“പണ്ട് ശ്രീദേവിയുമായി ഒരു ഫോട്ടോ ഷൂട്ട്‌ ചെയ്തിട്ടുണ്ട്. ഞാന്‍ അന്നൊരു തുടക്കക്കാരന്‍, അവരാകട്ടെ ബോളിവുഡിലെ സ്വപ്ന സുന്ദരി. ഞാന്‍ വലിയ ടെന്‍ഷനിലായിരുന്നു. കാരണം ഞാന്‍ ശ്രീദേവിയുടെ മുന്നില്‍ എത്തിയാല്‍ രണ്ട് സെക്കന്റ്‌ പോലും അവര്‍ക്ക് വേണ്ടി വരില്ല, എനിക്ക് അവരോടുള്ള പ്രണയം തിരിച്ചറിയാന്‍. അത്രയ്ക്കായിരുന്നു ആരാധനയും സ്നേഹവും.”, ഇന്ന് 53 തികയുന്ന ബോളിവുഡ് താരം ആമിര്‍ ഖാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണിത്.

ബോളിവുഡിലെ എല്ലാ വലിയ താരങ്ങളോടോപ്പവും അഭിനയിച്ചിട്ടുള്ള ശ്രീദേവി ആമിര്‍ ഖാനോടൊപ്പം മാത്രമാണ് അഭിനയിച്ചിട്ടില്ലാത്തത്. ആമിറുമൊന്നിച്ചു ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം ശ്രീദേവി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. ആമിര്‍ ആകട്ടെ, ശ്രീദേവിയോടുള്ള തന്‍റെ ഇഷ്ടം ഒരിക്കലും മറച്ചു വച്ചിരുന്നുമില്ല.

‘കോഫീ വിത്ത്‌ കരണ്‍’ എന്ന ടോക്ക് ഷോയില്‍ ‘നിങ്ങളുമായി ബന്ധപ്പെടുത്തി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പേര്?’ എന്ന ചോദ്യത്തിന് ഒട്ടും ആലോചനയില്ലാതെ തന്നെ ആമിര്‍ മറുപടി പറഞ്ഞു, “ശ്രീദേവി’ എന്ന്.

ശ്രീദേവിയുടെ മരണ സമയത്ത് ലോസ് ഏന്‍ജല്‍സിലായിരുന്ന ആമിര്‍ മുംബൈയില്‍ മടങ്ങിയെത്തിയ ഉടനെ ബോണി കപൂറിന്റെ വസതിയില്‍ എത്തി അനുശോചനങ്ങള്‍ അറിയിച്ചിരുന്നു.

“ശ്രീദേവിയുടെ അകാല നിര്യാണത്തില്‍ ഞാന്‍ തീവ്രമായി ദുഖിക്കുന്നു. അവരുടെ വലിയ ഫാന്‍ ആണ് ഞാന്‍. സൗന്ദര്യം, സൗകുമാര്യം, അന്തസ്സ് എന്നിവ നിറഞ്ഞ അവരുടെ പെരുമാറ്റം വലിയ മതിപ്പുളവാക്കിയിരുന്നു. അവരുടെ കുടുംബത്തിനു എന്‍റെ അനുശോചനങ്ങള്‍. കോടിക്കണക്കിനു വരുന്ന ശ്രീദേവി ആരാധകരുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു. ഞങ്ങള്‍ എന്നും സ്നേഹ ബഹുമാനങ്ങളോടെ ഓര്‍ക്കും നിങ്ങളെ, ശ്രീ.”, ശ്രീദേവിയുടെ മരണ വാര്‍ത്ത അറിഞ്ഞു ആമിര്‍ ഖാന്‍ ട്വിറ്റെറില്‍ കുറിച്ച വാക്കുകളാണിവ.

ഇപ്പോള്‍ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുന്ന ആമിര്‍ ഖാന്‍ തന്‍റെ ഇന്ന് പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് രംഗപ്രവേശം നടത്തും എന്നും വാര്‍ത്തകളുണ്ട്. _aamirkhan എന്നൊരു വെരിഫൈഡ്‌ പ്രൊഫൈല്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ