/indian-express-malayalam/media/media_files/2025/01/01/CGH8so4MeJUeu5JgrOid.jpg)
Identity Movie Review & Rating
Identity Movie Review & Rating: ഐഡന്റിറ്റി, പുതുവർഷത്തിൽ ആദ്യം തിയേറ്ററിലെത്തിയ ചിത്രം. ടൊവിനോ തോമസ്, തൃഷ, വിനയ് റായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഐഡന്റിറ്റി, ഏറെ ട്വിസ്റ്റുകളും സസ്പെൻസും പ്രവചനാതീതമായ കഥാഗതിയുമെല്ലാമായി ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ്.
ദുരൂഹമായൊരു കൊലപാതകത്തിനു സാക്ഷിയാവുകയാണ് അലീഷ (തൃഷ). കേരള പൊലീസും കർണാടക പൊലീസുമൊക്കെ ഒരുപോലെ ഇൻവോൾവ്ഡ് ആയ കേസിന്റെ അന്വേഷണ ചുമതല എസ് പി അലൻ ജേക്കബിനാണ്. ഒരു അപകടത്തിനു ശേഷം വളരെ സങ്കീർണ്ണമായ ചില മെഡിക്കൽ അവസ്ഥകളിലൂടെയാണ് അലീഷ കടന്നുപോവുന്നത്.
ഒരു ഘട്ടത്തിൽ അലൻ ജേക്കബ് കേസ് അന്വേഷണത്തിനായി, സ്കെച്ച് ആർട്ടിസ്റ്റ് ഹരൺ ശങ്കറിൻ്റെ സഹായം തേടുന്നു. തുടർന്ന്, ഹരണിന്റെ സഹായത്തോടെ അലീഷയും അലനും ചേർന്ന് പ്രതിയുടെ ഒരു രേഖാചിത്രം തയ്യാറാക്കി ദുരൂഹതകളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നു.
അഴിക്കും തോറും മുറുകുന്ന സങ്കീർണ്ണമായ കഥാസന്ദർഭങ്ങൾ... നിരവധി കഥകളും ഉപകഥകളും... പ്രധാന പ്ലോട്ടിനൊപ്പം സബ് പ്ലോട്ടുകളും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. ആരാണ് യഥാർത്ഥ കുറ്റവാളി? എന്തായിരുന്നു കൊലയാളിയുടെ യഥാർത്ഥ ലക്ഷ്യം? ആ ഒരൊറ്റ ചോദ്യത്തിൽപെട്ട് പ്രേക്ഷകരും ഉഴറും.
പ്രേക്ഷകർക്ക് അത്ര എളുപ്പത്തിൽ പ്രവചിച്ച് എടുക്കാനാവുന്ന കഥാഗതിയല്ല ചിത്രത്തിന്റേത്. ഒരു പസിൽ ഗെയിം പൂർത്തിയാക്കുന്നതു പോലെ, ക്ലൈമാക്സിൽ മാത്രമേ കഥയുടെ പൂർണമായ ചിത്രം പ്രേക്ഷകർക്കു ലഭിക്കുകയുള്ളൂ. കഥ പറച്ചിലിൽ തിരക്കഥാകൃത്തുകൾ പിൻതുടർന്ന ഈ സമീപനം തന്നെയാണ് സ്ക്രീനിൽ നിന്നും കണ്ണെടുക്കാനാവാതെ പ്രേക്ഷകരെയും ചിത്രത്തിൽ ഹുക്ക് ചെയ്തിടുന്നത്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
മാത്രമല്ല, ഹരണും അലീഷയ്ക്കുമെല്ലാം അവരുടേതായ ജീവിതപശ്ചാത്തലങ്ങളും കഥകളും പറയാനുണ്ട്. അത് കഥാപാത്രങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ സഹായിക്കുന്നു. പ്രശ്നബാധിതമായൊരു കുട്ടിക്കാലമാണ് ഹരനെ മോൾഡ് ചെയ്യുന്നത്. സ്കെച്ച് ആർട്ടിസ്റ്റായ അമ്മയുടെ കഴിവു അതുപോലെ കിട്ടിയിരിക്കുന്ന ഹരണിന്, കർക്കശസ്വഭാവക്കാരനായ അച്ഛന്റെ ശിക്ഷണത്തിൽ വളർന്നതുമൂലമുണ്ടായ ചില ഒബ്സസീവ് കണ്ടീഷനുകളുമുണ്ട്.
അൽപ്പം നിഗൂഢതയുള്ള ഹരൺ എന്ന കഥാപാത്രത്തെ തികഞ്ഞ കയ്യടക്കത്തോടെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സംഘട്ടന രംഗങ്ങളിലും ആക്ഷൻ സ്വീകൻസുകളിലുമെല്ലാം തിളങ്ങുന്നുണ്ട് താരം. തൃഷ അവതരിപ്പിക്കുന്ന അലീഷ എന്ന കഥാപാത്രത്തിനും കഥാഗതിയിൽ വലിയ പ്രാധാന്യമുണ്ട്. ആ കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ തൃഷയിലെ അഭിനേത്രിയെ ചലഞ്ച് ചെയ്യാൻ മാത്രം ഡെപ്ത്ത് ആ കഥാപാത്രത്തിനില്ല എന്നത് സങ്കടകരമാണ്.
വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
ധാരാളം മെഡിക്കൽ സങ്കേതങ്ങളും ചിത്രം വിശദീകരിക്കുന്നുണ്ട്. സ്ലോ സ്പേസിൽ ആരംഭിക്കുന്ന ചിത്രം ആദ്യഘട്ടത്തിൽ പ്ലോട്ട് സെറ്റിംഗിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പിന്നീട് ഗിയർമാറ്റി, വേഗം കൂട്ടുന്നു. എൻഗേജ്ഡായൊരു സെക്കന്റ് ഹാഫും ക്ലൈമാക്സും കൂടിയാവുമ്പോൾ മികച്ചൊരു കാഴ്ചാനുഭവമായി മാറുകയാണ് 'ഐഡന്റിറ്റി'.
ചിത്രത്തിന്റെ മേക്കിംഗും പ്രൊഡക്ഷൻ ഡിസൈനും പ്രത്യേകം എടുത്തു പറയണം. കാർ ചേസിംഗ്, ഫ്ളൈറ്റിനകത്തെ ആക്ഷൻ സ്വീനുകൾ, എയർപോർട്ട് സീനുകൾ എന്നിവയെല്ലാം മികവുറ്റ രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലും ചിത്രം മികവു പുലർത്തുന്നു. അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചമൻ ചാക്കോയാണ് എഡിറ്റർ.
ജെയ്ക്സ് ബിജോയുടെ പശ്ചാത്തലസംഗീതവും എടുത്തുപറയണം. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് 'ഐഡന്റിറ്റി' നിർമിച്ചിരിക്കുന്നത്. തികഞ്ഞ സാങ്കേതികത്തികവോടെ ഒരുക്കിയിരിക്കുന്ന, ത്രസിപ്പിക്കുന്ന ഈ ത്രില്ലർ പ്രേക്ഷകരെ നിരാശരാക്കില്ല. ധൈര്യമായി ടിക്കറ്റെടുക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us