പാക്കിസ്ഥാനിൽ നിന്നും മോചിപ്പിക്കപ്പെട്ട് ഇന്ത്യൻമണ്ണിൽ തിരിച്ചെത്തിയ ഇന്ത്യൻ വ്യോമ സേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ലോകത്താകമാനമുള്ള ഇന്ത്യക്കാർ. അഭിനന്ദനെ അഭിനന്ദിച്ചും സുസ്വാഗതമോതിയുമൊക്കെ നിരവധി പേരാണ് രംഗത്തു വരുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയുമെല്ലാം അഭിനന്ദൻ സുരക്ഷിതനായി ഇന്ത്യയിൽ തിരിച്ചെത്തിയതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ. ധീരജവാന്റെ മടങ്ങിവരവിന് മമ്മൂട്ടി സ്വാഗതമോതിയപ്പോൾ മാതൃഭൂമിയിലേക്ക് തിരിച്ചെത്തിയ ധീരയോദ്ധാവിന് സല്യൂട്ട് അർപ്പിക്കുകയാണ് മോഹൻലാൽ. “ധീര ജവാനെ ഹൃദയം കൊണ്ട് വരവേൽക്കാം. അഭിനന്ദനങ്ങൾ അഭിനന്ദൻ. ശിരസ് ഉയർത്തിപ്പിടിച്ചതിന്, രാജ്യത്തിന്റെ അഭിമാനം വാനോളമെത്തിച്ചതിന്… എതിരാളിയെക്കൊണ്ട് സ്വാതന്ത്ര്യം എന്ന് പറയിച്ചതിന്,” എന്നാണ് മഞ്ജുവാര്യർ കുറിക്കുന്നത്.

വ്യാഴാഴ്ചയായിരുന്നു അഭിനന്ദനെ മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാക് പാർലമെന്റിനെ അറിയിച്ചത്. അതിർത്തിയിൽ സ്ഥിതിഗതികൾ ശാന്തമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാൻ പാക്കിസ്ഥാൻ തയ്യാറായത്.

സൂപ്പർസ്റ്റാറുകൾക്കു പിറകെ പൃഥിരാജ്, നിവിൻ പോളി, ജയസൂര്യ, ജയറാം എന്നിവരും അഭിനന്ദന്റെ മോചനത്തിൽ സന്തോഷം പങ്കുവെയ്ക്കുകയും അഭിനന്ദനം അർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വെളളിയാഴ്ച രാത്രി 9.20 ഓടെയാണ്​ പാകിസ്​താൻ റേഞ്ചേഴ്​സി​ന്റെ അകമ്പടിയോടെ അഭിനന്ദിനെ വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തിച്ചത്​. ഇന്ത്യയിലെത്തിയ അഭിനന്ദിനെ ബി.എസ്​.എഫ്​ ഏറ്റുവാങ്ങി. റെഡ് ക്രോസിൻെറ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. എയർ വൈസ് മാർഷൽസ്-ആർ.ജി.കെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവർ അഭിനന്ദിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ