ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസമായി മാറിയ ചിത്രമായിരുന്നു ബാഹുബലി. വിസ്മിപ്പിച്ച പോരാളി. പ്രജാക്ഷേമ തല്പരനായ രാജാവ്. ധര്‍മ്മത്തിനു വേണ്ടി നിലകൊണ്ട മനുഷ്യന്. നായക കഥാപാത്രമായ ബാഹുബലിയായി സ്ക്രീനില്‍ തിളങ്ങുകയായിരുന്നു പ്രഭാസ്. എന്നാല്‍ ക്യാമറയ്ക്കു മുന്നില്‍ നില്ക്കാന് പോലും കരുതുമെന്ന് താന്‍ കരുതിയതല്ലെന്നാണ് പ്രഭാസ് പറയുന്നത്.
പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പോകുന്നതും ടെലിവിഷന്‍ അഭിമുഖങ്ങളുമൊക്കെ തനിക്ക് ആകെ ചമ്മലുള്ള ഏര്‍പ്പാടാണെന്നാണ് താരം പറയുന്നത്. തന്റെ സിനിമ എല്ലാവരും വന്ന് കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും തനിക്ക് ആളുകളെ അഭിമുഖീകരിക്കാന്‍ മടിയാണെന്ന്. 14 വര്‍ഷത്തോളമായി സിനിമയിലുണ്ടെങ്കിലും ഇതുവരെ സ്റ്റാര്‍ഡം കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നും പ്രഭാസ് പറഞ്ഞു.
തങ്ങളുടെ താരം ഇങ്ങനെയൊരു നാണം കുണുങ്ങി ആണെന്നറിഞ്ഞാല്‍ ആരാധകര്‍ എന്തു വിചാരിക്കമെന്നറിയില്ലെന്നു പറഞ്ഞ പ്രഭാസ്, താന്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ ഭേദമാണെന്നും കൂട്ടിച്ചേര്‍ത്തു.
തന്റെ അച്ഛനും അമ്മാവനും അഭിനേതാക്കളായിരുന്നെന്നും തന്നോട് താത്പര്യമുണ്ടെങ്കില്‍ അഭിനിക്കാന്‍ പറഞ്ഞപ്പോള്‍ ‘ഇത്രയും ആളുകളുടെ മുന്നില്‍ എങ്ങനെയാണ് ഒരാള്‍ക്ക് അഭിനയിക്കാന്‍ കഴിയുക’ എന്നായിരുന്നു തന്റെ മറുപടി എന്നും പ്രഭാസ് ഓര്‍ക്കുന്നു. ജോലികള്‍ ചെയ്യാന്‍ തനിക്ക് മടിയാണെന്നും അതിനാല്‍ ബിസിനസായിരുന്നു താത്പര്യമെന്നും പ്രഭാസ് വെളിപ്പെടുത്തി.