മലയാള സിനിമയുടെ എക്കാലത്തേയും റൊമാന്റിക് നായകനാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ അദ്ദേഹത്തിന് റൊമാന്റിക് ഹീറോ ഇമേജ് മാറ്റി അല്‍പ്പം പരുക്കന്‍ വേഷങ്ങളും പറ്റും എന്ന് തെളിയിച്ച ചിത്രമായിരുന്നു ബിലഹരി സംവിധാനം ചെയ്ത അള്ള് രാമേന്ദ്രന്‍. ഇപ്പോഴിതാ ഒരിക്കല്‍ കൂടെ മറ്റൊരു വ്യത്യസ്ത വേഷവുമായി ചാക്കോച്ചന്‍ എത്തുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലറിലൂടെയാണ് ചാക്കോച്ചന്‍ മലയാളികളെ വിസ്മയിപ്പിക്കാന്‍ എത്തുന്നത്.

താനും മിഥുനും ഒരു ക്രൈം ത്രില്ലര്‍ ചെയ്യുന്നു എന്ന് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടുവെന്നും എന്നാല്‍ ഇരുവരുടേയും പ്രിയപ്പെട്ട ജോണര്‍ ക്രൈം ത്രില്ലര്‍ ആണെന്നും ചാക്കോച്ചന്‍ പറയുന്നു.

“ഒരു സിബിഐ ഡയറി കുറിപ്പ് പുറത്തിറങ്ങിയ കാലത്ത് ഞാന്‍ മമ്മുക്കയെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. വീട്ടില്‍ ഞാന്‍ അദ്ദേഹത്തെപ്പോലെ ഒരു കാവി മുണ്ടൊക്കെ ഉടുത്ത് നടക്കും. സിനിമയിലെന്നപോലെ, എന്റെ സ്‌കൂള്‍ യൂണിഫോമിന്റെ ട്രൗസറിനുള്ളില്‍ ഞാന്‍ ഒരു രഹസ്യ പോക്കറ്റ് തുന്നിക്കെട്ടി എന്റെ ഫോട്ടോയും വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ‘രഹസ്യ ഐഡി കാര്‍ഡ്’ കൊണ്ടുനടക്കാറുണ്ടായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം അത് എടുക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ എന്തെല്ലാം ആയിത്തീരാന്‍ ആഗ്രഹിച്ചിട്ടുണ്ടോ, ആ വേഷങ്ങളെല്ലാം ഞാന്‍ എന്റെ സിനിമകളിലൂടെ ചെയ്തു,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

Read More: അവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവില്ല; കുഞ്ചാക്കോ ബോബൻ

അഞ്ചാം പാതിര എന്ന സിനിമയുടെ കഥ മിഥുൻ മാനുവൽ തോമസ് പറഞ്ഞു തന്നപ്പോൾ, മറ്റുള്ളവരെ പോലെ തനിക്കും അതിഷ്ടമായെന്ന് ചാക്കോച്ചൻ പറയുന്നു.
“കഥയിലെ അടുത്ത നീക്കങ്ങൾ കണ്ടു പിടിക്കാൻ മാത്രം സമർത്ഥനാണ് ഞാൻ എന്നായിരുന്നു എന്റെ വിശ്വാസം. എന്നാൽ ഓരോരോ സർപ്രൈസുകളിലൂടെ മിഥുൻ എന്നെ ഞെട്ടിച്ചു. അതുപോലത്തെ ട്വിസ്റ്റുകളാണ് കാത്തുവച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ ഷിജു ഖാലിദ്, സംഗീത സംവിധായകൻ സുഷിൻ ശ്യാം, എഡിറ്റർ സൈജു ശ്രീധരൻ എന്നിവരുൾപ്പെടെയുള്ള നല്ലൊരു ടീമും ഈ ചിത്രത്തിനു പിന്നലുണ്ട്. കഥയിൽ ഒരുപാട് ആശ്ചര്യകരമായ ഘടകങ്ങളും ആവേശകരമായ നിമിഷങ്ങളുമുണ്ട്,” ചാക്കോച്ചൻ വ്യക്തമാക്കി.

ഐഡി എന്ന ചിത്രത്തിന്റെ സംവിധായകൻ കമൽ കെ.എം ഒരുക്കുന്ന പട എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 1996 ൽ പാലക്കാട് ജില്ലാ കളക്ടർ ഡബ്ല്യു ആർ റെഡ്ഡിയെ അയ്യങ്കാളി പടയിലെ നാല് അംഗങ്ങൾ ചേർന്ന് ഒമ്പത് മണിക്കൂർ ബന്ദികളാക്കിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പട ഒരുക്കുന്നത്. ഈ നാലംഗ സംഘത്തിലെ ഒരാളായാണ് ചാക്കോച്ചൻ എത്തുന്നത്.

വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, ടി ജി രവി, സലിം കുമാർ എന്നിവരും പടയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook