നടൻ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞതിന് വ്ലോഗറെ കസ്റ്റഡിയിലെടുത്ത് പോലീസ്. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദിനെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചി സിറ്റി സൈബർ പോലീസാണ് കസ്റ്റഡിയിലെടുത്തത്. അമ്മ സംഘടനയെയും ഇടവേള ബാബുവിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ പങ്കുവച്ചു എന്നതാണ് കൃഷ്‌ണപ്രസാദിനെതിരെയുള്ള ആരോപണം. ചോദ്യം ചെയ്യലിനു ശേഷം തുടർ നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
വിനീത് ശ്രീനിവാസൻ ചിത്രം ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സി’നെ വിമർശിച്ചു കൊണ്ട് ഇടവേള ബാബു രംഗത്തു വന്നിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ഉയർന്നു. താൻ പറഞ്ഞ വാക്കുകളിൽ നിന്ന് ഒരു ചെറിയ ഭാഗം മാത്രമെടുത്ത് അസഭ്യം പറയുന്നു എന്നാണ് ഇടവേള ബാബു പറഞ്ഞത്.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് ഇടവേള ബാബു ‘മുകുന്ദന്‍ ഉണ്ണി’യെ വിമർശിച്ചത്.ഇടവേള ബാബുവിന്റെ വാക്കുകൾ ഇങ്ങനെ: “മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. പടം മൊത്തം നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്നെഴുതി കാണിച്ചാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ പറയാൻ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്നതിനും മദ്യം നിറച്ച ഗ്ലാസ് കാണിക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാൽ ഈ സിനിമ നിങ്ങളൊന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ഇവിടെ ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകനാണോ സിനിമാക്കാരനാണോ?”
വിനീത് ശ്രീനിവാസൻ, ആര്‍ഷ ചാന്ദ്‌നി ബൈജു, തന്‍വി റാം, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സി’ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അഭിനവ് സുന്ദർ നായക് ആണ് ചിത്രത്തിന്റെ സംവിധായകൻ.