“എന്റെ അച്ഛനെ (രണ്‍ധീര്‍ കപൂര്‍) ഞാന്‍ കണ്ടിട്ട് നാലഞ്ചു ദിവസമായി. അത് കൊണ്ട് എന്താണ് സംഭവിക്കുന്നത്‌ എന്ന് എനിക്ക് കൃത്യമായി അറിയില്ല. സ്റ്റുഡിയോയുടെ ഇടനാഴികളിലൂടെ നടന്നാണ് ഞങ്ങള്‍ ഒരുരുത്തരും വളര്‍ന്നത്‌. പക്ഷേ സ്റ്റുഡിയോ വില്‍ക്കാന്‍ തന്നെയാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത് എന്നാണു ഞാന്‍ കരുതുന്നത്. അച്ഛനും സഹോദരന്‍മാരും ചേര്‍ന്നെടുക്കേണ്ട ഒരു തീരുമാനമാണ്. അവര്‍ അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതങ്ങനെയാവട്ടെ”, അഭിനേത്രിയും രാജ് കപൂറിന്റെ കൊച്ചു മകളുമായ കരീനാ കപൂര്‍ പറയുന്നു.

കപൂര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആര്‍ കെ സ്റ്റുഡിയോസ് വില്‍ക്കാന്‍ തീരുമാനമായി എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കരീന. ലാക്ക്മേ ഫാഷന്‍ വീക്കില്‍ പങ്കെടുത്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ബോളിവുഡിലെ വിഖ്യാത സ്റ്റുഡിയോകളില്‍ ഒന്നായ ആര്‍ കെ സ്റ്റുഡിയോസ്. 1948ല്‍ രാജ് കപൂര്‍ സ്ഥാപിച്ച ആര്‍ കെ സ്റ്റുഡിയോസ്, മുംബൈയിലെ ചേംബൂര്‍ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. രണ്ടു ഏക്കറോളം വരുന്ന സ്റ്റുഡിയോയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം വലിയ അഗ്നിബാധയുണ്ടായതിനെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍, അനന്തരം സ്റ്റുഡിയോയുടെ നടത്തിപ്പില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവ കണക്കിലെത്താണ് തീരുമാനം എന്നാണ് വിവരം.

Iconic RK Studio to be sold, Rishi Kapoor confirms

മക്കളോടൊപ്പം രാജ് കപൂര്‍

“ഹൃദയത്തെ കല്ലാക്കിക്കൊണ്ട്, എന്നാല്‍ നന്നായി ആലോചിച്ച് ഉറപ്പിചെടുത്ത തീരുമാനം”, സ്റ്റുഡിയോ ഉടമകളില്‍ ഒരാളായ ഋഷി കപൂര്‍ പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍, മക്കള്‍ റണ്‍ധീര്‍, ഋഷി, രാജീവ്‌, ഋതു, റിമ എന്നിവര്‍ ചേര്‍ന്ന് എടുത്ത തീരുമാനമാണിത്.

 

‘ആഗ്’, ‘ബര്‍സാത്’, ബൂട്ട് പോളിഷ്’, ‘ശ്രീ 420’, ‘സംഗം’, ‘മെര നാം ജോക്കര്‍’, ‘ബോബി’, സത്യം ശിവം സുന്ദരം’, ‘ഹെന്ന’, പ്രേം ഗ്രന്ഥ’, ‘ആ അബ് ലൌട്ട് ചലേ’ എന്നിവ ആര്‍ കെ സ്റ്റുഡിയോസ് നിര്‍മ്മിച്ച പ്രധാന ചിത്രങ്ങളില്‍ പെടുന്നവയാണ്.

Read in English: Iconic RK Studio to be sold, Rishi Kapoor confirms

കഴിഞ്ഞ വര്‍ഷത്തെ അഗ്നിബാധയില്‍ ബോളിവുഡ് ചരിത്രത്തിന്റെ ഭാഗമായ പലതും നശിച്ചു പോയി. ആര്‍ കെ ഫിലിംസ് ചിത്രങ്ങളില്‍ നായികമാരായിരുന്ന നര്‍ഗീസ്, വൈജയന്തി മാല എന്നിവര്‍ മുതല്‍ ഐശ്വര്യാ റായുടെ തലമുറ വരെ ഗാന-നൃത്ത രംഗങ്ങളില്‍ ധരിച്ചിരുന്ന വേഷങ്ങള്‍, ആഭരണങ്ങള്‍, രാജ് കപൂറിന്റെ ‘മേരാ നാം ജോക്കറി’ലെ മാസ്ക്, ‘ജിസ് ദേശ് മേം ഗംഗാ ബെഹ്തീ ഹൈ’യിലെ തോക്കുകള്‍, ചിത്രങ്ങളുടെ പോസ്റ്റര്‍ മുതലായ പബ്ലിസിറ്റി മെറ്റീരിയല്‍, ‘ആവാര’, ‘സംഗം’, ബോബി’ എന്നീ ചിത്രങ്ങളില്‍ ഉപയോഗിച്ചിരുന്ന ഗ്രാന്‍ഡ്‌ പിയാനോ എന്നിവയെല്ലാം അഗ്നിക്കിരയായിരുന്നു.

 

രാജ് കപൂര്‍ കുടുംബത്തിലെ ഭൂരിഭാഗം പേരും സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കുന്നവരാണ്. മകന്‍ ഋഷി കപൂര്‍, അദ്ദേഹത്തിന്റെ മകന്‍ രണ്‍ബീര്‍ കപൂര്‍, റണ്‍ധീര്‍ കപൂറിന്റെ മക്കള്‍ കരിഷ്മയും കരീനയും എന്നിവരാണ് ഇതില്‍ പ്രധാനപ്പെട്ടവര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook