മകന്‍ പ്രണവ് ആരെങ്കിലും ആകണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും അവന്‍ എന്താകരുത് എന്നതിനെക്കുറിച്ചു മാത്രമാണു താന്‍ ആലോചിച്ചിട്ടുള്ളതെന്നും മോഹൻലാല്‍. ബൈക്ക് അടക്കം അപകടത്തിന്റെതായ വലിയൊരു ലോകം അവന്റെ മുന്നിലുണ്ടായിരുന്നു. ലഹരിപോലുള്ള വിപത്തുകളുടെ ലോകവും കുട്ടികളുടെ വളരെ അടുത്താണല്ലോ. അവന് അതില്‍ എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. അതു രഹസ്യമായി സൂക്ഷിക്കാനും കഴിയുമായിരുന്നു. ആ വഴിയൊന്നും തിരഞ്ഞെടുത്തില്ല എന്നതു മാത്രമാണു സന്തോഷം. അവിടെക്കൊന്നും പോകരുതെന്നു മാത്രമാണു ആഗ്രഹിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

മകനെന്ന നിലയിലല്ലാതെ വ്യക്തി എന്ന നിലയില്‍ അപ്പു(പ്രണവ്)വിനെ കുറിച്ച് എന്തു തോന്നിയിട്ടുണ്ട് എന്ന ചോദ്യത്തിന് അപ്പു സ്ഫടികംപോലെ സുതാര്യമാണെന്നു തോന്നിയിട്ടുണ്ടെന്നായിരുന്നു ലാലിന്റെ മറുപടി. ശരിയല്ലെന്നു തോന്നുന്നത് അവന്‍ ചെയ്യില്ല. അതിനായി കള്ളം പറയില്ല. നുണപറഞ്ഞു എന്തെങ്കിലും ചെയ്യാമെന്നു ഒരിക്കലും കരുതിയിട്ടുണ്ടെന്നു തോന്നിയിട്ടില്ല. ഇന്ന് ഞങ്ങള്‍ക്കു നല്‍കാവുന്ന ചില സൗകര്യങ്ങളുണ്ട്. അതൊന്നുമില്ലെങ്കിലും സുഖമായി അപ്പു ജീവിക്കുന്നുണ്ട്.

‘കുട്ടിക്കാലത്തു മുതലെ അപ്പു ഹോസ്റ്റലിലാണു വളര്‍ന്നത്. ഒരു മുറിയില്‍ ഒതുങ്ങുന്ന സാധാരണ ജീവിതമാണു അവന്‍ അനുഭവിച്ചത്. ഞാന്‍ അഭിനയിച്ച സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴും അവന്‍ തിരഞ്ഞെടുത്തത് വളരെ പരിമിതമായ സൗകര്യമാണ്. അപ്പുവിന്റെ ലോകം എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകമായിരുന്നു. കൂടുതല്‍ വേണമെന്നവന്‍ പറഞ്ഞിട്ടുമില്ല. ഞങ്ങള്‍ ചോദിച്ചിട്ടുമില്ല’ മോഹന്‍ലാല്‍ പറയുന്നു.

ഞാന്‍ സിനിമയില്‍ ജീവിക്കാന്‍ വേണ്ടി വന്നുപോയ ആളല്ല. എന്താണെന്നു നോക്കി തിരിച്ചുപോകാന്‍ വന്നയാളാണ്. അപ്പോഴേക്കും എനിക്കു സിനിമകള്‍ വന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നു. അപ്പുവും അഭിനയിക്കാന്‍ വേണ്ടി വന്നയാളല്ല. അഭിനയിച്ചു നോക്കാന്‍വന്നതാണ്. അവനു ശരിയല്ലെന്നു തോന്നുന്ന നിമിഷം അവന്‍ വേറെ ഏതെങ്കിലും മേഖലയിലേക്കു കടക്കുമെന്നും മോഹന്‍ലാല്‍ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ