/indian-express-malayalam/media/media_files/uploads/2018/07/Akshay-Kumar.jpg)
ജീവചരിത്ര സിനിമകളുടെ ട്രെൻഡാണ് ബോളിവുഡിൽ ഇപ്പോൾ കാണുന്നത്. അടുത്തിടെ നടൻ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാർ ഹിരണി ഒരുക്കിയ സഞ്ജു ബോക്സോഫിസിൽ മികച്ച വിജയം നേടിയിരുന്നു. സഞ്ജയ് ദത്തായി രൺബീർ കപൂറാണ് വേഷമിട്ടത്. രൺബീറിന്റെ അഭിനയത്തിന് കൈയ്യടി ലഭിച്ചതിനൊപ്പം ചിത്രം വിമർശനങ്ങൾക്കും വിധേയമായി. സഞ്ജയ് ദത്തിന്റെ ഇമേജിനെ നല്ലതാക്കി കാണിക്കാനാണ് ചിത്രം ശ്രമിച്ചതെന്നായിരുന്നു വിമർശനം.
മറ്റു ചില ബോളിവുഡ് താരങ്ങളുടെ ജീവിതവും സിനിമയാക്കാനുളള ചർച്ചകൾ നടക്കുന്നുണ്ട്. ആരുടെ ജീവിതം സിനിമയായാലും അക്കൂട്ടത്തിൽ ഒരിക്കലും താനുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ ആക്ഷൻ ഹീറോ അക്ഷയ് കുമാർ. 'എന്റെ ജീവിതം ഒരിക്കലും ഞാൻ സിനിമയാക്കില്ല. എന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകവും ഞാൻ എഴുതില്ല', അക്ഷയ് പറഞ്ഞു.
'ചരിത്രത്തിൽ നമ്മളെ അതിശയപ്പെടുത്തുന്ന മറ്റു നിരവധി പേരുണ്ട്. ഉദാഹരണത്തിന് തപൻ ദാസ് (അക്ഷയ് കുമാറിന്റെ അടുത്ത സിനിമയായ ഗോൾഡിലെ കഥാപാത്രം), അരുണാചലം മുരുകാനന്ദം (അക്ഷയ് കുമാറിന്റെ പാഡ്മാൻ സിനിമയിലെ കഥാപാത്രം) ഇവരൊക്കെ ഇന്ത്യയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചവരാണ്. എന്റെ ജീവിതത്തെക്കുറിച്ചൊരു സിനിമയെടുത്താൽ ഞാൻ സ്വയം വിഡ്ഢിയാകും. ഞാൻ അതിനെക്കുറിച്ച് ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ല. റിയൽ ഹീറോകളുടെ ജീവചരിത്രം സിനിമയാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്', അക്ഷയ് പറഞ്ഞു.
ജീവചരിത്രത്തിനു പിന്നാലെയാണോ ബോളിവുഡ് സിനിമ എന്ന ചോദ്യത്തിന് അക്ഷയ് കുമാറിന്റെ മറുപടി ഇതായിരുന്നു, 'ഒരു പ്രമേയത്തെ ആസ്പദമാക്കി ഒരു സിനിമ വിജയിച്ചാൽ പിന്നെ എല്ലാവരും അതിനു പുറകേയാണ്. എല്ലാവരും ഒരേ പ്രമേയത്തെ ആസ്പദമാക്കി സിനിമയൊരുക്കും. ഒരു സിനിമ പരാജയപ്പെട്ടാൽ പിന്നെ എല്ലാവരും മറ്റെന്തെങ്കിലും തേടിയായിരിക്കും ഓടുക'.
അക്ഷയ് കുമാർ നായകനായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് ഗോൾഡ്. ഇന്ത്യൻ ഹോക്കി ടീം ആദ്യമായി ഒളിംപിക്സ് സ്വർണ മെഡൽ നേടിയതിനെക്കുറിച്ചുളളതാണ് സിനിമ. ഹോക്കിയിലെ ഇന്ത്യയുടെ സുവർണ കാലഘട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.