ശര്‍മ, കസ്തൂരി ബസു, മിതാലി ബിശ്വാസ്, അനുഷ്ക മീനാക്ഷി എന്നിവരാണ് മത്സര രംഗത്തുള്ള സംവിധായികമാര്‍. ‘ഇന്‍ ഫാക്ട്’, ‘ലോക്ക് ആന്റ് കീ’, ‘ദ ട്രൈബല്‍ സ്കൂപ്പ്’, ‘റിട്ടേണിംഗ് ടു ദ ഫസ്റ്റ് ബീറ്റ്’, ‘ദ തേഡ് ഇന്‍ഫിനിറ്റി’, ‘ആന്‍ എഞ്ചിനീയേഡ് ഡ്രീം’, ‘എസ്.ഡി: സരോജ് ദത്താ ആന്‍ഡ് ഹിസ് ടൈംസ്’, ‘സന്താള്‍ ഫാമിലി റ്റു മില്‍ റീകാള്‍’, ‘അപ് ഡൗണ്‍ ആന്റ് സൈഡ് വേയ്സ്’ എന്നിവയാണ് മത്സരരംഗത്തുള്ള ലോങ് ഡോക്യൂമെന്ററികള്‍.
അഞ്ച് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം, ബെസ്റ്റ് ഡോക്യുമെന്ററി ഛായാഗ്രാഹകന്‍ എന്നിങ്ങനെയാണ് പുരസ്കാരങ്ങള്‍ നല്‍കുക.
രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് മികച്ച ചിത്രത്തിന് നല്കുന്ന സമ്മാനം. വിജയ ചിത്രത്തിന് ഓസ്കാര്‍ കഥേതര വിഭാഗത്തിലേക്ക് നോമിനേഷന് ലഭിക്കും. പലസ്തീനിയന്‍ സംവിധായകനായ റഈദ് അന്റോണി അധ്യക്ഷനായ സമിതിയാകും പുരസ്കാര ചിത്രം തെരഞ്ഞെടുക്കുക. 4 മലയാള ചിത്രങ്ങളടക്കം 21 ചിത്രങ്ങളാണ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരരംഗത്തുള്ളത്. ബിജു പങ്കജിന്റെ ‘സഹ്യന്റെ നഷ്ടം’, സനു കുമ്മിളിന്റെ ‘ഒരു ചായക്കടക്കാരന്റെ മന് കി ബാത്’, ഷാജി മതിലകത്തിന്റെ ‘ആനത്താര’, രാജേഷ് ജയിംസിന്റെ ‘ഇന്‍ തണ്ടര്‍ ലൈറ്റനിംഗ് & റെയ്ന്‍’ എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍.
ആനന്ദ് പട്വര്‍ദ്ധന്റെ മ്യൂസിക് വീഡിയോ പ്രദര്‍ശനം
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ അവസാന ദിനമായ ഇന്ന് ആനന്ദ പട് വര്‍ദ്ധന്റെ നാല് മ്യൂസിക് വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. റിബല്‍ വിത്ത് എ കോസ് എന്ന വിഭാഗത്തിലാണ് മ്യൂസിക് വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുക. ‘റിബണ്‍സ് ഫോര്‍ പീസ്’, ‘വി ആര് നോട്ട് യുവര്‍ മങ്കീസ്’, ‘യു കാന്‍ ഡിസ്ട്രോയി ദ ബോഡി’ എന്നിവയാണ് മ്യൂസിക് വീഡിയോകള്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ന്യൂക്ലിയര്‍ പരീക്ഷണങ്ങളുടെ അനന്തര ഫലമാണ് ‘റിബണ്‍ ഫോര്‍ പീസ്’ എന്ന മ്യൂസിക് വീഡിയോയുടെ പ്രമേയം.
രാമായണത്തിലെ ജാതിയും ലിംഗപരവുമായ അടിച്ചമര്‍ത്തലുകളും വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്നതാണ് ‘വി ആര് നോട്ട് യുവര്‍ മങ്കീസ്’. ഫാസിസ്റ്റുകളുടെ അക്രമത്തിനിരയായവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് യു കാന്‍ ഡിസ്ട്രോയ് ദി ബോഡിയുടെ അവതരണം.
രാജ്യാന്തര ഹ്രസ്വ ചിത്രമേളയുടെ അവസാന ദിനമായ ഇന്ന് ഒന്‍പത് വിഭാഗങ്ങളിലായി 23 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണകൊറിയന്‍ ചിത്രം ‘ബിലവ്ഡ്’, സ്പാനിഷ് ചിത്രം ‘ദ് ബീറ്റില്‍ അറ്റ് ദ് എന്‍ഡ് ഓഫ് ദ് സ്ട്രീറ്റ്’, ഫ്രഞ്ച് ചിത്രം ‘ഡിമണ്‍സ് ഇന്‍ പാരഡൈസ്’ തുടങ്ങിയ പത്ത് ചിത്രങ്ങളാണ് രാജ്യാന്തര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. ‘ദ് പെര്വെര്ട്ട്സ് ഗൈഡ് ടു സിനിമ’യാണ് സിനിഫീലിയ വിഭാഗത്തിലെ ഇന്നത്തെ ചിത്രം. ഹാരോള്‍ഡ് ആന്റണി പോള്‍സണ്‍ സംവിധാനം ചെയ്ത ‘കുഴിമന്തി’, മണിലാല്‍ പടവൂരിന്റെ ‘ജോര്‍ജ് ജോണ്‍ – സ്പിരിറ്റ് ഓഫ് എയ്റ്റീസ്’ എന്നിവയാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍.