scorecardresearch

IDSFFK 2018: ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കേരളം മാതൃകയെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഇടയാക്കിയ സാഹചര്യം നിലനില്‍ക്കുകയാണെന്നും അത്തരം പ്രതിഷേധ മാര്‍ഗങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ആനന്ദ്‌ പട് വര്‍ദ്ധന്‍

IDSFFK 2018: ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കേരളം മാതൃകയെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍
IDSFFK 2018 Anand Patwardhan Bina Paul

IDSFFK 2018: മറ്റു പലവിഷയങ്ങളിലും എന്ന പോലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും കേരളം മാതൃകയാണെന്ന് പ്രമുഖ ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. രാജ്യത്ത് വന്‍തോതില്‍ അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളം അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ നിലപാടുകളുടെ പ്രഖ്യാപനമാണ് എന്റെ സിനിമകള്‍. കലാകാരന്മാര്‍ അവരുടെ കലാസൃഷ്ടികള്‍ തന്നെയാണ് നിലപാടുകളായി അവതരിപ്പിക്കുന്നതെന്നും” പട് വര്‍ദ്ധന്‍ പറഞ്ഞു.

anand patwardhan documentary filmmaker
ആനന്ദ്‌ പട് വര്‍ദ്ധന്‍

“നിലപാടുകള്‍ ചലച്ചിത്രമാക്കാന്‍ ഒട്ടേറെ പ്രയാസമുള്ള കാലമാണിത്. വെല്ലുവിളികളെ നേരിടാനുള്ള മനസ്സുണ്ടായാലേ ഇന്നത്തെ കാലത്ത് ഒരു സിനിമ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഇടയാക്കിയ സാഹചര്യം നിലനില്‍ക്കുകയാണെന്നും അത്തരം പ്രതിഷേധ മാര്‍ഗങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും”, അദ്ദേഹം വ്യക്തമാക്കി.

മേളയില്‍ റിബല്‍ വിത്ത് എ കോസ് എന്ന പ്രത്യേക വിഭാഗത്തില്‍ പട് വര്‍ദ്ധന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Read More: IDSFFK 2018: പ്രധാന ചിത്രങ്ങള്‍, പാക്കേജുകള്‍, പ്രദര്‍ശന വേദികള്‍

ഗൗരി ലങ്കേഷിന്റെ ഓര്‍മ്മകളുമായി ‘നമ്മ ഗൗരി’

എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ആയുധമെടുക്കുന്നവര്‍ക്ക് താക്കീതായി രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയില്‍ ‘നമ്മ ഗൗരി’ എത്തുന്നു. അക്രമികളുടെ വെടിയേറ്റ് മരിച്ച മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ജീവിതവും നിലപാടുകളും പ്രമേയമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പെഡസ്ട്രിയന്‍ പിക്‌ചേഴ്‌സിലെ പ്രദീപ് കെ പി ആണ്.

 

നിലപാടുകളുടെ പേരില്‍ അക്രമികള്‍ കൊലപ്പെടുത്തിയ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, സച്ചിന്‍ മാലി, ശീതള്‍ സാഥേ, സാഗര്‍ ഗോഖലെ, രമേഷ് ഗെയ്‌ചോര്‍ എന്നിവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായ ചിത്രവും മേളയിലുണ്ട്. ആനന്ദ് പട് വര്‍ദ്ധന്‍: റിബല്‍ വിത്ത് എ കോസ് വിഭാഗത്തിലാണ് ‘യു ക്യാന്‍ ഡിസ്‌ട്രോയ് ദ ബോഡി’ എന്ന ഈ ശ്രദ്ധാഞ്ജലി പ്രദര്‍ശിപ്പിക്കുക. ‘നമ്മ ഗൗരി’ നിളാ തിയേറ്ററില്‍ 22 ന് വൈകുന്നേരം 6.30 നും ‘യു ക്യാന്‍ ഡിസ്‌ട്രോയ് ദ ബോഡി’ 24 ന് രാവിലെ 11.45 നുമാണ് പ്രദര്‍ശിപ്പിക്കുക.

ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷ് മേളയുടെ കഥാ വിഭാഗം ജൂറി അധ്യക്ഷയാണ്.

പി.കെ. നായര്‍ക്ക് ആദരവൊരുക്കി സിനിഫീലിയ

പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയില്‍ പി.കെ. നായര്‍ക്ക് ആദരവ്. നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ പി.കെ. നായര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് സിനിഫീലിയ വിഭാഗത്തില്‍ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ സി.എസ് വെങ്കിടേശ്വരനാണ് ക്യുറേറ്റര്‍. കമല്‍ സ്വരൂപിന്റെ ‘രംഗഭൂമി’, കെ.ആര്‍ മനോജിന്റെ ’16 എം.എം: മെമ്മറീസ് മൂവ്‌മെന്റ് ആന്റ് എ മെഷീന്‍’, ജാക്വസ് റിച്ചാര്‍ഡിന്റെ ‘ഹെന്‍ട്രി ലാങ്വാ: ഫാന്റം ഓഫ് സിനിമാതെക്’, ഷുമോണ ഗോയലിന്റെ ‘ഐ ആം മൈക്രോ’, മരിയ അല്‍വരാസിന്റെ ‘ലാ സിനിഫിലാസ്’, സോഫി ഫിയന്‍സിന്റെ ‘പെര്‍വെട്‌സ് ഗൈഡ് ടു സിനിമ’ എന്നിവയാണ് സിനിഫീലിയ വിഭാഗത്തിലെ ചിത്രങ്ങള്‍.

P K Nair
പി കെ നായര്‍

ദാദാ സാഹിബ് ഫാല്‍ക്കേയുടെ നാടക പ്രവര്‍ത്തനത്തിലൂടെയും ജീവിതത്തിലൂടെയും കമല്‍ സ്വരൂപ് നടത്തിയ യാത്രകളുടെ രൂപരേഖയാണ് ‘രംഗഭൂമി’ എന്ന ചിത്രം. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സഞ്ചാരപഥങ്ങളും അതിന് 16 എംഎം ഫിലിം പ്രൊജക്ടറുമായുള്ള ബന്ധവും അടയാളപ്പെടുത്താനുള്ള ശ്രമമാണ് ’16 എം.എം. മെമ്മറീസ് മൂവ്‌മെന്റ് ആന്റ് എ മെഷീന്‍’ എന്ന ചിത്രം. ചലച്ചിത്ര സമ്പാദകനായ ഹെന്‍ട്രി ലാങ്വയുടെ ജീവിതത്തെ അപഗ്രഥിക്കുന്ന ഡോക്യുമെന്ററിയാണ് ‘ഹെന്‍ട്രി ലാങ്വാ: ദ ഫാന്റം ഓഫ് സിനിമാതെക്’.

സിനിമാ നിര്‍മ്മാണത്തെക്കുറിച്ചുള്ള പരീക്ഷണാത്മക ചിത്രമാണ് ഷുമോണ ഗോയലിന്റെ ‘ഐ ആം മൈക്രോ’. വാര്‍ദ്ധക്യത്തിന്റെ വിരസത അകറ്റാന്‍ ദിവസവും സിനിമയ്ക്ക് പോകുന്ന ജോലിയില്‍ നിന്ന് വിരമിച്ച ഒരുകൂട്ടം സ്ത്രീകളുടെ കഥ പറയുകയാണ് മരിയ അല്‍വരാസിന്റെ ‘ലാസ് സിനിഫിലാസ്’. സിനിമ ഒരാളില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുമെന്നും പ്രതിഫലിക്കുമെന്നും സരസമായി അനാവരണം ചെയ്യുന്ന ചിത്രമാണ് സോഫിയ ഫിയാന്‍സിന്റെ ‘പെര്‍വെട്‌സ് ഗൈഡ് ടു സിനിമ’.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Idsffk 2018 anand patwardhan gauri lankesh p k nair